
ധോലക്പുരിലെ രാജാവായ ഇന്ദ്രവര്‍മനെ കാണാന്‍ ഒരു ദിവസം രണ്ട് വിദേശികളെത്തി. ഒരു വെല്ലുവിളിയുമായാണ് അവരെത്തിയത്.തങ്ങളുടെ കൂട്ടത്തിലുള്ള സമുറായ് സാം എന്ന പോരാളിയോട് യുദ്ധം ചെയ്ത് ജയിക്കുക. അല്ലെങ്കില്‍ വലിയൊരു തുക കപ്പമായി നല്‍കുക.ഇന്ദ്രവര്‍മന്റെ പേരുകേട്ട പടയാളികളെല്ലാം സാമിന്റെ മുന്നില്‍ മുട്ടുമടക്കി. ഇനി എന്തു ചെയ്യും? രാജ്യം പോയതു തന്നെ. ഒരേയൊരു രക്ഷാമന്ത്രമാണ് എല്ലാവരുടെ നാവിലും ഉയര്‍ന്നത്'ഭീം'. സമയം കളയാതെ ഭീം ഗോദയിലിറങ്ങി. സാമിന്റെ വാളിന്റെ തിളക്കം തന്റെ കണ്ണ്മഞ്ഞളിപ്പിക്കാതിരിക്കാന്‍ കണ്ണുകെട്ടിയാണ് ഭീമിന്റെ പുറപ്പാട്.
ആളുകളെല്ലാം ശ്വാസമടക്കിപ്പിടിച്ചു നോക്കിനിന്നു. ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോഴുണ്ട് ഭയങ്കരന്‍ സാമിന്റെ വാള്‍ ആകാശത്തേക്കു പറക്കുന്നു. ഒറ്റച്ചവിട്ട്! ദാ, കിടക്കുന്നു ഇന്ദ്രവര്‍മന്റെ പടയാളികളെ മൊത്തം വിറപ്പിച്ച സമുറായി സാം നിലത്ത്. ഭീമിന്റെ സാഹസം കണ്ട് എല്ലാവരും കൈയടിച്ചു. ഇത്രയും വായിച്ചപ്പോള്‍, നല്ല തണ്ടും തടിയുമുള്ള ഒരു മല്ലനാണ് ഭീമെന്ന് കരുതിയോ? എങ്കില്‍ തെറ്റി. ഒന്‍പതു വയസ്സുള്ള ഒരു പീക്കിരിപ്പയ്യനാണ് താരം. ഛോട്ടാ ഭീം എന്ന പേരില്‍ കുരുന്നു മനസ്സുകളെ മുഴുവന്‍ കൈയിലെടുത്ത ഈ മിടുക്കന്‍, പോഗോ ചാനല്‍ സംപ്രേഷണം ചെയ്യുന്ന കാര്‍ട്ടൂണ്‍ പരമ്പരകളില്‍ ഇപ്പോള്‍ സൂപ്പര്‍ഹിറ്റാണ്.
അസാധാരണ ശക്തിയും ബുദ്ധിസാമര്‍ഥ്യവും ധൈര്യവുമുള്ള കുട്ടിയാണ് ഭീം. ഏതാണ്ട് 2000വര്‍ഷം മുന്‍പുള്ള ഭാരതത്തിലെ ധോലക്പുര്‍ എന്ന രാജ്യത്താണ് ഭീം ജീവിക്കുന്നത്. എപ്പോഴും എല്ലാവര്‍ക്കും ഉപകാരിയാണ് അവന്‍. അതുകൊണ്ടു തന്നെ എല്ലാവര്‍ക്കും അവനെ വലിയ ഇഷ്ടവുമാണ്. എന്തു പ്രശ്‌നത്തിനും പരിഹാരം കാണാന്‍ ഭീമിന് ഒരു പ്രത്യേക കഴിവുതന്നെയുണ്ട്. മനുഷ്യര്‍ക്കു മാത്രമല്ല പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും പ്രകൃതിക്കുമെല്ലാം ഭീം ചങ്ങാതിയാണ്. ഇന്ദ്രവര്‍മരാജാവിനും മകള്‍ ഇന്ദുമതിക്കും ഭീമിനെ വലിയ മതിപ്പും വിശ്വാസവുമാണ്.
ഭീമിന്റെ ഉറ്റ ചങ്ങാതിമാരാണ് രാജുവും ജഗ്ഗുവും ചുട്ക്കിയും. നല്ല മധുരമുള്ള ലഡു ഭീമിന്റെ ഒരു വീക്ക്‌നെസ് ആണ്. അത് കഴിക്കുമ്പോഴൊക്കെ അവന് വല്ലാത്തൊരു ഊര്‍ജവും ശക്തിയും കിട്ടാറുമുണ്ട്. ഏഴുവയസ്സുള്ള ബുദ്ധിമതിയായ പെണ്‍കുട്ടിയാണ് ചുട്ക്കി. ലഡു മോഷ്ടിച്ച കേസിലും മറ്റും ഭീമിന് അമ്മയില്‍ നിന്ന് ശകാരം കിട്ടാതിരിക്കാനായുള്ള അവളുടെ പരിശ്രമം കണ്ടാലറിയാം ഭീം അവള്‍ക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന്. ചുട്ക്കിയുടെ അമ്മയുടെ കടയില്‍ നിന്നാണ് ഭീം ലഡു മോഷ്ടിക്കുക.
രാജ്യത്തെ സേനാപതിയുടെ പുത്രനാണ് നാലുവയസ്സുകാരന്‍ രാജു. ആള്‍ ഇത്തിരിയേ ഉള്ളൂവെങ്കിലും നല്ല ധൈര്യശാലിയാണ്. ഭീമാണ് ഇവന്റെ റോള്‍ മോഡല്‍. ഭീമിനു വേണ്ടി എന്തും ചെയ്യും. വലുതാവുമ്പോള്‍ അച്ഛനെപ്പോലെ സേനാപതിയാവണമെന്നാണ് അവന്റെ മോഹം. സംസാരിക്കുന്ന ഒരു കുരങ്ങച്ചനാണ് ജഗ്ഗു. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ തന്റേതായ ശൈലിയില്‍ ചില സൂത്രപ്പണികള്‍ കൊണ്ട് രസകരമായി അവ പരിഹരിക്കാനും മിടുക്കനാണിവന്‍. ചിലപ്പോഴെല്ലാം ലഡു മോഷ്ടിക്കാന്‍ ഭീമിന് ഒത്താശ ചെയ്തുകൊടുക്കാനും മടിയില്ല.
ഇനി ഭീമിന്റെ എതിരാളി ഒരാളുണ്ട് കാലിയ.
നാട്ടില്‍ ഭീമിനുള്ള നല്ലപേര് സഹിക്കാന്‍ വയ്യാതെ എങ്ങനെയും അവനെ തളയ്ക്കാന്‍ നടക്കുകയാണ് കക്ഷി.പത്തോ പതിനൊന്നോ വയസ്സ് പ്രായം, പൊണ്ണത്തടി. കൂടെക്കൂടെ സ്വയം പുകഴ്ത്തിപറയുന്നത് ഇവന്റെ ഒരു ദുശ്ശീലമാണ്. എപ്പോഴും കാലിയയുടെ ഇടവും വലവും നടക്കുന്നവരാണ് ഡോലുവും ഭോലുവും. കണ്ടാല്‍ ഒരേപോലെ. വേഷവും അങ്ങനെത്തന്നെ. നാടിന്റെ രക്ഷയ്ക്കുവേണ്ടി ചിലപ്പോഴിവര്‍ ഭീമിനൊപ്പവും നില്‍ക്കാറുണ്ട്. ഭീമിനെ വീഴ്ത്താനുള്ള ഇവരുടെ ശ്രമങ്ങളെല്ലാം ഒടുവില്‍ ഇവര്‍ക്കു തന്നെ പാരയായി വരുന്നതും പതിവാണ്.
വിദേശകാര്‍ട്ടൂണുകളുടെ തിക്കിനും തിരക്കിനും ഇടയിലും കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട് കൊച്ചു ഭീം കുട്ടിമനസ്സുകളില്‍ ഹീറോയായി. ഭീമിന്റെ പ്രായവും കഴിവുകളും വിശാലമനസ്‌കതയുമെല്ലാം കുട്ടികളിലുണ്ടാക്കിയിരിക്കുന്ന ചലനം ചെറുതല്ല. കൊച്ചുഭീമിന്റെയും കൂട്ടുകാരുടെയും സാഹസങ്ങള്‍ ത്രസിപ്പിക്കുമ്പോള്‍ കാലിയയുടെയും കൂട്ടരുടെയും അബദ്ധങ്ങളും മണ്ടത്തരങ്ങളും ചിരിയുടെ അമിട്ട് പൊട്ടിക്കുന്നു.
ഇംഗ്ലീഷ് -ഹിന്ദി എന്നിങ്ങനെ രണ്ട് ഭാഷകളിലുണ്ട് ഈ കാര്‍ട്ടൂണ്‍ പരമ്പര.ആന്ധ്രാപ്രദേശിലെ ഗ്രീന്‍ ഗോള്‍ഡ് ആനിമേഷന്‍സ് നെെ്രപവറ്റ് ലിമിറ്റഡ് ആണ് ഭീമിന് രൂപം കൊടുത്തിരിക്കുന്നത്. ഭീമിനെയും കൃഷ്ണനെയും കഥാപാത്രങ്ങളാക്കിക്കൊണ്ട് രണ്ട് ആനിമേഷന്‍ സിനിമകളും പുറത്തു വന്നിട്ടുണ്ട്. 'ഛോട്ടാ ഭീം ഔര്‍ കൃഷ്ണ' യും 'ഛോട്ടാ ഭീം ഔര്‍ കൃഷ്ണ:പാടലീപുത്ര സിറ്റി ഓഫ് ഡെത്ത്' ഉം ആണ് അവ.