തടിയന്റവിട നസീര്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസില്‍ താമസിച്ചുവെന്ന് സര്‍ക്കാര്‍

കൊച്ചി: തീവ്രവാദക്കേസുകളില്‍ പ്രതിയാക്കപ്പെട്ടിട്ടുള്ള തടിയന്റവിട നസീര്‍ മുമ്പ് പോപ്പുലര്‍ ഫ്രണ്ടിന്റെ ആലുവയ്ക്കടുത്തുള്ള ജില്ല ആസ്ഥാനത്ത് താമസിച്ചതായി രേഖകള്‍ ലഭിച്ചുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്റെ കൈവെട്ടിയ കേസിലെ ചില പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത രേഖയിലാണ് കുഞ്ഞുണ്ണിക്കരയിലെ പെരിയാര്‍വാലി ഹൗസില്‍ നസീര്‍ താമസിച്ചതിന്റെ വിവരം കണ്ടെത്തിയത്.
നിരോധിത സംഘടനയായ സിമിയുടെ ലഘുലേഖകളും ചില പ്രതികളില്‍ നിന്ന് കണ്ടെടുത്തുവെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇത്തരം രേഖകളുടെ അടിസ്ഥാനത്തില്‍ കൈവെട്ടു കേസില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം തടയുന്ന നിയമപ്രകാരമുള്ള വകുപ്പുകള്‍ ചേര്‍ത്തിട്ടുണ്ടെന്നും അഡീഷണല്‍ ഡിജിപി എന്‍. സുകുമാരന്‍ അറിയിച്ചു. കൈവെട്ടു കേസിലെ ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണിത്. വാദം പൂര്‍ത്തിയായ ഹര്‍ജികള്‍ ജസ്റ്റിസ് വി. രാംകുമാര്‍ വിധി പറയാനായി മാറ്റിയിട്ടുണ്ട്.
ഏഴാം പ്രതി കമറുദ്ദീന്‍, പത്താം പ്രതി ലത്തീഫ്, 11-ാം പ്രതി മൊയ്തീന്‍കുട്ടി, 12-ാം പ്രതി ഷിയാസ്, 13-ാം പ്രതി മുഹമ്മദാലി, 15-ാം പ്രതി ഷിയാസ്, 16-ാം പ്രതി സിക്കന്തര്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്.
കേസില്‍ ആകെ 51 പ്രതികളുണ്ടെന്നും കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത രണ്ടുപേര്‍ ഉള്‍പ്പെടെ 21 പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. പ്രതികളെല്ലാം പോപ്പുലര്‍ ഫ്രണ്ടിന്റെയോ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെയോ ഭാരവാഹികളോ അംഗങ്ങളോ ആണ്.
സ്വന്തമായ നിയമവും മറ്റുമുള്ള തീവ്രവാദ ഗ്രൂപ്പിനെപ്പോലെയാണ് പ്രതികളുടെ പ്രവര്‍ത്തനം. ആക്രമിക്കപ്പെട്ട പ്രൊഫസറുടെ പേരിലുള്ള കുറ്റത്തിന് കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അത് അംഗീകരിക്കാത്ത മട്ടിലാണ് പ്രതികള്‍ പെരുമാറിയത്. സാമുദായിക സ്പര്‍ധ ഉണ്ടാക്കുകയും രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കുകയും ചെയ്യും വിധമാണിത്.
വെവ്വേറെ സംഘങ്ങളായി തിരിഞ്ഞ് തികച്ചും ആസൂത്രിതമായാണ് കുറ്റകൃത്യം നടപ്പാക്കിയതെന്നാണ് മൊഴികളില്‍ നിന്ന് വ്യക്തമാവുന്നത്. കുറ്റകൃത്യം നടത്താനും പ്രതികളെ ഒളിപ്പിക്കാനും സാമ്പത്തിക, നിയമ, വൈദ്യസഹായം ഒരുക്കാനും സാക്ഷികളെ തടയാനും തെളിവ് ഇല്ലാതാക്കാനുമൊക്കെ പ്രത്യേക സംഘങ്ങള്‍ പരസ്പരം അറിയാതെയാണ് പ്രവര്‍ത്തിച്ചത്. അഞ്ചാം പ്രതി നാസറാണ് എല്ലാ സംഘത്തെയും അറിയാവുന്ന മുഖ്യ സൂത്രധാരനായി പ്രവര്‍ത്തിച്ചത് എന്നാണ് പോലീസിന്റെ നിഗമനം. അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്താന്‍ വരെ സംഘത്തിലുള്ളവര്‍ ധൈര്യപ്പെട്ടുവെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.