
കൊച്ചി: അന്യസംസ്ഥാന ലോട്ടറി ഉള്‍പ്പെടെ എല്ലാ ലോട്ടറികള്‍ക്കും ആഴ്ചയില്‍ ഒരു നറുക്കെടുപ്പ് മതിയെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിന് ഡിവിഷന്‍ ബെഞ്ച് സ്റ്റേ അനുവദിച്ചില്ല.
ഒരാഴ്ച ഒരു നറുക്കെടുപ്പിനുള്ള മുന്‍കൂര്‍ നികുതി മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിന് അടയ്ക്കാവുന്നതാണെന്ന് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനും ജസ്റ്റിസ് പി. ഭവദാസനുമുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. അപ്പീലില്‍ അടുത്തവാദം കേള്‍ക്കും വരെയാണിത്. സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ പ്രൊമോട്ടര്‍മാരായ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ അപ്പീലിലാണ് ഇടക്കാല ഉത്തരവ്.
ലോട്ടറിയുടെ നറുക്കെടുപ്പ് ആഴ്ചയില്‍ ഒന്നാക്കി പരിമിതപ്പെടുത്തിയ സിംഗിള്‍ ബെഞ്ച് തീരുമാനത്തോട് വിയോജിപ്പില്ലെങ്കിലും മുന്‍കൂര്‍ നികുതി സ്വീകരിക്കണമെന്ന നിര്‍ദേശത്തെ ചോദ്യം ചെയ്ത് അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇത് തയ്യാറാക്കി വരികയാണ്. സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിക്കും മുമ്പ് മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ അപ്പീലിലെ ഇടക്കാലാവശ്യം അനുവദിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി സുപ്രീംകോടതിയിലെ അഭിഭാഷകനായ എല്‍. നാഗേശ്വരറാവു വാദിച്ചു. ഇക്കാര്യം പരിഗണിച്ചാണ് സ്റ്റേ ആവശ്യം അനുവദിക്കേണ്ടതില്ലെന്ന് അപ്പീലില്‍ പ്രാരംഭവാദം കേട്ട ഡിവിഷന്‍ ബെഞ്ച് തീരുമാനിച്ചത്.
അപ്പീലിലെ അന്തിമവിധി മേഘയ്ക്ക് അനുകൂലമായി വന്നാല്‍ മുന്‍കൂര്‍ നികുതി പൂര്‍ണമായി യഥാസമയം അടയ്ക്കാത്തത് കാലതാമസമായി കണക്കാക്കരുത്. ഇപ്പോള്‍ മുന്‍കൂര്‍ നികുതി ഒടുക്കുന്നത് താത്ക്കാലികമാണെന്നും കോടതി വ്യക്തമാക്കി.
അന്യസംസ്ഥാന ലോട്ടറിയുടെ പ്രൊമോട്ടര്‍മാരെപ്പറ്റി ചില പരാതികള്‍, നിവേദനങ്ങള്‍, കേന്ദ്ര സര്‍ക്കാരുമായി നടന്ന കത്തിടപാടുകള്‍ എന്നിവയെ ആധാരമാക്കിയാണ് മുന്‍കൂര്‍ നികുതി സംബന്ധിച്ച് പ്രശ്‌നം ഉന്നയിച്ചതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അന്യസംസ്ഥാന ലോട്ടറിയുടെ പ്രൊമോട്ടര്‍മാര്‍ മേഘയാണോ അതോ മോണിക്ക എന്റര്‍പ്രൈസസാണോ എന്നതു സംബന്ധിച്ച് ആശയക്കുഴപ്പവും നിലനില്‍ക്കുന്നുണ്ട്. ഇതാണ് മുന്‍കൂര്‍ നികുതി സ്വീകരിക്കുന്നതിനുള്ള തടസ്സം. ഈ പ്രശ്‌നം തീര്‍പ്പാക്കാതെ ഇടക്കാല ഉത്തരവ് നല്‍കരുതെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.
ഒരു സംസ്ഥാന ലോട്ടറിക്ക് 24 സ്‌കീം വരെയാകാമെന്നാണ് 2010ലെ കേന്ദ്ര റഗുലേഷനില്‍ പറയുന്നതെന്നാണ് മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിനുവേണ്ടി സുപ്രീംകോടതിയിലെ അഭിഭാഷകനായ സി.പി. സുന്ദരം വാദിച്ചത്. ഇവയ്ക്ക് ആഴ്ചയില്‍ ഒരു നറുക്കെടുപ്പാവാം എന്നാണ് മേഘയുടെ നിലപാട്. എന്നിരിക്കേ, ഒരു ലോട്ടറിക്ക് ആഴ്ചയില്‍ ഒരു നറുക്കെടുപ്പേ ആകാവൂ എന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് നിയമത്തിന്റെയും ചട്ടത്തിന്റെയും തെറ്റായ വ്യാഖ്യാനമാണെന്നാണ് അപ്പീലിലെ വാദം.
മുന്‍കൂര്‍ നികുതി സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേ നറുക്കെടുപ്പിന്റെ എണ്ണം സംസ്ഥാന സര്‍ക്കാരോ മറ്റാരെങ്കിലുമോ ചോദ്യം ചെയ്തിരുന്നില്ലെന്നും മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് വാദിച്ചു. എല്ലാം ശരിയായി നടക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സിംഗിള്‍ ബെഞ്ച് റിട്ടധികാരം ഉപയോഗപ്പെടുത്തിയതാകുമെന്നായിരുന്നു ഡിവിഷന്‍ ബെഞ്ച് ഈ ഘട്ടത്തില്‍ അഭിപ്രായപ്പെട്ടത്.
മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ അപ്പീലിനെ എതിര്‍ത്ത് അതില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശികളായ സുള്‍ഫിക്കറും എം.സുരേഷ്‌കുമാറും കോടതിയിലെത്തി. നിയമങ്ങള്‍ ലംഘിച്ചാണ് അന്യസംസ്ഥാന ലോട്ടറികള്‍ നറുക്കെടുപ്പ് നടത്തുന്നതെന്ന് ബോധ്യമായിട്ടും അത് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ അവര്‍ക്കുള്ള അധികാരം വിനിയോഗിക്കുന്നില്ല എന്നാണ് ഹര്‍ജിക്കാര്‍ക്കുവേണ്ടി അഡ്വ. കെ. രാംകുമാര്‍ ബോധിപ്പിച്ചത്.
അന്യസംസ്ഥാന ലോട്ടറികള്‍ സംസ്ഥാനത്തെ പാവപ്പെട്ടവരെ കൊള്ളയടിക്കുകയാണ്. മുന്നില്‍ പൂജ്യം ചേര്‍ത്ത് നിരോധിതമായ ഒറ്റ അക്ക ലോട്ടറികള്‍ വരെ ഇറക്കുന്നുണ്ടെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.