എസ്. ഹരികുമാര്‍

വള്ളികുന്നം(കായംകുളം): ഷെരീഫാ ബീവിക്കു സമീപം ഇപ്പോള്‍ മേളക്കാരില്ല; പകരം മണ്‍പാത്രങ്ങളാണ്. യാഥാസ്ഥിതികതയുടെ കെട്ടുമുറിച്ച് കലയുടെ വഴിയേ പോയ പഴയകാല കാഥിക ഷെരീഫാബീവിക്ക് ജീവിതത്തിന്റെ കുരുക്കഴിക്കാനാവുന്നില്ല. നിത്യവൃത്തി കഴിക്കാന്‍ നൂറനാട്ടെ ഗ്രാമച്ചന്തയില്‍ മണ്‍പാത്രവില്‍പ്പനക്കാരിയാണിപ്പോള്‍.
മുതുകാട്ടുകരയിലുള്ള കൊച്ചുവീട്ടില്‍ ഭര്‍ത്താവ് അബ്ദുള്‍ഖാദറിനൊപ്പം കഴിയുന്ന ഷെരീഫാബീവിക്ക് മണ്‍പാത്രവില്പനകൊണ്ട് ജീവിതം മുന്നോട്ടു തള്ളാനാവില്ല. ആസ്ത്മയും വാതവും അലട്ടുന്ന 73കാരിയായ ഷെരീഫാ ബീവിക്കും വാര്‍ധക്യസഹജമായ അസുഖത്താല്‍ വിഷമിക്കുന്ന 78കാരനായ അബ്ദുള്‍ഖാദറിനും ഒരാഴ്ച 300 രൂപയുടെ മരുന്ന് വേണം. ആഴ്ചയില്‍ രണ്ടു ദിവസം മാത്രമാണ് ഗ്രാമച്ചന്ത. പാത്രം വിറ്റുകിട്ടുന്ന വരുമാനം ആഴ്ചയില്‍ 100 രൂപയില്‍ കവിയില്ല. നല്ലവരായ ആളുകളുടെ സഹായം കൊണ്ട് എങ്ങനെയൊക്കെയോ കഴിഞ്ഞുപോവുന്നുവെന്ന് മാത്രം.
1957ല്‍ ആറാം ക്ലാസ്സില്‍ പഠനം ഉപേക്ഷിച്ചാണ് ഷെരീഫാബീവി കഥാപ്രസംഗരംഗത്ത് അരങ്ങേറ്റം കുറിച്ചത്. 'ഭക്തകുചേല' ആയിരുന്നു ആദ്യകഥ. 'ഗുരുദേവന്‍' കഥയുമായി ഗുരുസമാധിയായ ശിവഗിരിയില്‍ എത്തിയതും സാംബശിവനെ അനുകരിച്ച് മലയാളിമനസ്സില്‍ പതിഞ്ഞ വയലാറിന്റെ ആയിഷ, ചങ്ങമ്പുഴയുടെ വത്സല, തിരുനല്ലൂര്‍ കരുണാകരന്റെ റാണി എന്നീ കഥകള്‍ കഥാപ്രസംഗരൂപത്തില്‍ നിരവധിതവണ അവതരിപ്പിച്ചതും ഷെരീഫാബീവിക്ക് ഓര്‍മ്മയുണ്ട്.
ഉത്സവവേദികളില്‍ കാഥിക ഷെരീഫാബീവിയുടെ കഥാപ്രസംഗം നിര്‍ബന്ധ പരിപാടിയായി ഉള്‍പ്പെടുത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. തലയില്‍ തട്ടമിട്ട സ്ത്രീയെ വേദിയില്‍ കാണുമ്പോള്‍ സദസ്സിലുള്ളവര്‍ ആദ്യമൊക്കെ അത്ഭുതപ്പെട്ടു. വാക്ചാതുരിയും സംഗീതസാന്ദ്രമായ ശബ്ദമാധുര്യവും കൊണ്ട് ഷെരീഫ സദസ്സിലുള്ളവരെ നിമിഷങ്ങള്‍ക്കുള്ളിലാണ് കൈയിലെടുത്തിരുന്നത്.
യാഥാസ്ഥിതിക മുസ്‌ലിം തറവാട്ടില്‍നിന്നുള്ള പെണ്‍കുട്ടി കഥാപ്രസംഗം പഠിക്കുന്നതിനെ ബന്ധുക്കളും ചില സമുദായാംഗങ്ങളും ശക്തമായി എതിര്‍ത്തതാണ്. പക്ഷേ, ഷെരീഫാബീവിയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ എതിര്‍പ്പുകള്‍ ഇല്ലാതായി. ബാപ്പ അലാവുദ്ദീനായിരുന്നു ഷെരീഫയുടെ ശക്തി. മകള്‍ കലാരംഗത്തു മുന്നേറുന്നത് അലാവുദ്ദീന്‍ അഭിമാനത്തോടെയാണു നോക്കിക്കണ്ടത്. വിവാഹശേഷം ഭര്‍ത്താവ് അബ്ദുള്‍ഖാദറിന്റെ പിന്തുണയും താങ്ങായി. മുള്ളിക്കുളങ്ങര വേലായുധന്‍പിള്ളസാറിന്റെ ശിഷ്യയായി കലാജീവിതം തുടങ്ങിയ ഇവര്‍ 'ഭക്തകുചേല' മുതല്‍ മൊയ്തീന്‍ വൈദ്യരുടെ 'ബദറുല്‍മുനീര്‍' വരെ നിരവധി കഥകള്‍ വേദിയില്‍ അവതരിപ്പിച്ചു. ഗഫൂര്‍ വട്ടപ്പിള്ളിയുടെ 'ബീവി അസൂറ', കാളിദാസന്റെ 'ശാകുന്തളം', എ.എം.സാഹിബിന്റെ 'ജമീല', 'നബിചരിത്രം', 'യസീദിന്റെ അന്ത്യം', മുതുകുളം സോമനാഥിന്റെ 'സൈന', 'ശ്രീനാരായണഗുരു' എന്നിവയാണ് ഷെരീഫ വേദികളില്‍ അവതരിപ്പിച്ച എടുത്തുപറയത്തക്ക മറ്റു കഥകള്‍.
കടുത്ത ആസ്ത്മ വകവയ്ക്കാതെയാണ് ബീവി കഥാപ്രസംഗ വേദികളില്‍ നിറഞ്ഞുനിന്നത്. ഒരുദിവസം രണ്ടും മൂന്നും സ്റ്റേജുകള്‍ അന്നു ബീവിക്കായി കാത്തിരുന്നു. ഇത് രോഗം മൂര്‍ച്ഛിക്കാന്‍ ഇടയാക്കി. ഒടുവില്‍ 1973ല്‍ വേദികളില്‍നിന്ന് താത്കാലികമായി പിന്മാറി. പക്ഷേ, പിന്നീടൊരിക്കലും കഥപറയാന്‍ ബീവിക്കു കഴിഞ്ഞില്ല. ഇതിനകം ഭര്‍ത്താവ് അബ്ദുള്‍ഖാദര്‍ രോഗശയ്യയിലായി. തന്റെ രോഗത്തിന്റെ ദുരിതങ്ങള്‍ക്കൊപ്പം ഭര്‍ത്താവിന്റെ ചികിത്സച്ചെലവും കണ്ടെത്തേണ്ടിവന്നതിനാല്‍ ബീവി വീടിനടുത്തുള്ള ഗ്രാമച്ചന്തയില്‍ കച്ചവടത്തിനിറങ്ങുകയായിരുന്നു.
അവശകലാകാരന്മാര്‍ക്കുള്ള പെന്‍ഷനായി 550 രൂപ കിട്ടുന്നുണ്ട്. എല്ലാംകൂടി ചേര്‍ത്താലും ഇരുവര്‍ക്കുംകൂടി ഒരുമാസത്തെ മരുന്നിനു പോലും തികയില്ല. കഥകളിലൂടെ വേദികളില്‍ ആയിരങ്ങള്‍ക്ക് പുതുവെളിച്ചം പകര്‍ന്നുനല്‍കിയ ഷെരീഫാബീവി ജീവിതം കഴിച്ചുകൂട്ടാന്‍ നന്നേ ബുദ്ധിമുട്ടുകയാണ്. പ്രായാധിക്യത്തിന്റെ അവശതകളുണ്ടെങ്കിലും കച്ചവടത്തിനു പോകാതെ ജീവിക്കാന്‍ കഴിയില്ലെന്ന് ഇവര്‍ പറയുന്നു.
ചന്തയില്‍ കൂനിക്കൂടി ഇരിക്കുമ്പോഴും ഷെരീഫയുടെ മനസ്സില്‍ ഒരാഗ്രഹം ബാക്കിയാണ്- നിറഞ്ഞ സദസ്സിനു മുന്നില്‍ ഒരിക്കല്‍ക്കൂടി കഥപറയണം.