ഐ.ആര്‍.സി.ടി.സി. ജീവനക്കാരുടെ ഭാവി അനിശ്ചിതത്വത്തില്‍
Posted on: 03 Sep 2010
സി.കെ. സന്തോഷ്
മുംബൈ: ഇന്തന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനില്‍ (ഐ.ആര്‍.സി.ടി.സി.) നിന്ന് കാറ്ററിങ് സര്‍വീസ് റെയില്‍വേ ഏറ്റെടുത്തതോടെ കോര്‍പ്പറേഷനിലെ നാലായിരത്തിലധികം വരുന്ന ജീവനക്കാരുടെ ഭാവി അനിശ്ചിതത്വത്തിലായി. കോര്‍പ്പറേഷന്‍ നേരിട്ട് നിയമനം നടത്തിയ ഇവരെ റെയില്‍വേ ഏറ്റെടുക്കാന്‍ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. കാറ്ററിങ് വിഭാഗം കൈവിട്ടതോടെ ഇവരെ നിലനിര്‍ത്താന്‍ പറ്റാത്ത സാഹചര്യത്തിലാണ് ഐ.ആര്‍.സി.ടി.സി.യും.
ഐ.ആര്‍.സി.ടി.സി.യുടെ 80 ശതമാനം വരുമാനവും കാറ്ററിങ് സര്‍വീസില്‍ നിന്നായിരുന്നു. ബാക്കി 20 ശതമാനമാണ് ഓണ്‍ലൈന്‍ ടിക്കറ്റ് വില്പന, ടൂറിസം പരിപാടികളിലൂടെ ലഭിച്ചിരുന്നത്. വിവിധ തീവണ്ടികളിലായി ഏകദേശം ആയിരത്തോളം പാന്‍ട്രി കാറുകളാണ് ഐ.ആര്‍.സി.ടി.സി.ക്ക് കീഴില്‍ പ്രവര്‍ത്തിച്ചിരുന്നത്.
ആദ്യഘട്ടത്തില്‍ റെയില്‍വേയില്‍ നിന്നുള്ള ഉദ്യോഗസ്ഥരായിരുന്നു ഡെപ്യൂട്ടേഷനില്‍ ഐ.ആര്‍.സി.ടി.സി.യില്‍ നിയമിക്കപ്പെട്ടത്. ഇവരില്‍ നല്ലൊരു വിഭാഗം പിന്നീട് കോര്‍പ്പറേഷന്റെ ജീവനക്കാരായി മാറുകയും ചെയ്തു. എന്നാല്‍ കാമ്പസ് റിക്രൂട്ട്‌മെന്റ് വഴിയും മറ്റും കോര്‍പ്പറേഷന്‍ പിന്നീട് കൂടുതല്‍ ജീവനക്കാരെ നിയമിക്കുകയുണ്ടായി. ഇതില്‍ ബഹുഭൂരിപക്ഷവും (3532 പേര്‍) കാറ്ററിങ് വിഭാഗത്തിലായിരുന്നു.
റെയില്‍വേയില്‍ നിന്നു വന്നവരെ തിരിച്ചെടുക്കാന്‍ റെയില്‍വേ തയ്യാറായിട്ടുണ്ടെങ്കിലും കോര്‍പ്പറേഷന്‍ നേരിട്ട് റിക്രൂട്ട് ചെയ്തവരുടെ കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനവുമെടുത്തിട്ടില്ല. ഡെപ്യൂട്ടേഷനില്‍ വന്നവരില്‍ ഏകദേശം 300 പേരോളം റെയില്‍വേയില്‍ തിരിച്ചുകയറിക്കഴിഞ്ഞു.
റെയില്‍വേയുടെ കാറ്ററിങ് വിഭാഗം ഏകദേശം 600 കോടിയോളം നഷ്ടമുണ്ടാക്കിയ അവസരത്തില്‍ 1999ലാണ് ഇതിനായി പ്രത്യേക കോര്‍പ്പറേഷന്‍ രൂപവത്കരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. ഐ.ആര്‍.സി.ടി.സി. 50 കോടിയിലധികം രൂപ ലാഭത്തിലേക്ക് നീങ്ങുന്നതിനിടയിലാണ് റെയില്‍വേ കഴിഞ്ഞ മാസം പുതിയ കാറ്ററിങ് നയം പ്രഖ്യാപിച്ചത്. ഐ.ആര്‍.സി.ടി.സി. നല്‍കുന്ന ഭക്ഷണത്തിന് നിലവാരം പോരെന്ന പരാതി വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് റെയില്‍വേ മന്ത്രി മമതാ ബാനര്‍ജി പറഞ്ഞിരുന്നു. ഇതു തെറ്റാണെന്ന് കണക്കുകള്‍ ഉദ്ധരിച്ച് കോര്‍പ്പറേഷന്‍ അധികാരികള്‍ ചൂണ്ടിക്കാട്ടുന്നു.
''മുംബൈ-ഡല്‍ഹി രാജധാനി എക്സ്പ്രസ്സില്‍ 2008 ഡിസംബര്‍ മുതല്‍ കഴിഞ്ഞ ജൂലായ് 31 വരെ 11,42,530 ഭക്ഷണപ്പൊതികളാണ് ഐ.ആര്‍.സി.ടി.സി. നല്‍കിയത്. ഇതില്‍ ആകെ പരാതിപ്പെട്ടത് 241 പേരാണ്. പരാതിയുടെ അനുപാതം തുലോം തുച്ഛമാണെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാമല്ലോ''-ഐ.ആര്‍.സി.ടി.സി. കാറ്ററിങ് വിഭാഗത്തിലെ ഒരു ഉന്നതോദ്യോഗസ്ഥന്‍ പറയുന്നു.
റെയില്‍വേ സ്റ്റേഷനിലെ ഫുഡ് പ്ലാസകളും ഫാസ്റ്റ് ഫുഡ് യൂനിറ്റുകളും മാത്രമായിരിക്കും ഐ.ആര്‍.സി.ടി.സി.യുടെ കാറ്ററിങ് വിഭാഗത്തിന് കീഴില്‍ ഇനി പ്രവര്‍ത്തിക്കുക. അടുത്ത ഒക്ടോബറോടെ ഓണ്‍ലൈന്‍ ടിക്കറ്റിങ്ങും റെയില്‍വേ ഏറ്റെടുക്കുന്നതോടെ ഐ.ആര്‍.സി.ടി.സി.യുടെ കീഴില്‍ കാര്യമായ വരുമാനമില്ലാത്ത ടൂറിസം പരിപാടികള്‍ മാത്രമാവും. ഇതോടെ കോര്‍പ്പറേഷന്റെ അന്ത്യമാവുമെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെയാകുമ്പോള്‍ തങ്ങളുടെ ഭാവി എന്താകുമെന്നാണ് ഇവരുടെ ചോദ്യം.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam