മഅദനിക്കെതിരെ കൂടുതല്‍ തെളിവുമായി പോലീസ്

Posted on: 03 Sep 2010


പി. സുനില്‍കുമാര്‍



ജാമ്യാപേക്ഷയില്‍ വാദം തിങ്കളാഴ്ച

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിയുടെ ജാമ്യഹര്‍ജിയില്‍ ബാംഗ്ലൂര്‍ അതിവേഗ സെഷന്‍സ് കോടതി സപ്തംബര്‍ ആറിന് തിങ്കളാഴ്ച വാദം കേള്‍ക്കും. ഹര്‍ജി വ്യാഴാഴ്ച പരിഗണനയ്‌ക്കെടുത്തപ്പോള്‍ ജാമ്യത്തെ എതിര്‍ത്തുകൊണ്ടുള്ള സത്യവാങ്മൂലം പബ്ലിക്‌പ്രോസിക്യൂട്ടര്‍ അഡ്വ. രുദ്രസ്വാമി കോടതിയില്‍ നല്‍കി. തുടര്‍ന്ന് മഅദനിയുടെ അഭിഭാഷകന്‍ പി.ഉസ്മാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സെഷന്‍സ് ജഡ്ജി ശ്രീകാന്ത് വട്ടാവതി വാദം തിങ്കളാഴ്ചത്തേക്കു മാറ്റുകയായിരുന്നു.

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ മഅദനിയുടെ പങ്ക് തെളിയിക്കുന്നതിനുള്ള കൂടുതല്‍ തെളിവുകള്‍ സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയതായി അറിയുന്നു. കേസില്‍ ഒന്നാം പ്രതിയായ തടിയന്റവിട നസീര്‍ മഅദനിയുമായി സംസാരിച്ച ഫോണ്‍ നമ്പറുകള്‍, കുടകിലെ ലക്കേരി എസ്റ്റേറ്റില്‍ നടത്തിയ തെളിവെടുപ്പില്‍നിന്നും കേസിലെ കൂട്ടുപ്രതികള്‍ക്കൊപ്പം ചോദ്യം ചെയ്തതില്‍നിന്നും ലഭിച്ച വിവരങ്ങള്‍ തുടങ്ങിയവ എതിര്‍സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയതായി വിവരമുണ്ട്. 95 പേജുള്ള സത്യവാങ്മൂലമാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ നല്‍കിയത്.

കേസിലെ ഒന്നാം പ്രതി തടിയന്റവിട നസീര്‍, കശ്മീരില്‍ കൊല്ലപ്പെട്ട 12-ാം പ്രതി അബ്ദുള്‍റഹീം എന്നിവര്‍ ബാംഗ്ലൂര്‍ സ്‌ഫോടനത്തിനായി നടത്തിയ ഗൂഢാലോചനയെക്കുറിച്ച് മഅദനിക്കറിയാമായിരുന്നെന്നും രാജ്യദ്രോഹകരമായ ഇത്തരമൊരു കുറ്റകൃത്യം മറച്ചുവെച്ചത് വന്‍ കുറ്റമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഐ.എസ്.എസ്.രൂപവത്കരണം മുതലുള്ള മഅദനിയുടെ ഭൂതകാല പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങളുമുണ്ട്. ഹൈദരാബാദ് ആസ്ഥാനമായുള്ള നൂരിഷ ത്വരീഖ് എന്ന സംഘടനയില്‍ മഅദനി അംഗമായിരുന്നെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. തടിയന്റവിട നസീറും ഇതില്‍ അംഗമായിരുന്നു. പരപ്പനങ്ങാടിയടക്കം ചില സ്ഥലങ്ങളില്‍ ഇതിന്റെ യോഗവും നടന്നിരുന്നു. ഹര്‍ജി വാദത്തിനെടുത്തപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരും കോടതിയില്‍ ഹാജരായിരുന്നു.

അതിനിടെ മഅദനിയുടെ സുരക്ഷയ്ക്ക് നിയോഗിച്ചിട്ടുള്ള നാലു പോലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടുന്നതിന് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണര്‍ എച്ച്.എം.ഓംകാരയ്യ പറഞ്ഞു.
''മഅദനിയുടെ യാത്ര സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടുന്നതിന്റെ ഭാഗമായാണ് സുരക്ഷാ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. ഇതിനായി കൊല്ലം എസ്.പി. വഴി നോട്ടീസ് നല്‍കിയിട്ടും ഹാജരാക്കാത്തതിനാല്‍ വീണ്ടും ഇവര്‍ക്ക് നോട്ടീസ് നല്‍കാനാണ് തീരുമാനം''-അദ്ദേഹം പറഞ്ഞു.
മഅദനിയുടെ സഹായിയും പി.ഡി.പി. നേതാവുമായ റജിബ് സപ്തംബര്‍ ആറിനുശേഷം ഏതു ദിവസവും ചോദ്യം ചെയ്യുന്നതിന് ഹാജരാകാമെന്ന് ബാംഗ്ലൂര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസറായ ഹമീദ്മാസ്റ്ററെ വിട്ടുകിട്ടാന്‍ അടുത്തുതന്നെ കോടതിയെ സമീപിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മഅദനിയുടെ അറസ്റ്റ് നിയമാനുസൃതമല്ലെന്ന് കാണിച്ച് നല്‍കിയ ഹര്‍ജിയില്‍ സപ്തംബര്‍ 13ന് കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാകുമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ ഓംകാരയ്യ വ്യക്തമാക്കി.
അതിനിടെ മഅദനിയുടെ സുരക്ഷാ ഉദ്യോഗസ്ഥരായ നാലു പോലീസുകാര്‍ ഹാജരാകുന്നില്ലെങ്കില്‍ കേരള ഡി.ജി.പി.യോട് രേഖാമൂലം ഇക്കാര്യം ആവശ്യപ്പെടാനും കര്‍ണാടക പോലീസ് തീരുമാനിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരം ബാംഗ്ലൂരില്‍ ചേര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ബാംഗ്ലൂര്‍ സ്‌പോടനത്തിനായി കുടകില്‍ തടിയന്റവിട നസീര്‍ സംഘടിപ്പിച്ച യോഗത്തില്‍ മഅദനി പങ്കെടുത്തുവെന്ന ആരോപണം തെളിയിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന നിലപാടിലാണ് ബാംഗ്ലൂര്‍ പോലീസ്. കാലതാമസമില്ലാതെ ഇവരെ ബാംഗ്ലൂരില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
ആഗസ്ത് 17ന് അറസ്റ്റിലായ അബ്ദുന്നാസര്‍ മഅദനി ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മഅദനിയുടെ ജുഡീഷ്യല്‍ കാലാവധി സപ്തംബര്‍ 14വരെ നീട്ടിയിട്ടുണ്ട്.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/