ദേശീയപാത സ്ഥലമെടുപ്പ് : പുനരധിവാസ പാക്കേജായി

Posted on: 03 Sep 2010



> വിപണിവിലയും 25 ശതമാനം അധികവും നഷ്ടപരിഹാരം
> അത്യാവശ്യമുള്ള സ്ഥലങ്ങളില്‍ ദേശീയപാതയുടെ അലൈന്‍മെന്റില്‍ മാറ്റം വരുത്താന്‍ ദേശീയ പാത അതോറിറ്റിയോട് ആവശ്യപ്പെടും
> സ്ഥലമേറ്റെടുക്കുമ്പോള്‍ പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്കും അനധികൃത കുടിയേറ്റക്കാര്‍ക്കും നഷ്ടപരിഹാരത്തിന് ശുപാര്‍ശ
> ആരാധനാലയങ്ങള്‍ നഷ്ടപ്പെട്ടാല്‍ സര്‍ക്കാര്‍ ചെലവില്‍ പണം കണ്ടെത്തി പുതിയ ആരാധനാലയം നിര്‍മിക്കും


തിരുവനന്തപുരം: ദേശീയപാത 47, 17 എന്നിവയുടെ വീതി 45 മീറ്ററാക്കി കൂട്ടുമ്പോള്‍ സ്ഥലവും വസ്തുവകകളും നഷ്ടപ്പെടുന്നവര്‍ക്കുള്ള പുനരധിവാസ പാക്കേജിനുള്ള ശുപാര്‍ശകള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. ഇത് അംഗീകാരത്തിനായി കേന്ദ്രസര്‍ക്കാരിനും ദേശീയപാത അതോറിറ്റിക്കും സമര്‍പ്പിക്കും.

ആവശ്യമുള്ള സ്ഥലങ്ങളില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തണമെന്ന് അതോറിറ്റിയോട് ആവശ്യപ്പെടാനും തീരുമാനിച്ചതായി മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.

വ്യാപാരികള്‍ക്കും വസ്തുഉടമകള്‍ക്കും വീട്, വസ്തു, കെട്ടിടങ്ങള്‍ എന്നിവയുടെ വിപണിവില നല്‍കാനാണ് ശുപാര്‍ശയെന്ന് മന്ത്രി എം.വിജയകുമാര്‍ പറഞ്ഞു. ഇതുകൂടാതെ പുനര്‍നിര്‍മാണത്തിനായി 25 ശതമാനം അധികം തുകയും നല്‍കും. വാടകയ്ക്ക് കട നടത്തുന്നവര്‍ക്ക് വസ്തുവിന്റെയും കെട്ടിടത്തിന്റെയും വിലയുടെ 10 ശതമാനവും നല്‍കും. എന്നാല്‍, അതിവേഗ സ്ഥലമേറ്റെടുക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വസ്തുവും കെട്ടിടവും വിലപേശി ഏറ്റെടുക്കാന്‍ കേന്ദ്രം അനുവദിച്ചാലേ പാക്കേജ് യാഥാര്‍ഥ്യമാവൂ. ദേശീയപാതാ നിയമത്തില്‍ നിലവിലുള്ള വ്യവസ്ഥകള്‍ ഇതിന് അനുവദിക്കുന്നില്ല. അതില്‍ മാറ്റം വരുത്താന്‍ കേന്ദ്രം തയ്യാറാവണം. ഇത് അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഭൂമിയുടെ തറവില അടിസ്ഥാനമാക്കി വില നിശ്ചയിക്കാനെങ്കിലും കേന്ദ്രം അംഗീകരിക്കണം - മന്ത്രി പറഞ്ഞു. കടകള്‍ നഷ്ടപ്പെടുന്നവര്‍ക്കായി അതത് ജങ്ഷനുകളില്‍ ഭൂമി ഏറ്റെടുത്ത് ഷോപ്പിങ് കോംപ്ലക്‌സുകള്‍ പണിയും. പഞ്ചായത്തുകളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും പങ്കാളിത്തത്തോടെയായിരിക്കും ഇത്.

പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെ കൂടി അഭിപ്രായം സ്വീകരിച്ചാണ് നഷ്ടപരിഹാര - പുനരധിവാസ ശുപാര്‍ശകള്‍ തയ്യാറാക്കിയതെന്നും മന്ത്രി പറഞ്ഞു. നേരത്തേ സ്ഥലംവിട്ടുകൊടുത്തവര്‍ക്കും ഇതേ ആനുകൂല്യങ്ങള്‍ നല്‍കും. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ചര്‍ച്ചകളിലൂടെ ഉള്‍പ്പെടുത്തും.

ജില്ലാതല പര്‍ച്ചേസ് കമ്മിറ്റിയാണ് നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നത്. ഇതില്‍ ആക്ഷേപമുള്ളവര്‍ക്ക് ദേശീയപാതാ അതോറിറ്റിയുടെ അനുവാദത്തോടെ സര്‍ക്കാര്‍ നിയമിക്കുന്ന അപ്പലേറ്റ് അതോറിറ്റിയില്‍ പരാതിപ്പെടാം. അതോറിറ്റിക്ക് 50 ശതമാനം വരെ വര്‍ധന വരുത്താം.

ദേശീയപാതകളുടെ നിലവിലുള്ള അലൈന്‍മെന്റില്‍ കൃത്രിമം കാട്ടിയതായി വ്യാപകമായ പരാതിയുണ്ട്. സ്ഥലം ഏറ്റെടുക്കുന്നതില്‍ വിവേചനമുണ്ടായി. സംസ്ഥാന സര്‍ക്കാര്‍പോലും അറിയാതെയാണ് ദേശീയപാതാ അതോറിറ്റി അലൈന്‍മെന്റ് നിശ്ചയിച്ചത്. ആക്ഷേപങ്ങള്‍ കേള്‍ക്കാന്‍ അവര്‍ തയ്യാറാകുന്നുമില്ല. ഈ സാഹചര്യത്തിലാണ് പരാതിയുള്ള സ്ഥലങ്ങളില്‍ അലൈന്‍മെന്റ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നത്. ഇത്തരം സ്ഥലങ്ങളില്‍ വീണ്ടും സ്ഥലമേറ്റെടുക്കല്‍ വേണ്ടിവരും. പ്രധാന പട്ടണങ്ങളിലെല്ലാം ഉയരപാത വേണം. ഏഴ് ഉയരപാതകളാണ് ഇപ്പോള്‍ പദ്ധതിയിലുള്ളത്. ഇവയുടെ എണ്ണം കൂട്ടേണ്ടിവരും.
എത്രപേര്‍ക്ക് നഷ്ടപരിഹാരം കൊടുക്കണമെന്ന കണക്കുകള്‍ ഉടന്‍ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.


Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/