എ.ആര്‍. റഹ്മാന്‍ വിവാദച്ചുഴിയില്‍

Posted on: 03 Sep 2010



കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ തീംസോങ് പുറത്തുവിട്ടതിനുശേഷം എല്ലാ ഭാഗത്തു നിന്നും വിമര്‍ശനശരമേറ്റുവാങ്ങുകയാണ് ഇന്ത്യയുടെ സ്വന്തം എ. ആര്‍. റഹ്മാന്‍. കോമണ്‍വെല്‍ത്ത് ഗെയിമിന്റെ തീം സോങ് റഹ്മാന്റെ നിലവാരത്തിനൊത്ത് ഉയര്‍ന്നില്ലെന്ന ആരോപണമാണ് പ്രധാനമായും ഉയരുന്നത്. ഇതേത്തുടര്‍ന്ന് ഗാനത്തിന് വീണ്ടും മിനുക്ക് പണികള്‍ നടത്താന്‍ റഹ്മാന്‍ സന്നദ്ധനായെന്ന വാര്‍ത്തയുമുണ്ട്. ആറ് മാസമെടുത്ത് അഞ്ചു കോടി ചെലവില്‍ തയ്യാറാക്കിയ ഈ ഗാനങ്ങള്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആവേശം നല്‍കുന്നില്ലെന്നും ആരോപണമുണ്ട്. ഒരുപക്ഷേ, ഈയടുത്ത കാലത്ത് റഹ്മാന്‍ ചെന്നു ചാടിയ ഏറ്റവും വലിയ വിമര്‍ശനമാണ് ഇപ്പോഴുണ്ടായിട്ടുള്ളത്. പബ്‌ളിക് ചാറ്റുകളിലും ബ്‌ളോഗുകളിലും ഇതിനെക്കുറിച്ചുള്ള ചര്‍ച്ചകളാണിപ്പോള്‍ പ്രധാനമായും നടക്കുന്നത്.

മ്യൂസിക് ചാര്‍ട്ട് ലിസ്റ്റിങ്ങില്‍ ലോകഫുട്‌ബോളിന് ഷക്കീരയുടെ വക്കാവക്കയുടെ ഏഴയലത്തു പോലും റഹ്മാന്റെ ഗാനങ്ങള്‍ എത്തിയിട്ടില്ല. ഇതേത്തുടര്‍ന്നാണ് റഹ്മാന്‍ തന്റെ ഗാനങ്ങള്‍ വീണ്ടും മെച്ചപ്പെടുത്താന്‍ സന്നദ്ധനായതത്രേ. രാഷ്ട്രീയക്കാരും കോമണ്‍വെല്‍ത്ത് ഗെയിംസ് അധികൃതരും ഇത് സംബന്ധിച്ച ആവശ്യമുന്നയിച്ചിട്ടുണ്ട്. അഞ്ച് കോടിയുടെ ഗാനങ്ങള്‍ക്ക് അതിനനസുരിച്ചുള്ള പ്രത്യേകതകള്‍ വേണമെന്നാണ് അവരുടെ ആവശ്യം.

സ്വാഗതം, ജിയോ ഉഡോ ആ മാ തുജെ സലാം തുടങ്ങിയ ഗാനങ്ങള്‍ തികച്ചും നിരാശാജനകമാണെന്നാണ് പരാതികള്‍. റഹ്മാന്റെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് പേജുകളില്‍ വിമര്‍ശനങ്ങള്‍ നിറഞ്ഞു കവിഞ്ഞു. റഹ്മാനില്‍ നിന്ന് മികച്ച ഗാനങ്ങളാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്- ഓര്‍ഗനൈസിങ് കമ്മിറ്റി അംഗം വിജയകുമാര്‍ മല്‍ഹോത്ര പറഞ്ഞു. ജനങ്ങളുടെ മനസ്സിനോട് ചേര്‍ന്നാലേ ഈ ഗാനങ്ങള്‍ അവര്‍ പാടി നടക്കുകയുള്ളൂ, കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യയ്ക്ക് അഭിമാനമാകുന്നതുപോലെ ഏത് കാലവും ഓര്‍മിക്കപ്പെടാനുതകുന്ന ഗാനമാണ് വേണ്ടത്. എന്നാല്‍ റഹ്മാന്‍ ഇപ്പോള്‍ ഈണം നല്‍കിയ ഗാനങ്ങള്‍ ശരാശരിക്കും താഴെയാണ്.

അദ്ദേഹം ഈ ഗാനങ്ങള്‍ റീ കംപോസ് ചെയ്യും എന്ന് തന്നെയാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. മുന്‍ സ്‌പോര്‍ട്‌സ് മന്ത്രി ഷഹനാസ് ഹുസൈന്‍ പറഞ്ഞു. റഹ്മാനില്‍ നിന്ന് ജനങ്ങള്‍ ഏറെ പ്രതീക്ഷിക്കുന്നു. അതുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നതെന്നാണ് യൂറോഫ്യ ബാന്‍ഡിലെ ഗായകനും പ്രശസ്ത സംഗീതകാരനുമായ പലാഷ് സെന്‍ പറയുന്നത്. ഗാനങ്ങളുടെ സംഗീതം എനിക്കിഷ്ടപ്പെട്ടു. അതിലെ വരികളാണ് മോശം. രാഷ്ട്രീയക്കാര്‍ ആവശ്യപ്പെട്ടവ ഉള്‍പ്പെടുത്താത്തതു കൊണ്ടായിരിക്കാം അദ്ദേഹത്തിനെതിരെ അവര്‍ തിരിഞ്ഞിരിക്കുന്നത്- സിങ് പറഞ്ഞു.

ഒരു കായികമാമാങ്കത്തിന് വേണ്ട ചൊടി ഈ ഗാനങ്ങളിലില്ല. അതുകൊണ്ടു തന്നെ ഗാനങ്ങള്‍ ജനങ്ങള്‍ എത്രത്തോളം സ്വീകരിക്കുമെന്ന് അറിയില്ല- പോപ്പ് ഗായകന്‍ കൈലാഷ് ഖേര്‍ പറയുന്നു. സര്‍ക്കാര്‍ ഇതിനുവേണ്ടി അഞ്ച് കോടി ചെലവിട്ടെന്ന് പറയുന്നതാണ് ആശ്ചര്യം. ഒരു തീം സോങ്ങിന് വേണ്ടി ഇത്രയും തുക എങ്ങനെയാണ് ചെലവിടുക എന്നത് ഇപ്പോഴും അവ്യക്തമാണ് -അദ്ദേഹം പറയുന്നു. വെറും പത്ത് മിനിറ്റ് കൊണ്ട് ചിട്ടപ്പെടുത്താവുന്നതാണിത്. അതിന് ആറു മാസവും അഞ്ച് കോടിയുമെന്നത് അവിശ്വസനീയമാണ് -പ്രശസ്ത സംഗീതജ്ഞന്‍ ലൂയിസ് ബാങ്ക്‌സ് പറഞ്ഞു.



Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/