
ലാല്‍ ജോസിന്റെ ഏറ്റവും പുതിയ ചിത്രമായ 'എല്‍സമ്മ എന്ന ആണ്‍കുട്ടി' യിലെ റഫീക്ക് അഹമ്മദിന്റെ ഈ വരികള്‍ ആലപിച്ചിരിക്കുന്നത് തമിഴിലും തെലുങ്കിലും തിരക്കേറിയ ഒരു ഗാനസംവിധായകനാണ്. ഹിന്ദി, തമിഴ് ഗാനങ്ങളെ അനുകരിച്ച് ഗാനസംവിധാനം ചെയ്തുപോന്ന രീതിയില്‍ നിന്ന് മലയാള ചലച്ചിത്രങ്ങള്‍ക്ക് സ്വതന്ത്രമായ ഗാനസംവിധാന ശൈലി തുറന്നുകാട്ടിയ ചിദംബരനാഥ് എന്ന അനശ്വര സംഗീതജ്ഞന്റെ പൗത്രന്‍.
സംഗീത സംവിധാനത്തിലൂടെ വന്ന് പശ്ചാത്തല സംഗീതത്തിലും പ്രശസ്തനായിത്തീര്‍ന്ന രാജാമണിയുടെ മകന്‍ അച്ചു. അച്ഛന്‍ രാജാമണി തന്നെ ചിട്ടപ്പെടുത്തിയ ഈ ചിത്രത്തിലെ മൂന്ന് പാട്ടുകള്‍ പാടിയിരിക്കുന്നത് അച്ചുവാണ്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ആഗസ്ത് 31ന് അച്ചുവിന്റെ മടിയില്‍ കിടന്നാണ് മുത്തച്ഛന്‍ മരണമടഞ്ഞത്. രണ്ട് തലമുറയുടെ അനുഭവസമ്പത്താല്‍ അനുഗൃഹീതനായ അച്ചുവിന് സംഗീതം ചെറുപ്പത്തിലേ തന്നെ ഒരു ഹരമായിരുന്നു.
മുത്തച്ഛന്റെ കച്ചേരികള്‍ ബാലനായ അച്ചുവില്‍ ചെറുപ്പത്തിലേ തന്നെ സംഗീതത്തിന്റെ വിത്തുകള്‍ പാകിയിരുന്നു; ഒപ്പം സദാസമയവും സംഗീതലോകത്ത് വിഹരിക്കുന്ന അച്ഛന്‍ രാജാമണിയുടെ പ്രോത്സാഹനവും... ഷാജി കൈലാസിന്റെ ചിത്രങ്ങളില്‍രാജാമണി പശ്ചാത്തല സംഗീതമൊരുക്കുന്ന വേളകളില്‍ മിക്കതിലും കീബോര്‍ഡില്‍ അച്ചുവായിരിക്കും. കിരവാണിയുടെ കൂടെയും വര്‍ക്ക് ചെയ്ത അനുഭവസമ്പത്തുള്ള അച്ചുവിന് ഗാനസംവിധാനത്തില്‍ പ്രിയം തെലുങ്കിനോടും തമിഴിനോടുമാണ്.
ആദ്യമായി ഗാനസംവിധാനം ചെയ്ത ഹിറ്റായ തെലുങ്ക് ചിത്രമാണ് നേനു മീക്കു തെലുസാ. 'കൃഷ്ണാര്‍ജുന', 'കുറാഡു' എന്നിവ വേറെയുമുണ്ട്. ഏറ്റവും പുതിയ ചിത്രമായ വിവേകിന്റെ 'കാര്‍ത്തികേയ' അടക്കം ഈ ചെറുപ്പക്കാരന് തെലുങ്കില്‍ ഓഫറുകള്‍ വന്നുകൊണ്ടേയിരിക്കുന്നു. തമിഴില്‍ 'എന്നെ തെരിയുമാ' എന്ന ചിത്രത്തിലെ ഗാനങ്ങളാണ് അച്ചുവിനെ ഏറെ പോപ്പുലറാക്കിയത്. റിലീസിങ്ങിന് തയ്യാറായ പുതിയ ചിത്രങ്ങളായ നാരായണിന്റെ 'മാലൈ പൊഴുതിന്‍ മയക്കതിലൈ' ശരവണശക്തിയുടെ 'വാനര സേനൈ' തുടങ്ങിയ തമിഴ് ചിത്രങ്ങളിലെ ഗാനങ്ങളും അച്ചുവിന് ഏറെ പ്രതീക്ഷ നല്‍കുന്നു.
മലയാള ചിത്രങ്ങളില്‍ അച്ചു സ്വതന്ത്രമായി പശ്ചാത്തല സംഗീതം നിര്‍വഹിച്ചത് മോഹന്‍ലാലിന്റെ 'കുരുക്ഷേത്ര'യിലാണ്. 'ഹാപ്പി ഹസ്ബന്‍ഡ്‌സി'ലും 'റോബിന്‍ഹുഡി'ലും അച്ചു ഗാനങ്ങള്‍ പാടിയിട്ടുണ്ട്. ഫിഷിങ്ങില്‍ തല്പരനായ അച്ചുവിന് ഏറെ ഇഷ്ടം കാര്‍ റേസിലാണ്. റേസ് ട്രാക്കുകളില്‍ വേഗത്തില്‍ കാര്‍ റേസാണ് അച്ചുവിന്റെ ഇഷ്ടമുള്ള കാറാകട്ടെ ഫോര്‍ഡും ഓഡിയും. അടുത്തുതന്നെ ഒരു ബി.എം.ഡബ്ല്യു. സ്വന്തമാക്കാനുള്ള പരിപാടിയിലാണ് ഈ സുന്ദരന്‍.
തിരക്കേറിയ സംഗീതവേളകള്‍ക്കിടയില്‍ അല്പം വിശ്രമത്തിനായി ദുബായിലായിരുന്ന അച്ചു, ഏറ്റവും മിസ്സ് ചെയ്തത് അമ്മയുണ്ടാക്കിയ ഭക്ഷണമായിരുന്നു. ഇഷ്ടമുള്ള ഭക്ഷണം ഏതെന്ന് ചോദിച്ചാല്‍ അച്ചുവിന് ഒരൊറ്റ ഉത്തരം: ''അമ്മയുണ്ടാക്കുന്നതെന്തും''. അമ്മയുടെ കൈപ്പുണ്യം അച്ഛന്‍ രാജാമണിയും സമ്മതിക്കുന്ന കാര്യമാണ്. ഷാജി അങ്കിളിന്റെ (ഷാജി കൈലാസ്) ആനി ആന്റി ഉണ്ടാക്കുന്ന ഉണ്ണിയപ്പം ഏറെ പ്രിയമാണ് അച്ചുവിന്.
മിക്ക സമയത്തും അച്ചുവിനെ ഫോണില്‍ വിളിച്ചാല്‍ കിട്ടുക സ്റ്റുഡിയോയിലായിരിക്കും. അച്ഛനെ റോള്‍ മോഡലാക്കിയ മകനും അതേ പാത തന്നെ പിന്തുടരുന്നു. 2009-ല്‍ പുറത്തിറങ്ങിയ 'കുറാഡു' എന്ന തെലുങ്ക് ചിത്രത്തിലൂടെ കെ.എസ്. ചിത്ര, എസ്.പി. ബാലസുബ്രഹ്മണ്യം
എന്നിവരുടെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ അച്ചു, അന്ന് ഒരു പ്രശസ്തിക്കും ഉടമയായി... മുത്തച്ഛന്റെയും അച്ഛന്റെയും സംവിധാനത്തില്‍ ഗാനങ്ങള്‍ ആലപിച്ച ഇരുവരും മൂന്നാം തലമുറക്കാരനായ അച്ചുവിന്റെയും ഗാനങ്ങള്‍ ആലപിച്ചു എന്ന അപൂര്‍വതയ്ക്ക്.