തനിക്കുമാത്രം അയോഗ്യതയെന്തെന്ന മുരളിയുടെ ചോദ്യത്തിന് പിന്തുണ ഏറുന്നു -കരുണാകരന്‍
Posted on: 02 Sep 2010
ന്യൂഡല്‍ഹി: കെ. മുരളീധരനെ കോണ്‍ഗ്രസ്സില്‍ തിരിച്ചെടുക്കണമെന്ന് എല്ലാവരോടും സ്‌നേഹത്തോടെ ആവശ്യപ്പെട്ടതാണെന്നും എന്നാല്‍ ആരും ഇക്കാര്യം പരിഗണിച്ചില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ്സില്‍ തിരിച്ചെടുക്കുന്നതിന് തനിക്കുമാത്രം എന്താണ് അയോഗ്യത എന്ന കെ. മുരളീധരന്റെ ചോദ്യത്തിന് ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ പിന്തുണ ഏറുകയാണെന്നും കരുണാകരന്‍ പറഞ്ഞു.
ഇത്തരം കാര്യങ്ങളില്‍ ആര് എന്ത് പറയുന്നു എന്ന് നോക്കിയല്ല തീരുമാനം എടുക്കുന്നത്. ആത്മാര്‍ഥമായ നിലപാടാണ് വേണ്ടത്. മുരളീധരനെ തിരിച്ചെടുക്കാത്തതിന് ന്യായീകരണമില്ലെന്നും കരുണാകരന്‍ പറഞ്ഞു. കേരളഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുരളിയെ തിരിച്ചെടുക്കണമെന്ന ആവശ്യം ഇപ്പോള്‍ കെ.കരുണാകരന്‍ ഉന്നയിച്ചിട്ടില്ല എന്ന കെ.പി.സി.സി. അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാവരും ഈ രാജ്യത്തുതന്നെയാണ് കഴിയുന്നതെന്നും എല്ലാം ജനങ്ങള്‍ക്ക് മനസ്സിലാകുമെന്നുമായിരുന്നു കരുണാകരന്റെ മറുപടി.
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് സോണിയാഗാന്ധിയുടെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനാണ് കരുണാകരന്‍ ഡല്‍ഹിയില്‍ എത്തിയത്. പ്രതിരോധമനത്രി എ.കെ. ആന്റണി ബുധനാഴ്ച വൈകുന്നേരം കേരള ഹൗസിലെത്തി കരുണാകരനുമായി ചര്‍ച്ച നടത്തി.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam