മൈസൂര്‍ ദസറ ആഘോഷത്തിന് പദ്ധതിയുമായി കര്‍ണാടക ടൂറിസം

Posted on: 02 Sep 2010



മുംബൈ: മൈസൂര്‍ ദസറ ആഘോഷത്തിന് പുതിയ പദ്ധതിയുമായി കര്‍ണാടക ടൂറിസം. വിദേശികളെയും മറ്റു സംസ്ഥാനങ്ങളിലുള്ളവരെയും ആകര്‍ഷിക്കാന്‍ വിമാനയാത്രാക്കൂലിയില്‍ പ്രത്യേക പാക്കേജ് ആവിഷ്‌കരിക്കുമെന്ന് കര്‍ണാടക ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ജ്യോതിര്‍ലിംഗം മുംബൈയില്‍ നടന്ന പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

ദസറ ആഘോഷത്തിന് മൈസൂരിലെത്തുന്നവര്‍ക്ക് താമസം, ഭക്ഷണം, യാത്ര ഉള്‍പ്പെടെയുള്ള പാക്കേജാണ് ലക്ഷ്യമിടുന്നത്.ജനവരിയില്‍ നടന്ന ഹംപി ആഘോഷവുമായി ബന്ധപ്പെട്ട് ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതേ രീതിയാണ് മൈസൂര്‍ ദസറ ആഘോഷവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്നത്.

കര്‍ണാടകയിലെ പൈതൃകകേന്ദ്രങ്ങളിലേക്ക് വിദേശികളെ ആകര്‍ഷിക്കാന്‍ ഹെലി ടൂറിസം പദ്ധതി നടപ്പാക്കാന്‍ പദ്ധതിയൊരുക്കിയിട്ടുണ്ട്. കര്‍ണാടകയില്‍ നിലവില്‍ ആറ് വിമാനത്താവളങ്ങള്‍ ഉണ്ട്. ഇതിനു പുറമെ നാല് വിമാനത്താവളങ്ങള്‍ കൂടി തുടങ്ങും. സംസ്ഥാനത്ത് നിലവിലുള്ള 23 ഹെലിപ്പാഡുകള്‍ വഴിവിദേശിയരെയും മറ്റു വിനോദസഞ്ചാരികളെയും ആകര്‍ഷിക്കാനാണ് ഹെലി ടൂറിസം നടപ്പാക്കുന്നത്.

വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ വേണ്ടിയും പൈതൃക കേന്ദ്രങ്ങളില്‍ എത്താനും വേണ്ടി റോഡിന്റെ നവീകരണത്തിന് സര്‍ക്കാര്‍ 176 കോടി രൂപ ചെലവഴിച്ചതായി ജ്യോതിര്‍ലിംഗം വ്യക്തമാക്കി.

ഗോള്‍ഡന്‍ ചാരിയറ്റ് ട്രെയിനുമായി ബന്ധപ്പെട്ട് ഏഴുദിവസം, നാലുദിവസം, പതിനാല് ദിവസത്തെ പാക്കേജുകള്‍ നിലവിലുണ്ട്.

2002 വര്‍ഷത്തില്‍ വിനോദസഞ്ചാര വ്യവസായം വഴി 2.7 കോടിരൂപയാണ് ലഭ്യമായിരുന്നതെങ്കില്‍ നിലവില്‍ 3.8 കോടി രൂപ ലഭിക്കുന്നുണ്ടെന്നും ജ്യോതിര്‍ലിംഗം പറഞ്ഞു. ടൂറിസം ഡയറക്ടര്‍ കെ. വിശ്വനാഥ റെഡ്ഡി, വിനയ് ലൂത്തര്‍ എന്നിവരും പങ്കെടുത്തു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/