ദേശീയപാത വികസനം: പ്രക്ഷോഭം ശക്തമാക്കുന്നു
Posted on: 02 Sep 2010
തിരുവനന്തപുരം: ബി.ഒ.ടി. സമ്പ്രദായത്തിലൂടെ ദേശീയപാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിച്ച് സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരായ പ്രക്ഷോഭം ശക്തമാക്കുമെന്ന് എന്‍.എച്ച്.17 -എന്‍.എച്ച്.47 സംയുക്ത സമരസമിതി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 45 മീറ്റര്‍ പാതയെ അനുകൂലിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പഞ്ചായത്ത്തിരഞ്ഞെടുപ്പില്‍ വോട്ട്‌നല്‍കില്ലെന്നും സമരസമിതി ജനറല്‍ കണ്‍വീനര്‍ ഹാഷിം ചേന്ദാമ്പിള്ളി പത്രസമ്മേളനത്തില്‍ പറഞ്ഞു.
റോഡ് കച്ചവടത്തിലൂടെ വന്‍ ലാഭമടിക്കാനുള്ള ബി.ഒ.ടി. ലോബിയുടെയും മറ്റു കുത്തകവ്യവസായ സംഘങ്ങളുടെയും ആസൂത്രിതനീക്കങ്ങളുടെ ഫലമായാണ് റോഡിന്റെ വീതി 45 മീറ്ററാക്കി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പുനരധിവാസ പാക്കേജ് കാട്ടി ജനങ്ങളെ കബളിപ്പിക്കാന്‍ ബി.ഒ.ടി. - ഉദ്യോഗസ്ഥ ലോബി ശ്രമിക്കുകയാണ്. 45 മീറ്റര്‍ പാത വികസിപ്പിക്കുമ്പോള്‍ ഭൂമി നഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് വ്യാപാരികളെയും തൊഴിലാളികളെയും പുനരധിവസിപ്പിക്കുക എന്നത് പ്രായോഗികമല്ല. അഞ്ചുലക്ഷത്തോളം കുടുംബങ്ങളിലായി 20 ലക്ഷത്തോളം പേരാണ് പാര്‍പ്പിടം, ഭൂമി, കച്ചവടം, തൊഴില്‍ എന്നിവ നഷ്ടപ്പെട്ട് പെരുവഴിയിലാവുന്നത്. 45 മീറ്റര്‍ പാത വികസിപ്പിക്കാന്‍ ഏറ്റെടുക്കേണ്ടി വരുന്ന ആയിരക്കണക്കിന് ഏക്കര്‍ഭൂമി സംസ്ഥാനത്ത് ഏറ്റവും വിലയേറിയതാണ്. സെന്റിന് അഞ്ചു ലക്ഷം മുതല്‍ ഒരു കോടി വരെയാണ് വില. സര്‍ക്കാരിന് വന്‍ബാധ്യതയാണ് ഇത് വരുത്തിവെക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam