ബ്ലാക്ക്‌ബെറി: സുരക്ഷാപരിശോധന ഭാഗികമായി പ്രാബല്യത്തിലെന്ന് ചിദംബരം

Posted on: 02 Sep 2010



ന്യൂഡല്‍ഹി: ബ്ലാക്ക്‌ബെറി ഫോണുകളിലൂടെ അയയ്ക്കുന്ന രഹസ്യ സന്ദേശങ്ങള്‍ സുരക്ഷാ പരിധിക്കുള്ളില്‍ കൊണ്ടുവരണമെന്ന ഇന്ത്യയുടെ ആവശ്യം ഭാഗികമായി ബ്ലാക്ക്‌ബെറി നിര്‍മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) അംഗീകരിച്ചതായും ബുധനാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നെന്നും ആഭ്യന്തരമന്ത്രി പി. ചിദംബരം പറഞ്ഞു. ഇത്തരം ഫോണുകളിലൂടെ കൈമാറുന്ന രഹസ്യ സന്ദേശങ്ങളില്‍ ചിലത് സുരക്ഷാ ഏജന്‍സികളുടെ പരിശോധനയ്ക്ക് വിധേയമാക്കാനാണ് ബ്ലാക്ക്‌ബെറി സമ്മതിച്ചിട്ടുള്ളത്. ഇന്ത്യയുടെ നിര്‍ദേശം രണ്ട് മാസത്തിനുള്ളില്‍ കമ്പനി പൂര്‍ണമായി പാലിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

രാജ്യസുരക്ഷയുടെ കാര്യത്തില്‍ ബ്ലാക്ക്‌ബെറിയുമായോ ഗൂഗിള്‍, സ്‌കൈപ് തുടങ്ങി മറ്റേതെങ്കിലും കമ്പനികളുമായോ ഒരുവിധ വിട്ടുവീഴ്ചയും ചെയ്യില്ല-ആഭ്യന്തര മന്ത്രാലയത്തിന്റെ ആഗസ്തിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് ചിദംബരം പറഞ്ഞു.

ബ്ലാക്ക്‌ബെറി ഫോണുകളിലൂടെ മറ്റാര്‍ക്കും വായിച്ചെടുക്കാനാവാത്ത സങ്കേതങ്ങളുപയോഗിച്ച് സന്ദേശങ്ങള്‍ അയയ്ക്കുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ആഗസ്ത് 31ന് മുമ്പ് ഇത്തരം സന്ദേശങ്ങള്‍ പരിശോധനയുടെ പരിധിയില്‍ കൊണ്ടുവരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കാനഡയിലെ റിം കമ്പനിക്ക് അന്ത്യശാസനം നല്‍കിയത്. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി, റിം ഇന്ത്യയുടെ ആവശ്യം പൂര്‍ണമായി നടപ്പാക്കാന്‍ തയ്യാറായില്ല.

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സേവന ധാതാക്കളോടും രണ്ടുമാസത്തിനുള്ളില്‍ നിര്‍ദേശം പാലിക്കണമെന്ന് ആവശ്യപ്പെട്ടതായി ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള പറഞ്ഞു.

മുഴുവന്‍ കമ്പനികള്‍ക്കും ഇതുസംബന്ധിച്ച നോട്ടീസ് നല്‍കിയതായും നിര്‍ദേശം പാലിക്കാത്ത കമ്പനികളുടെ പ്രവര്‍ത്തനം രാജ്യത്ത് നിരോധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതായും ആഭ്യന്തര മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യയില്‍ ഏറെ പ്രചാരമുള്ള ഗൂഗിളും സ്‌കൈപ്പും നല്‍കുന്ന ചിലതരം സന്ദേശങ്ങളുടെ സുരക്ഷാപ്രശ്‌നം ആഭ്യന്തര മന്ത്രാലയം ചര്‍ച്ച ചെയ്തു. ഇവ വഴി കൈമാറുന്ന ചിലതരം സന്ദേശങ്ങള്‍ നിലവില്‍ സുരക്ഷാ പരിശോധനക്ക് വിധേയമല്ല. മുബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ സ്‌കൈപ് സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/