തട്ടിക്കൊണ്ടുപോയ പോലീസുകാരെ വധിക്കുമെന്ന് മാവോവാദി ഭീഷണി

Posted on: 02 Sep 2010



പട്‌ന: ബിഹാറിലെ ലക്കിസരായി ജില്ലയില്‍ ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലിനിടെ മാവോവാദികള്‍ തട്ടിക്കൊണ്ടുപോയ നാലു പോലീസുകാരെ വധിക്കുമെന്ന് ഭീഷണി. പോലീസ് കസ്റ്റഡിയിലുള്ള എട്ട് മാവോവാദികളെ വിട്ടയയ്ക്കാന്‍ ഇവര്‍ മുന്നോട്ടുവെച്ച സമയപരിധി ബുധനാഴ്ച തീര്‍ന്നു.

പോലീസുകാരെ തട്ടിക്കൊണ്ടുപോയി പാര്‍പ്പിച്ച താവളത്തെക്കുറിച്ച് സൂചന കിട്ടിയിട്ടുണ്ടെന്നും മലമേഖലയില്‍ ഹെലികോപ്റ്ററടക്കം ഉപയോഗിച്ച് തിരച്ചില്‍ തുടരുകയാണെന്നും ദൗത്യത്തിന്റെ ചുമതലയുള്ള പോലീസ് ഐ.ജി. കെ.എസ്. ദ്വിവേദി പറഞ്ഞു.

സ്വയം പ്രഖ്യാപിത മാവോവാദി വക്താവായ അവിനാഷ് ചൊവ്വാഴ്ച മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ ഓഫീസില്‍ വിളിച്ചാണ് മാവോവാദികളെ വിട്ടയയ്ക്കാനുള്ള സമയപരിധി ബുധനാഴ്ച നാലുമണിക്ക് തീരുമെന്നും അതു കഴിഞ്ഞാല്‍ പോലീസുകാരെ വധിക്കുമെന്നും ഭീഷണി മുഴക്കിയത്.

ഞായറാഴ്ചത്തെ പോരാട്ടത്തില്‍ രണ്ട് പോലീസുകാരും ആറ് സൈനികരുമുള്‍പ്പെടെ എട്ടുപേര്‍ മരിച്ചിരുന്നു. രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാരെയും ബിഹാര്‍ മിലിട്ടറി പോലീസിലെ രണ്ടുപേരെയുമാണ് പോരാട്ടത്തിനിടെ മാവോവാദികള്‍ തട്ടിക്കൊണ്ടുപോയത്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/