പി.വി. സാമി സ്മാരകപുരസ്‌കാരം എം.പി. രാമചന്ദ്രന് സമ്മാനിച്ചു

Posted on: 02 Sep 2010




കോഴിക്കോട്: വ്യവസായ പ്രമുഖനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന പി.വി. സാമിയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് സോഷ്യോ-കള്‍ച്ചറല്‍ അവാര്‍ഡ് ജ്യോതി ലബോറട്ടറീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.പി. രാമചന്ദ്രന് സമ്മാനിച്ചു.

പി.വി. സാമി ചരമവാര്‍ഷികത്തിന്റെ ഭാഗമായി കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയാണ് പുരസ്‌കാരം സമ്മാനിച്ചത്. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവന്‍ എം.പി. പ്രശസ്തിപത്രം നല്കി. പി.വി. സാമി സ്മാരക ട്രസ്റ്റി പി.വി. ഗംഗാധരന്‍ പുരസ്‌കാരജേതാവിനെ ഹാരാര്‍പ്പണം നടത്തി. മാതൃഭൂമി ഡയറക്ടര്‍ (എഡിറ്റോറിയല്‍ അഡ്മിനിസ്‌ട്രേഷന്‍) പി.വി. നിധീഷ് എം.പി. രാമചന്ദ്രനെ പരിചയപ്പെടുത്തി.

എളിയ നിലയില്‍ ആരംഭിച്ച് സ്വന്തമായി വന്‍ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയപ്പോഴും ജീവിതാന്ത്യംവരെ സാമൂഹിക പ്രതിബദ്ധത കാത്തുസൂക്ഷിച്ചു എന്നതാണ് പി.വി. സാമിയുടെ സവിശേഷതയെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത വയലാര്‍ രവി പറഞ്ഞു. വളര്‍ച്ചയുടെ പടവുകളില്‍ അദ്ദേഹം സ്വഭാവത്തിലെ ലാളിത്യം കൈവെടിഞ്ഞില്ല. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തികമേഖലയെ നിയന്ത്രിക്കുന്ന ശക്തികളായി വളര്‍ന്നെങ്കിലും അവരുടെ സാമൂഹികപ്രതിബദ്ധത ഇനിയും ഉയരണം. ജീവനക്കാരെ വെട്ടിച്ചുരുക്കുന്ന ഇന്നത്തെ ശാസ്ത്രീയ മാനേജ്‌മെന്റിന് പിന്നാലെ പോവാതെ, പരമാവധി ആളുകള്‍ക്ക് ജോലി നല്കി സാമി കാണിച്ച സാമൂഹിക പ്രതിബദ്ധത മാതൃകാപരമാണ്. സ്വപ്രയത്‌നവും കഠിനാധ്വാനവും കൊണ്ട് ജ്യോതി ലബോറട്ടറീസിനെ വലിയ സ്ഥാപനമാക്കി വളര്‍ത്തിയ എം.പി. രാമചന്ദ്രന്‍ എന്തുകൊണ്ടും പി.വി. സാമിയുടെ പേരിലുള്ള പുരസ്‌കാരത്തിന് അര്‍ഹനാണ്- വയലാര്‍ രവി പറഞ്ഞു. രാമചന്ദ്രനെ മന്ത്രി പൊന്നാട അണിയിച്ചു.

മനുഷ്യബന്ധങ്ങള്‍ വര്‍ത്തമാന കാലഘട്ടത്തില്‍ ശിഥിലമാവുമ്പോള്‍ മാനുഷികബന്ധത്തില്‍ അധിഷ്ഠിതമായാണ് പി.വി. സാമി തന്റെ വ്യവസായമേഖല പടുത്തുയര്‍ത്തിയതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു. നേട്ടങ്ങള്‍ മാത്രമല്ല, ഇടപെട്ടവരുമായി സ്ഥാപിച്ച സ്‌നേഹബന്ധവുമാണ് സാമിയുടെ സ്മരണ നിലനിര്‍ത്തുന്നത്. ഉന്നതിയില്‍ എത്തിയപ്പോഴും അദ്ദേഹം പുറപ്പെട്ട സ്ഥാനം മറന്നില്ല. എളിയ നിലയില്‍ സംരംഭം തുടങ്ങി വളര്‍ച്ച കൈവരിച്ച രാമചന്ദ്രന്‍, സാമിയെപ്പോലെ മനുഷ്യബന്ധത്തിന് വില കല്പിക്കുന്ന ബിസിനസ്സുകാരനാണ്- വീരേന്ദ്രകുമാര്‍ പറഞ്ഞു.

ബിസിനസ്സിലെ തന്റെ ലാഭം സമൂഹവുമായി പങ്കുവെച്ച മാതൃകാ വ്യവസായിയായിരുന്നു പി.വി. സാമിയെന്ന് എം.കെ. രാഘവന്‍ എം.പി. അഭിപ്രായപ്പെട്ടു. ക്ഷമയും വിനയവും അത്യുത്സാഹവും ഒത്തുചേര്‍ന്ന മാതൃകാപുരുഷനായിരുന്നു സാമിയെന്ന് മുന്‍ അഡ്വക്കേറ്റ് ജനറല്‍ എം. രത്‌നസിങ് പറഞ്ഞു. ബിസിനസ് രംഗത്ത് ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ച സാമി പുതുസംരംഭകര്‍ക്ക് മാതൃകയാണെന്ന് ജില്ലാ കളക്ടര്‍ ഡോ. പി.ബി. സലീം പറഞ്ഞു. കഠിനാധ്വാനവും ലാളിത്യവുമായിരുന്നു സാമിയുടെ മുഖമുദ്രയെന്ന് മലബാര്‍ ചേംബര്‍ സെക്രട്ടറി സി. മോഹന്‍ പറഞ്ഞു. കെ.ടി.സി. പി.ആര്‍.ഒ. പി. ദിവാകരന്‍ പ്രശസ്തിപത്രം വായിച്ചു.

ആദര്‍ശശാലിയായ പി.വി. സാമിയുടെ നാമധേയത്തിലുള്ള പുരസ്‌കാരം ലഭിച്ചത് വലിയ അംഗീകാരമായിക്കാണുന്നെന്ന് മറുപടിപ്രസംഗത്തില്‍ എം.പി. രാമചന്ദ്രന്‍ വ്യക്തമാക്കി. നമ്മളുടെ നിത്യോപയോഗ സാധനങ്ങളില്‍ 95 ശതമാനവും വിദേശനിര്‍മിതമാണ്. രാഷ്ട്രീയസ്വാതന്ത്ര്യം നേടിയെങ്കിലും സാമ്പത്തിക സ്വാതന്ത്ര്യം നേടിയോ എന്ന് ചിന്തിക്കണം. നിത്യോപയോഗ സാധനങ്ങള്‍ ഇവിടെത്തന്നെ നിര്‍മിക്കണമെന്നാണ് എന്റെ ആഗ്രഹം- രാമചന്ദ്രന്‍ പറഞ്ഞു.

പി.വി. സാമി സ്മാരക ട്രസ്റ്റ് മാനേജിങ് ട്രസ്റ്റിയും മാതൃഭൂമി മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന്‍ സ്വാഗതവും മാതൃഭൂമി ഡയറക്ടര്‍ ഡോ. ടി.കെ. ജയരാജ് നന്ദിയും പറഞ്ഞു.

നേരത്തെ നടന്ന പി.വി. സാമി അനുസ്മരണ സമ്മേളനം ഡോ. സി.കെ. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഉയര്‍ച്ചയും താഴ്ചയും ഒരുപോലെ ചാഞ്ചല്യമില്ലാതെ നേരിട്ട സാമിയുടെ പെരുമാറ്റത്തെ സമ്പത്തും സ്ഥാനമഹിമയും ഒരിക്കലും സ്വാധീനിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വാതന്ത്ര്യസമരകാലത്ത് അന്നത്തെ സമരഭടന്മാര്‍ക്ക് കഞ്ഞി എത്തിച്ചുകൊടുത്തത് ആ സ്വഭാവമഹിമ വ്യക്തമാക്കുന്നു. താത്കാലിക ലാഭത്തിനുവേണ്ടി കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന വ്യക്തിയല്ല സാമി. ശ്രീനാരായണഗുരുവിനെ അവതാരപുരുഷനായി കണ്ട അദ്ദേഹം, ശ്രീകണേ്ഠശ്വര ക്ഷേത്രത്തിന്റെ അഭിവൃദ്ധിയില്‍ സ്തുത്യര്‍ഹമായ പങ്ക് വഹിച്ചിട്ടുണ്ട്- ഡോ. രാമചന്ദ്രന്‍ പറഞ്ഞു.

ഒരു ദേശത്തെ മുഴുവന്‍ പിന്നാക്കാവസ്ഥയില്‍നിന്ന് പുരോഗതിയിലേക്ക് നയിച്ച ദീര്‍ഘവീക്ഷണമുള്ള വ്യവസായപ്രമുഖനായിരുന്നു സാമിയെന്ന് അധ്യക്ഷപ്രസംഗത്തില്‍ കേരളസാഹിത്യ അക്കാദമി പ്രസിഡന്റ് പി. വത്സല പറഞ്ഞു. പലരും കേരളം വിട്ട് മറ്റിടങ്ങളില്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങിയപ്പോള്‍ ഇവിടെത്തന്നെ തന്റെ കര്‍മമണ്ഡലമായി അദ്ദേഹം തിരഞ്ഞെടുത്തു. പുരോഗതിയിലേക്ക് നീങ്ങാന്‍ റോഡും വാഹനങ്ങളും വേണമെന്ന് ദൂരദൃഷ്ടിയോടെ കാണാന്‍ സാമിക്ക് സാധിച്ചു- വത്സല പറഞ്ഞു.

കൃത്യനിഷ്ഠയും കാര്യക്ഷമതയും ഒത്തുചേര്‍ന്ന അപൂര്‍വ വ്യക്തിത്വമായിരുന്നു പി.വി. സാമിയെന്ന് എ.കെ. ശശീന്ദ്രന്‍ എം.എല്‍.എ. പറഞ്ഞു.

സ്ഥിരോത്സാഹവും അതിരറ്റ ആത്മവിശ്വാസവും കൈമുതലാക്കി വ്യവസായസ്ഥാപനം വളര്‍ത്തിയെടുത്തപ്പോഴും സാമി വിനയം കൈവെടിഞ്ഞില്ലെന്ന് ഡി.സി.സി. പ്രസിഡന്റ് കെ.സി. അബു ചൂണ്ടിക്കാട്ടി. പ്രയാസകരമായ ചുറ്റുപാടില്‍നിന്ന് സ്വന്തമായി വ്യവസായസാമ്രാജ്യം പടുത്തുയര്‍ത്തിയ സാമി പുതിയ തലമുറയ്ക്ക് മാതൃകയാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. മോഹനന്‍ പറഞ്ഞു. രാജ്യമാകെ വളര്‍ന്ന ബിസിനസ് മേഖല സാമി വളര്‍ത്തിയെടുത്തത് സ്വപ്രയത്‌നത്തിലൂടെയാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി എന്‍.സി. അബൂബക്കര്‍ പറഞ്ഞു. സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുത്ത വ്യവസായിയായ സാമി സമര്‍പ്പിത വ്യക്തിത്വത്തിന് ഉടമയാണെന്ന് സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.വി. ബാലന്‍ പറഞ്ഞു. സ്വന്തം സ്ഥാപനത്തിന്റെ പേരിലൂടെ കേരളത്തെ പുറംലോകത്തെ അറിയിച്ച വ്യവസായ പ്രമുഖനായിരുന്നു സാമിയെന്ന് പ്രസ്‌ക്ലബ് പ്രസിഡന്റ് ആര്‍. മധുശങ്കര്‍ പറഞ്ഞു.

അനുസ്മരണ സമിതി അംഗങ്ങളായ അഡ്വ. പി.എം. സുരേഷ്ബാബു സ്വാഗതവും അഡ്വ. എം. രാജന്‍ നന്ദിയും പറഞ്ഞു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/