കേന്ദ്രീയവിദ്യാലയത്തില്‍ ശാസ്ത്രപ്രദര്‍ശനം തുടങ്ങി

Posted on: 02 Sep 2010



തിരുവനന്തപുരം: ഞണ്ടിന്റെ മണം നല്‍കി പാടങ്ങളില്‍ നിന്ന് ചാഴിയെ പിടികൂടുന്ന റൈസ് ബഗ് ട്രാപ്, ഊര്‍ജസ്വയംപര്യാപ്തത നേടിയ വീട്... അതിര്‍വരമ്പുകള്‍ ലംഘിച്ച് കുരുന്നുകളുടെ ശാസ്ത്രഭാവനകള്‍ പറന്നുയര്‍ന്നപ്പോള്‍ പിറന്നതിലേറെയും ഭാവിയുടെ ആശങ്കകളും അതിനുള്ള പ്രതിവിധികളും.

പട്ടം കേന്ദ്രീയവിദ്യാലയത്തില്‍ ആരംഭിച്ച റീജണല്‍ സയന്‍സ് എക്‌സിബിഷനിലാണ് ശാസ്ത്രത്തിന്റെ നവീനാശയങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത്. ശാസ്ത്രത്തിന്റെ സാമാന്യതത്വങ്ങള്‍ പ്രത്യാശയുടെ ഉപകരണങ്ങളാക്കിക്കൊണ്ടാണ് കുട്ടികളുടെ മിന്നും പ്രകടനങ്ങള്‍. 'ജീവിതത്തിലെ വെല്ലുവിളികള്‍ നേരിടാന്‍ ശാസ്ത്രവും സാങ്കേതികവും' എന്നതാണ് പ്രദര്‍ശനത്തിന്റെ പ്രധാന ആശയം. വിദ്യാര്‍ഥികളിലും പൊതുസമൂഹത്തിനുമിടയില്‍ ശാസ്ത്രാഭിരുചി വളര്‍ത്തുന്നതിനായി എന്‍.സി.ഇ.ആര്‍.ടിയുടെ ആഭിമുഖ്യത്തില്‍ രാജ്യവ്യാപകമായി സ്‌കൂളുകളില്‍ നടത്തുന്ന പരിപാടിയുടെ ഭാഗമായാണ് പ്രദര്‍ശനം.

സുസ്ഥിര ജൈവവൈവിധ്യസംരക്ഷണം, കൃഷിയും സാങ്കേതികതയും ഹരിതോര്‍ജം, ഗതാഗതവും വിനിമയവും സാമൂഹികാരോഗ്യവും പരിസ്ഥിതിയും ഗണിതമാതൃകാനിര്‍മാണം എന്നീ വിഷയങ്ങളെ അധികരിച്ചാണ് മോഡലുകള്‍ നിരത്തിയിരിക്കുന്നത്. ചെന്നൈ റീജണലിലെ 60 കേന്ദ്രീയവിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. തമിഴ്‌നാട്, പോണ്ടിച്ചേരി, കേരളം എന്നിവിടങ്ങളിലെ കേന്ദ്രീയവിദ്യാലയങ്ങളാണ് ചെന്നൈ റീജന് കീഴില്‍ വരുന്നത്. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. കെ.പി. ഔസേപ്പ് ബുധനാഴ്ച രാവിലെ ശാസ്ത്രമേള ഉദ്ഘാടനം ചെയ്തു. വ്യാഴാഴ്ച സമാപിക്കും.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/