മാവോയിസ്റ്റുകളല്ല കമ്യൂണിസ്റ്റുകള്‍ -എ.ബി. ബര്‍ദന്‍

കോയമ്പത്തൂര്‍: മാവോയിസ്റ്റുകളല്ല കമ്യൂണിസ്റ്റുകാരെന്ന് സി.പി.ഐ. ജനറല്‍സെക്രട്ടറി എ.ബി. ബര്‍ദന്‍ പറഞ്ഞു. ഇത്തരത്തില്‍ തെറ്റിദ്ധാരണജനകമായ പ്രസ്താവനനടത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം. കരുണാനിധി പ്രസ്താവന പിന്‍വലിക്കണമെന്ന് അദ്ദേഹം കോയമ്പത്തൂരില്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സമാധാനപരമായി സമരംനടത്തിയ തമിഴ്‌നാട് പോഷകാഹാരകേന്ദ്രം ജീവനക്കാരെ സര്‍ക്കാര്‍ മാവോയിസ്റ്റുകളായി ചിത്രീകരിക്കുകയാണ്. സമരത്തിന്റെ പേരില്‍ പിരിച്ചുവിട്ട 25 ജീവനക്കാരെ തിരിച്ചെടുക്കണം. ഇല്ലെങ്കില്‍ സമരമുറകളുമായി കമ്യൂണിസ്റ്റ്കക്ഷികള്‍ രംഗത്തെത്തും. ജയലളിതയുടെ ഭരണകാലത്ത് പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കമ്യൂണിസ്റ്റ്കക്ഷികള്‍ പ്രക്ഷോഭംനടത്തിയിരുന്നു.
അവകാശങ്ങള്‍ക്കായി സമരംനടത്തുന്നവരെയല്ല, ഭൂമാഫിയകളെയാണ് സര്‍ക്കാര്‍ അടിച്ചമര്‍ത്തേണ്ടത്. കമ്യൂണിസ്റ്റുകള്‍ മാവോയിസ്റ്റുകളാണെന്ന പ്രചാരണം നടത്തുന്ന മുഖ്യമന്ത്രിയുടെ കക്ഷി പിന്തുണനല്കുന്ന കേന്ദ്രത്തിലെ ഒരു മന്ത്രി മാവോയിസ്റ്റ്‌സമ്മേളനത്തില്‍ പങ്കെടുത്ത് പ്രസംഗിച്ചതിനെപ്പറ്റി കരുണാനിധി എന്തുപറയുന്നു- ബര്‍ദന്‍ ചോദിച്ചു.
എം.പിമാര്‍ക്കുള്ള ഭീമമായ വേതനവര്‍ധനയെ സി.പി.ഐ. അനുകൂലിക്കുന്നില്ല. മിച്ചമുള്ള ഭക്ഷ്യധാന്യങ്ങള്‍ ഭക്ഷ്യക്ഷാമമുള്ള സംസ്ഥാനങ്ങള്‍ക്ക് നല്‍കണം. സപ്തംബര്‍ ഏഴിലെ ഭാരതബന്ദ് വന്‍വിജയമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.