പ്രഖ്യാപിത വണ്ടികള്‍ ഇനിയും വൈകും; റേക്കില്ലെന്ന് റെയില്‍വേ

Posted on: 02 Sep 2010



പാലക്കാട്: പുതിയ റെയില്‍വേ ടൈംടേബിള്‍ പ്രഖ്യാപിച്ച് ഒരുമാസം കഴിഞ്ഞിട്ടും കേരളത്തിന് അനുവദിച്ച ഒരു വണ്ടിപോലും ഓടിത്തുടങ്ങിയില്ല. സമയപുനഃക്രമീകരണവും നടപ്പായില്ല.

ജൂലായ് ഒന്നിനാണ് പുതിയ റെയില്‍വേ ടൈംടേബിള്‍ നിലവില്‍വന്നത്. സംസ്ഥാനത്തിനകത്തെ യാത്രക്കാര്‍ക്ക് ആശ്വാസകരമാവുമായിരുന്ന ഒട്ടേറെ പ്രഖ്യാപനങ്ങളും ഇതിലുണ്ടായിരുന്നു. എന്നാല്‍ വണ്ടികള്‍ ഓടിക്കാത്തത് ആവശ്യത്തിന് റേക്കുകള്‍ ഇല്ലാത്തതിനാലാണെന്നാണ് റെയില്‍വേയുടെ വിശദീകരണം. എന്നുമുതല്‍ ഇവ ഓടിക്കാനാവുമെന്നുപോലും അധികൃതര്‍ വ്യക്തമാക്കുന്നുമില്ല.

എറണാകുളം-ലോക്മാന്യതിലക് തുരന്തോ എക്‌സ്​പ്രസ് (2224/2223-ആഴ്ചയില്‍ രണ്ടുദിവസം), തിരുച്ചിറപ്പിള്ളി-മംഗലാപുരം സെന്‍ട്രല്‍ എക്‌സ്​പ്രസ് (2653/2654-പ്രതിവാരം), കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി എക്‌സ്​പ്രസ് (2081/2082- ആഴ്ചയില്‍ അഞ്ചുദിവസം). എറണാകുളം-പുണെ എക്‌സ്​പ്രസ് (2519/2520-ആഴ്ചയില്‍ രണ്ട് ദിവസം) എന്നിവയാണ് ടൈംടേബിളില്‍ പ്രഖ്യാപിച്ച പ്രധാന ദീര്‍ഘദൂര വണ്ടികള്‍. നിലമ്പൂര്‍ റോഡ്-പാലക്കാട് പാസഞ്ചര്‍ പഴയ സമയത്തേക്ക് പുനഃസ്ഥാപിക്കുമെന്നും അറിയിച്ചിരുന്നു.

കോഴിക്കോട്-തിരുവനന്തപുരം (കോട്ടയം വഴി) ജനശതാബ്ദി എക്‌സ്​പ്രസ് മലബാറിലുള്ളവര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ട്രെയിനാണ്. തിരുവനന്തപുരത്തേക്കുള്ള യാത്രാക്ലേശം ഒരു പരിധിവരെ പരിഹരിക്കാന്‍ ഈ ട്രെയിന്‍വഴി കഴിയുമായിരുന്നു.

നിലമ്പൂര്‍ റോഡ്-പാലക്കാട് പാസഞ്ചര്‍ (656/655) നിലവില്‍ ഓടിക്കൊണ്ടിരിക്കുന്നത് യാത്രക്കാര്‍ക്ക് പ്രയോജനപ്പെടാത്ത വിധത്തിലാണ്. നിലമ്പൂരില്‍നിന്ന് വൈകീട്ട് പുറപ്പെടുന്ന വണ്ടി രാത്രി 10.30നാണ് പാലക്കാട്ടെത്തുന്നത്. നേരത്തെ ഇത് 8.20ന് എത്തിയിരുന്നു. പുതിയ സമയപ്രകാരം രാത്രി പാലക്കാട്ടേക്കുള്ള യാത്രക്കാര്‍ ഈ പാസഞ്ചര്‍ ഉപയോഗിക്കാറില്ല. തുടര്‍ന്ന് എം.പി. തലത്തിലും പാസഞ്ചര്‍ അസോസിയേഷന്‍ തലത്തിലും നടത്തിയ സമ്മര്‍ദത്തെത്തുടര്‍ന്ന് രാത്രി 8.20ന് പാലക്കാട്ടെത്തുന്നവിധം വണ്ടിയുടെസമയം പഴയരീതിയിലാക്കാന്‍ റെയില്‍വേ തീരുമാനിച്ചിരുന്നു. ജൂലായ് ഒന്നിന് ടൈടേബിളില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നെങ്കിലും ഇന്നുവരെ സമയമാറ്റം നടപ്പായിട്ടില്ല. ടൈംടേബിളിലാവട്ടെ ഇത് പുതിയ ട്രെയിന്‍ എന്ന രീതിയിലാണ് അവതരിപ്പിച്ചിരുന്നത്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/