നാലു ഭാഷകളില്‍ യേശുവിനെക്കുറിച്ച് ചലച്ചിത്രം, പവന്‍ കല്യാണ്‍ നായകന്‍

Posted on: 02 Sep 2010



യേശുദേവന്റെ കഥയുമായി ആദ്യ ബോളിവുഡ് ചിത്രം വരുന്നു. ദക്ഷിണേന്ത്യയിലെ സൂപ്പര്‍ഹിറ്റ് സംവിധായകനായ സിങ്കീതം ശ്രീനിവാസറാവുവും നിര്‍മാതാവായ വിജേന്ദ്രവര്‍മയും ഒന്നിക്കുന്ന ചിത്രം ഇംഗ്ലീഷടക്കം നാലു ഭാഷകളിലാണ് തയ്യാറാകുന്നത്. യേശുവിന്റെ ജനനം മുതല്‍ മരണം വരെയുള്ള കാലഘട്ടമാണ് ചിത്രീകരിക്കപ്പെടുന്നത്.

ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, മലയാളം ഭാഷകളിലായിരിക്കും ചിത്രം. ജെറുസലേമിലെ ഒലിവ് മലയിലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. ബോളിവുഡിന്റെ ചരിത്രത്തില്‍ ഇത്രയും വിശാലമായ ക്യാന്‍വാസില്‍ ഒരു ചിത്രമൊരുങ്ങുന്നത് ആദ്യമായായിരിക്കും- സംവിധായകന്‍ സിങ്കീതം ശ്രീനിവാസ റാവു പറഞ്ഞു. ബോളിവുഡില്‍ ആദ്യമായാണ് യേശുവിന്റെ ജീവിതം സിനിമയാകുന്നത്. അതുകൊണ്ടു തന്നെ ഈ പദ്ധതി തന്റെ സ്വപ്നയാഥാര്‍ഥ്യമാണ്.

ഇന്ത്യയിലും ഇസ്രായേലിലുമായിട്ടായിരിക്കും ഷൂട്ടിങ്. യേശുവിന്റെ ചെറുപ്പകാലത്തെ അവതരിപ്പിക്കാന്‍ പത്തു മുതല്‍ പതിന്നാലു വയസ്സുവരെയുള്ള കുട്ടികളെ തിരഞ്ഞെടുത്തു കഴിഞ്ഞു. തെലുങ്കിലും മലയാളത്തിലും നായകനാകുന്നത് പ്രശസ്ത തെലുങ്ക് നടന്‍ പവന്‍ കല്യാണാണ്. ഇതിലെ നായികയെ സപ്തംബര്‍ പത്തിന് ശേഷം പ്രഖ്യാപിക്കും. ഹിന്ദിയിലും ഇംഗ്ലീഷിലും അഭിനയിക്കുന്നവരുടെ പേരുകള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും റാവു പറഞ്ഞു.

ബോളിവുഡിലെ പ്രശസ്തരായ രണ്ടുപേരായിരിക്കും ഈ റോളുകളില്‍ എത്തുക. പാഷന്‍ ഓഫ് ക്രൈസ്റ്റ് എന്ന ഹോളിവുഡ് സിനിമയുടെ മേക്കപ്പ്മാനായ ക്രിസ്റ്റ്യന്‍ ടിന്‍സ്‌ലെയായിരിക്കും ഈ ചിത്രത്തിലും എത്തുക. അമിതാഭ് ബച്ചന്‍ അഭിനയിച്ച പാ യിലും ക്രിസ്റ്റ്യന്‍ ടിന്‍സ്‌ലെ മേക്കപ്പ്മാനായിരുന്നു.

ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ഇതെന്ന് റാവു പറഞ്ഞു. മൂന്നുകോടി ഡോളറാണ് ചിത്രത്തിന്റെ ചെലവ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴത്തെ ബോളിവുഡ് ചിത്രങ്ങളുടെ ചെലവ് അഞ്ച് ലക്ഷം ഡോളറാണ്. പുഷ്പക്ക്, അപ്പുരാജ, ആദിത്യ 369 എന്നീ സൂപ്പര്‍ഹിറ്റ്ചിത്രങ്ങളുടെ സംവിധായകനാണ് സിങ്കീതം ശ്രീനിവാസ റാവു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/