കോടതി വിധി സ്ഥാപനവത്കരണ ശ്രമങ്ങള്‍ക്കുള്ള തിരിച്ചടി

Posted on: 01 Sep 2010



തിരുവനന്തപുരം: കണ്ണൂര്‍ പാപ്പിനിശ്ശേരി കണ്ടല്‍ പാര്‍ക്കിലെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ തടഞ്ഞുകൊണ്ടുള്ള സുപ്രീംകോടതി വിധി സി.പി.എമ്മിലെ സ്ഥാപനവത്കരണ നീക്കങ്ങള്‍ക്കുള്ള കനത്ത തിരിച്ചടിയാണ്. സി.പി.എം. കണ്ണൂര്‍ ജില്ലാ ഘടകത്തിനാണ് സുപ്രീംകോടതി വിധിയുടെ ആഘാതം പ്രത്യക്ഷത്തില്‍ നേരിടേണ്ടിവരുന്നതെങ്കിലും സംസ്ഥാന നേതൃത്വവും ഇതില്‍നിന്നും മുക്തരാകില്ല. സി.പി.എം. സംസ്ഥാന നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്കുള്ള മേധാവിത്വം തന്നെ കാരണം. പാപ്പിനിശ്ശേരി ഇക്കോ ടൂറിസം സൊസൈറ്റിയുടെ പേരിലാണ് പാര്‍ക്ക് നിര്‍മിച്ചതെങ്കിലും സി.പി.എമ്മിന്റെ സംസ്ഥാന നേതാക്കളാണ് ഇതിന്റെ സംരക്ഷകരും വക്താക്കളുമായി രംഗത്തുവന്നിരുന്നത്.

ഒരുകാലത്ത് പരിസ്ഥിതിയുടെയും പ്രകൃതിയുടെയും സംരക്ഷണത്തിന്റെ കുത്തക അവകാശപ്പെട്ടിരുന്ന പാര്‍ട്ടിയാണ് സി.പി.എം. അതേ പാര്‍ട്ടിയെതന്നെ പരിസ്ഥിതി നാശത്തിന്റെ പേരില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന അവസ്ഥയാണ് പാപ്പിനിശ്ശേരിയിലെ കണ്ടല്‍ പാര്‍ക്ക് സൃഷ്ടിച്ചിരിക്കുന്നത്.

ഒടുവിലുണ്ടായ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിവാദ കണ്ടല്‍പാര്‍ക്ക് പൂട്ടാതിരിക്കാനുള്ള പഴുത് തേടുകയാണ് സി.പി.എം. നേതൃത്വം ഇപ്പോള്‍. പാര്‍ക്ക് പൂട്ടുന്ന സാഹചര്യം ശക്തികേന്ദ്രമായ കണ്ണൂരില്‍ പാര്‍ട്ടിയുടെ മാനംകെടുത്തുമെന്ന തിരിച്ചറിവാണ് കാരണം. പാര്‍ക്കിലെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണമെന്ന കോടതിവിധി കണ്ടല്‍പാര്‍ക്കിന്റെ പേര് കണ്ടല്‍ ഗവേഷണ കേന്ദ്രമെന്നാക്കി മറികടക്കാനാണ് സി.പി.എമ്മിന്റെ നീക്കം. നേരത്തെ ഹൈക്കോടതി വിധിയുണ്ടായ സമയത്തുതന്നെ ഈ ദിശയിലുള്ള നീക്കം സി.പി.എം. ആരംഭിച്ചിരുന്നു.

തുടര്‍ച്ചയായി രണ്ടാംദിവസമാണ് സുപ്രീംകോടതി വിധികള്‍ സി.പി.എമ്മിനും സംസ്ഥാന സര്‍ക്കാരിനും തിരിച്ചടി സൃഷ്ടിച്ചിരിക്കുന്നത്. സ്വാശ്രയ വിദ്യാഭ്യാസ രംഗം മായംചേര്‍ക്കാത്ത വാണിജ്യ- വ്യവസായ കേന്ദ്രമായെന്നകോടതി നിരീക്ഷണം സ്വാശ്രയമാനേജ്‌മെന്റുകളോടൊപ്പം സര്‍ക്കാരിനും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണ്. ഭരണത്തിലേറി അഞ്ചാംവര്‍ഷത്തിലും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാര്‍ഥി പ്രവേശനം സുതാര്യമായും സുഗമമായും നടത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ലായെന്ന പ്രതിപക്ഷ വിമര്‍ശനത്തെ സാധൂകരിക്കുന്നതാണ് സുപ്രീംകോടതിയുടെ ഒടുവിലത്തെ വിധി പ്രഖ്യാപനവും.

വയനാട്ടില്‍ ആദിവാസി ക്ഷേമസമിതിയുടെ പേരില്‍ ആരംഭിച്ച ഭൂമി കൈയേറ്റ സമരം പാതിവഴിയില്‍ സി.പി.എമ്മിന് ഉപേക്ഷിക്കേണ്ടിവന്നതും കോടതി ഇടപെടലിനെത്തുടര്‍ന്നായിരുന്നു. കൈയേറ്റ സമരക്കാരെ ആഗസ്ത് 31 നകം നിര്‍ബന്ധമായി ഒഴിപ്പിക്കണമെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനുമായി പേരിനൊരു ചര്‍ച്ച നടത്തി സമരം അവസാനിപ്പിച്ചത്. ഹൈക്കോടതി വിധി ലംഘിച്ച് സമരം തുടരുന്ന സ്ഥിതി സര്‍ക്കാരിനും സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സി.പി.എമ്മിനും ദോഷകരമാകുമെന്ന അവസ്ഥ സംജാതമായപ്പോഴാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി മുഖംരക്ഷിക്കാന്‍ സി.പി.എം. ശ്രമിച്ചത്.


Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/