വസായ് -വിരാര്‍ മേഖലയ്ക്ക് 1555 കോടി രൂപയുടെ പദ്ധതി
Posted on: 30 Jul 2010
മുംബൈ:വസായ് -വിരാര്‍ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1555.54 കോടി രൂപയുടെ മൂന്നു ബൃഹൃദ് പദ്ധതികള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കി. നവി മുംബൈയ്ക്കു ശേഷം വസായ് -വിരാര്‍ മേഖലയെ ഉപഗ്രഹനഗരമാക്കാനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. വസായ്- വിരാര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സമര്‍പ്പിച്ചിട്ടുള്ള പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കൂടി ഇതിനു വേണ്ടിവരും. കേന്ദ്രസര്‍ക്കാര്‍ സൂക്ഷ്മപരിശോധന നടത്തിയശേഷം പദ്ധതികള്‍ക്കു അന്തിമ അനുമതി നല്‍കും. 556 കോടി രൂപയുടെ കുടിവെള്ള അഴുക്കുചാല്‍ പദ്ധതി, മാലിന്യ നിര്‍മാര്‍ജന സംസ്‌കരണ പദ്ധതിക്കായിട്ടുള്ള 1000 കോടിയുടെ പദ്ധതി എന്നിവയാണ് അനുമതി കാത്തിരിക്കുന്നത്. ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ 80 ശതമാനം തുക നല്‍കും. സംസ്ഥാന സര്‍ക്കാരിന്റെയും കോര്‍പ്പറേഷന്റെയും പങ്ക് 10 ശതമാനം വീതം ആയിരിക്കും.
ഭാവിയിലുള്ള വളര്‍ച്ചയെ ലക്ഷ്യമിട്ടാണ് ഈ പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. പശ്ചിമ പ്രാന്ത പ്രദേശത്ത് ഏറ്റവും കൂടുതല്‍ കുടിയേറ്റം നടക്കുന്ന മേഖലയാണിത്. അടുത്തയിടെ ഇവിടം കോര്‍പ്പറേഷനായി.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam