വിദ്യാര്‍ഥിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: ബ്രെയിന്‍ മാപ്പിങ്, പോളിഗ്രാഫ് ടെസ്റ്റുകള്‍ അധ്യാപകന് അനുകൂലം

Posted on: 30 Jul 2010



മുംബൈ: കലമ്പൊലി സെന്റ് ജോസഫ് സ്‌കൂളില്‍വെച്ച് ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ അധ്യാപകന്‍ ഫിറോസ് ഇബ്രാഹിന്റെ ബ്രെയിന്‍ മാപ്പിങ്, പോളിഗ്രാഫ് ടെസ്റ്റുകള്‍ അധ്യാപകന് അനുകൂലമായി. മുമ്പ് നടന്ന ഫോറന്‍സിക് പരീക്ഷണവും അധ്യാപകന് അനുകൂലമായിരുന്നു.

നവിമുംബൈ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന ഈ കേസില്‍ എല്ലാ ടെസ്റ്റുകളും അധ്യാപകന് അനുകൂലമായ സാഹചര്യത്തില്‍ അധ്യാപകന്റെ കുടുംബം, ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഫോറന്‍സിക് റിപ്പോര്‍ട്ട് വരുന്നതിനുമുമ്പേ ഫിറോസ് ഇബ്രാഹിമിന്റെ കുടുംബം ജാമ്യം തേടി അലിബാഗ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി അപേക്ഷ നിരസിക്കുകയായിരുന്നു. എന്നാല്‍ ഫോറന്‍സിക് റിപ്പോര്‍ട്ടും ബ്രെയിന്‍ മാപ്പിങ്ങും പോളിഗ്രാഫ് ടെസ്റ്റുകളും നെഗറ്റീവാണെന്ന ഔദ്യോഗിക വിവരം ഇതുവരെ പോലീസ് ഫിറോസ് ഇബ്രാഹിമിന്റെ കുടുംബത്തിനെ അറിയിച്ചിട്ടില്ല.

ഫിറോസ് ഇബ്രാഹിമിനെ ഈ കേസില്‍ കുടുക്കിയതാണെന്നും അദ്ദേഹം നിരപരാധിയാണെന്നും അറസ്റ്റ് ചെയ്ത കാലയളവില്‍ കുടുംബാംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു.
ജൂണ്‍ 21ന് കലമ്പൊലിയിലെ സെന്റ് ജോസഫ് സ്‌കൂളിലെ മൂത്രപ്പുരയില്‍ വെച്ചാണ് ഏഴുവയസ്സുകാരി ബലാത്സംഗം ചെയ്യപ്പെടുന്നത്. ജൂണ്‍ 22ന് കേസ് രജിസ്റ്റര്‍ ചെയ്തു.
കുട്ടി തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഫിറോസ് ഇബ്രാഹിമിനെ പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു. ഒരു മാസമായി ജയിലിലുള്ള ഫിറോസ് ഇബ്രാഹിം ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
കലമ്പൊലി പോലീസ് കേസ് കൃത്യമായി അന്വേഷിക്കുന്നില്ലെന്നും സ്‌കൂള്‍ മാനേജ്‌മെന്റും പോലീസും ചേര്‍ന്ന് കേസിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപണം ശക്തമായി ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്ന് രക്ഷിതാക്കളുടെ നേതൃത്വത്തില്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടക്കുകയും മാര്‍ച്ച് ലാത്തിച്ചാര്‍ജില്‍ കലാശിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് കലമ്പൊലി പോലീസില്‍ നിന്ന് കേസ് നവിമുംബൈ ക്രൈംബ്രാഞ്ചിന് കൈമാറിയത്.
നിയമസഭയിലും ഈ പ്രശ്‌നം ഉന്നയിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ഈ കേസ് അന്വേഷിക്കുന്നത് അസിസ്റ്റന്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ പുഷ്പലത ദിഗെയാണ്.

ഈ കേസുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. അയാളെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഫിറോസിനെ സഹായിച്ചത് സ്‌കൂളിലെ അധ്യാപകരില്‍ ആരെങ്കിലും ആണോ എന്ന കാര്യം മുന്‍നിര്‍ത്തി പതിനേഴ് അധ്യാപകരെയും തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കിയിരുന്നു. അധ്യാപകരില്‍ ആരും ഫിറോസ് ഇബ്രാഹിനെ സഹായിച്ചില്ലെന്നാണ് കുട്ടി വ്യക്തമാക്കിയത്.

കുട്ടി ബലാത്സംഗത്തിന് ഇരയായി എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിരുന്നു.
ഈ കേസില്‍ അറസ്റ്റിലായ പ്രതി ഫിറോസ് ഇബ്രാഹിമിന്റെ ടെസ്റ്റുകള്‍ നെഗറ്റീവായ സാഹചര്യത്തില്‍ ബലാത്സംഗകേസിലെ പ്രതിയാരാണെന്നതാണ് ഇപ്പോള്‍ നവിമുംബൈ ക്രൈംബ്രാഞ്ചിന്റെ മുന്നിലെ പ്രധാന പ്രശ്‌നം.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/