പുണെ പോലീസിന് വനിതാ കമ്മീഷണര്‍

Posted on: 30 Jul 2010



മുംബൈ: മഹാരാഷ്ട്രയിലെ ആദ്യത്തെ വനിതാ പോലീസ് കമ്മീഷണറായി മീരന്‍ ബോര്‍വാന്‍കര്‍ നിയമിതയായി. പുണെയുടെ കമ്മീഷണറായിട്ടാണ് അവരുടെ നിയമനം. ഡോ. സത്യപാല്‍ സിങ്ങിനു പകരമാണ് അവരുടെ നിയമനം. പുണെയില്‍ ക്രമസമാധാന നില വഷളായതിന്റെ പേരില്‍ സത്യപാല്‍ സിങ്ങിനെ സ്ഥലംമാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ആഭ്യന്തരസഹമന്ത്രി രമേശ് ബഗ്‌വെ അദ്ദേഹത്തിന്റെ സ്ഥലമാറ്റം പ്രഖ്യാപിച്ചെങ്കിലും ആഭ്യന്തരമന്ത്രി ആര്‍.ആര്‍. പാട്ടീല്‍ ഈ തീരുമാനം മാറ്റുകയായിരുന്നു. തുടര്‍ന്ന് സത്യപാല്‍ സിങ് രമേശ് ബഗ്‌വെക്കെതിരെ കേസുകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് പുതുക്കല്‍ അപേക്ഷയില്‍ എതിരായി റിപ്പോര്‍ട്ട് നല്കി.

ഇതോടെ മന്ത്രിയും സത്യപാല്‍ സിങ്ങും തമ്മിലുള്ള വാക്തര്‍ക്കം മൂര്‍ച്ഛിച്ചു. ഒടുവില്‍ ആഭ്യന്തരമന്ത്രി ഇടപെട്ട് പ്രശ്‌നം രമ്യതയിലാക്കുകയായിരുന്നു.

പുണെയില്‍ വനിതകള്‍ പീഡനത്തിന് ഇരയാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സത്യപാല്‍ സിങ്ങിന്റെ സ്ഥലമാറ്റം പലരും ആവശ്യപ്പെട്ടത്. ഇതിന്റെ പശ്ചാത്തലത്തിലാണ് മീരന്‍ ബോര്‍വാന്‍കറുടെ നിയമനം.
1981-ലെ ഐ.പി.എസ്. ബാച്ചുകാരിയായ അവര്‍ 2004-07ല്‍ മുംബൈ ജോയന്റ് പോലീസ് കമ്മീഷണറായിരുന്നു.
മഹാരാഷ്ട്രയിലെ ആദ്യത്തെ ജോയന്റ് പോലീസ് കമ്മീഷണറായിരുന്നു അവര്‍.
കോലാപ്പൂര്‍ പോലീസ് സുപ്രണ്ട്, ബോംബെ പോര്‍ട്ട് ട്രസ്റ്റ് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍, സത്താറ പോലീസ് സൂപ്രണ്ട്, മുംബൈ സോണ്‍ നാല് ഡെപ്യൂട്ടി കമ്മീഷണര്‍, ഡി.ഐ.ജി. (അഡ്മിനിസ്‌ട്രേഷന്‍) എന്നീ നിലകളിലും മൂന്നു വര്‍ഷം സി.ബി.ഐ.യിലും അവര്‍ സേവനം അനുഷ്ഠിച്ചു. മാലേഗാവ്, പര്‍ഭാനി, സിന്ധുദുര്‍ഗ് ലൈംഗിക അപവാദ കേസുകള്‍ അന്വേഷിച്ചതും മീരന്‍ ബോര്‍വാന്‍കറാണ്.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/