സ്റ്റുഡന്റ്‌സ് ഓണ്‍ലി.... സ്‌കൂളിലേക്ക് സുഖയാത്ര

Posted on: 30 Jul 2010




കാസര്‍കോട്: വിദ്യാര്‍ഥികളും ബസ്ജീവനക്കാരും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്ക് വിട. മധൂര്‍ റൂട്ടില്‍ സ്റ്റുഡന്റ്‌സ് ഓണ്‍ലി സര്‍വീസ് തുടങ്ങി. താലൂക്ക് ബസ് ഉടമസ്ഥ സംഘത്തിന്റെ നേതൃത്വത്തിലാണ് പുതിയ സര്‍വീസ് തുടങ്ങിയിരിക്കുന്നത്. സ്റ്റുഡന്റ്‌സ് ഓണ്‍ലി സര്‍വീസിന് വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും നല്ല പ്രതികരണമാണെന്ന് പ്രസിഡന്റ് കെ.ഗിരീഷ് പറഞ്ഞു.

മധൂര്‍-കാസര്‍കോട്, നായന്മാര്‍മൂല-വിദ്യാനഗര്‍-മായിപ്പാടി-സീതാംഗോളി റൂട്ടുകളിലാണ് സ്‌കൂള്‍ സമയത്ത് പ്രത്യേക ബസ് ഓടിത്തുടങ്ങിയത്.

മധൂരില്‍നിന്ന് രാവിലെ 8.30ന് കാസര്‍കോട്ടേക്കുള്ള ആദ്യ ബസ് പുറപ്പെടും. അടുത്തത് 8.50ന്. വൈകീട്ട് 4.10ന് കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്തുനിന്ന് മധൂര്‍ ബസ് പുറപ്പെടും. രണ്ടാമത്തേത് 4.30നും വിടും. രണ്ട് രൂപയാണ് ഒരു വിദ്യാര്‍ഥിയില്‍നിന്ന് ഈടാക്കുന്നത്.

സാധാരണ 450 രൂപ വരെ കളക്ഷനുള്ള ട്രിപ്പില്‍ കുട്ടികള്‍ക്ക് മാത്രമായി ഓടിയാല്‍ 225 രൂപവരെയേ കിട്ടൂ. എന്നാലും നാലുമണിക്ക് സ്‌കൂള്‍ വിടുന്ന കുട്ടികള്‍ ബസ്സിന് കാത്തുനിന്ന് വീട്ടിലെത്താന്‍ ഏഴുമണിവരെയാകുന്നത് സ്റ്റുഡന്റ്‌സ് ഓണ്‍ലി വന്നതോടെ മാറി. അഞ്ചുമണിയോടെ വിദ്യാര്‍ഥികളെല്ലാം വീട്ടിലെത്തുകയാണ്. സ്‌കൂള്‍ ബസ് കാത്തുനില്‍ക്കുംപോലെ കുട്ടികളെ കയറ്റാനും ഇറക്കാനും രക്ഷിതാക്കള്‍തന്നെ സ്റ്റോപ്പിലെത്തുന്നു. വിദ്യാര്‍ഥികള്‍ക്ക് യാത്രയ്ക്കിടയില്‍ ശാരീരിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവരുന്നില്ല. വലിയ ഒരു സാമൂഹിക പ്രശ്‌നത്തിന് പരിഹാരം കണ്ടുകൊണ്ടിരിക്കുകയാണെന്നും ഗിരീഷ് പറഞ്ഞു.

രണ്ട് രൂപ അധികമാണെന്ന് ചില കേന്ദ്രങ്ങളില്‍നിന്ന് അഭിപ്രായമുയരുന്നുണ്ട്. പരാതിയുള്ളവര്‍ക്ക് ലൈന്‍ ബസ്സുകളില്‍ സൗജന്യം പറ്റി യാത്രചെയ്യാം. പരീക്ഷണം വിജയിച്ചാല്‍ കമ്പാര്‍, മുണ്ട്യത്തടുക്ക, തലപ്പാടി റൂട്ടിലേക്കും സ്റ്റുഡന്റ്‌സ് ഓണ്‍ലി വ്യാപിപ്പിക്കുമെന്നും ഗിരീഷ് പറഞ്ഞു.


Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/