മുഖ്യവേദി ഇപ്പോഴും പണിതീരാത്ത വീട്
Posted on: 30 Jul 2010
ന്യൂഡല്‍ഹി: പണിതീരാത്ത വീടു പോലെ ജവാഹര്‍ ലാല്‍ നെഹ്രു സ്റ്റേഡിയം. എങ്കിലും പരീക്ഷണ മത്സരം മുഖ്യവേദിയില്‍ തന്നെ നടന്നു. വ്യാഴാഴ്ച പെയ്ത മഴയില്‍ ട്രാക്കടക്കം പലയിടങ്ങളിലും വെള്ളം കെട്ടിനിന്നപ്പോള്‍ സാക്ഷിയായത് ഡല്‍ഹി നിവാസികള്‍ മാത്രമായിരുന്നില്ല. നാടെങ്ങുമുള്ള കായിക താരങ്ങളും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തിയ മത്സരാര്‍ഥികളും മൂക്കത്തു വിരല്‍വെച്ചു.
ചൊവ്വാഴ്ചയാണ് നവീകരിച്ച ജവാഹര്‍ ലാല്‍ നെഹ്രു സ്റ്റേഡിയം തുറന്നത്. എന്നാല്‍ ഇനിയും പൂര്‍ത്തിയാവാന്‍ നിര്‍മാണ ജോലികളേറെ. വ്യാഴാഴ്ച ഏഷ്യന്‍ ഓള്‍ സ്റ്റാര്‍ അത്‌ലറ്റിക്‌സ് മീറ്റ് നടക്കുമ്പോള്‍ മറ്റൊരു വശത്ത് ജോലികള്‍ പുരോഗമിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് നാലരയ്ക്കായിരുന്നു ഉദ്ഘാടന സമയം. എന്നാല്‍ മത്സരങ്ങള്‍ തുടങ്ങാന്‍ വൈകി. തൊട്ടുമുമ്പ് പെയ്ത മഴയില്‍ വേദിയും പരിസരവും വെള്ളത്തില്‍ കുതിര്‍ന്നു. അകത്തും പുറത്തും ട്രാക്കിലും ചെളിവെള്ളം നിറഞ്ഞു. ഇരിപ്പിടങ്ങളിലും വെള്ളം കെട്ടിക്കിടന്നു. ചില ഭാഗങ്ങളില്‍ ചോര്‍ച്ച അനുഭവപ്പെട്ടതായി മത്സരം കാണാനെത്തിയ മാധ്യമ പ്രവര്‍ത്തകരടക്കമുള്ളവര്‍ സംശയം പ്രകടിപ്പിച്ചു.
ഓട്ടം, ചാട്ടം, ജാവ്‌ലിന്‍ ത്രോ, ഷോട്ട്പുട്ട് തുടങ്ങിയ മത്സരങ്ങളെല്ലാം വേദിയില്‍ വ്യാഴാഴ്ച നടന്നു. സിന്തറ്റിക് ട്രാക്കില്‍ ഈര്‍പ്പം കെട്ടിനില്‍ക്കുന്നതു കാണാമായിരുന്നു. സാധാരണനിലയില്‍ വെള്ളം ഒപ്പിയെടുക്കാന്‍ കഴിയുന്നതാണ് സിന്തറ്റിക് ട്രാക്കെങ്കിലും മഴ പെയ്തു തോര്‍ന്ന ശേഷവും വെള്ളം കെട്ടിക്കിടന്നു. ചില മാധ്യമ ഫോട്ടോഗ്രാഫര്‍മാര്‍ അവയുടെ ചിത്രമെടുക്കാന്‍ തുനിഞ്ഞപ്പോള്‍ സംഘാടകര്‍ തടഞ്ഞു. ഗെയിംസില്‍ യോഗ്യത നേടാനായി ഹൈജമ്പില്‍ മത്സരിച്ച മലയാളിതാരം നിഖില്‍ ചിത്തരശന് ചാടുമ്പോള്‍ വഴുതല്‍ അനുഭവപ്പെട്ടു. 2.5 മീറ്റര്‍ മാത്രമേ പൂര്‍ത്തിയാക്കാന്‍കഴിഞ്ഞുള്ളൂവെന്ന് നിഖില്‍ പറഞ്ഞു. ടെസ്റ്റ് ഇവന്റില്‍ യോഗ്യത നേടാന്‍ കഴിഞ്ഞില്ല.
ഷോട്ട്പുട്ട് മത്സരത്തിനിടെ ഒരു താരം വഴുതി വീണു. ട്രാക്കിനെക്കുറിച്ച് ഒളിമ്പ്യന്‍ പി.ടി.ഉഷയും ആശങ്ക രേഖപ്പെടുത്തി. 800 മീറ്ററില്‍ മത്സരിച്ച ശിഷ്യ ടിന്റു ലൂക്ക ഓടി ലക്ഷ്യത്തിലെത്തിയെങ്കിലും മത്സരാര്‍ഥിയുടെ അനുഭവമെന്തെന്ന് നേരിട്ടു ചോദിച്ചാലേ പറയാന്‍ കഴിയൂവെന്നും ഉഷ അഭിപ്രായപ്പെട്ടു. സ്‌റ്റേഡിയത്തിന്റെ ചുറ്റുപാടുകളിലെല്ലാം മണ്ണും ചെളിയും കെട്ടിനിന്നു. നിര്‍മ്മാണാവശിഷ്ടങ്ങളും പലയിടങ്ങളിലായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്നിരുന്നു. കവാടങ്ങളും മറ്റും തുണി കൊണ്ടു മറച്ചാണ് വേര്‍തിരിച്ചിട്ടുള്ളത്. ചുറ്റുപാടുമുള്ള ഓടകളുടെയും മറ്റും നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയായിട്ടില്ല. സ്റ്റേഡിയത്തിനു സമീപം ഗതാഗതം നിയന്ത്രിക്കാനുള്ള സൗകര്യങ്ങളും വേണ്ടത്ര സജ്ജമായിട്ടില്ല.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam