വനിതാ സംവരണ ബില്‍ പാസാക്കാന്‍ മഹിളകള്‍ ഒറ്റക്കെട്ടായി

Posted on: 30 Jul 2010



ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാറിനു മുന്നറിപ്പായി പാര്‍ലമെന്റിനു മുന്നിലേക്ക് ഭരണ-പ്രതിക്ഷ ഭേദമില്ലാതെ വനിതാ സംഘടനകളുടെ പ്രതിഷേധ റാലി. സ്ത്രീകള്‍ക്ക് പാര്‍ലമെന്റില്‍ 33 ശതമാനം സംവരണം നല്‍കുന്ന ബില്‍ ഉടന്‍ ലോക്‌സഭാ പാസാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം.
ഇടതു സംഘടനകള്‍ക്കു പുറമെ കോണ്‍ഗ്രസ് വക്താവ് ജയന്തി നടരാജനും പ്രതിഷേധത്തില്‍ കൈകോര്‍ത്തു. സിനിമാതാരങ്ങളായ ഷര്‍മിള ടാഗോര്‍, ശബാന ആസ്മി, കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ തുടങ്ങിയ ഒട്ടേറെ സാംസ്‌കാരികനായകര്‍ റാലിയില്‍ അണിനിരന്നു. രണ്ടായിരത്തിലേറെ പേര്‍ പങ്കെടുത്ത പ്രക്ഷോഭം വനിതാ സംവരണത്തെ തുരങ്കംവെക്കുന്നവര്‍ക്കുള്ള താക്കീതു കൂടിയായി.
അനുവദിക്കപ്പെട്ട ഒരു അവകാശം ചോദിച്ചു വാങ്ങേണ്ടി വരുന്നത് നാണക്കേടാണെന്ന് ജാവേദ് അക്തര്‍ പറഞ്ഞു. എന്നാല്‍ നമ്മള്‍ ശബ്ദമുയര്‍ത്തിയേ മതിയാവൂ. ലോക്‌സഭയുടെ നടപ്പു സമ്മേളനത്തില്‍ തന്നെ ബില്‍ പാസ്സാക്കണം. ഇല്ലെങ്കില്‍ രാജ്യം ഭരണാധികാരികളെ കുറ്റപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. നീതിക്കു വേണ്ടിയുള്ള പോരാട്ടമാണിതെന്ന് ശബാന ആസ്മി പറഞ്ഞു. ഏറെ വര്‍ഷമായി വാഗ്ദാനം ചെയ്യപ്പെട്ട അവകാശത്തിനു വേണ്ടിയാണ് രാജ്യത്തെ സ്ത്രീകള്‍ സമരം ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിനു ശേഷവും വനിതകള്‍ തങ്ങളുടെ അവകാശത്തിനായി സമരം തുടരേണ്ടി വരുന്നതായി ഷര്‍മിള ടാഗോര്‍ പറഞ്ഞു.
സ്ത്രീകളുടെ പുരോഗതിക്കു വേണ്ടിയുള്ളതാണ് വനിതാ സംവരണ ബില്‍. സ്വാതന്ത്ര്യത്തിന്റെയും തുല്യതയുടെയും പ്രശ്‌നമാണിതെന്നും ഷര്‍മിള ടാഗോര്‍ അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസ് രാജ്യത്തെ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം എന്തു വില കൊടുത്തും നിറവേറ്റുമെന്ന് മാര്‍ച്ചില്‍ പങ്കെടുത്ത പാര്‍ട്ടി വക്താവ് ജയന്തി നടരാജന്‍ പറഞ്ഞു. വനിതാ സംവരണ ബില്ലുമായി മുന്നോട്ടു പോവാന്‍ തന്നെയാണ് പാര്‍ട്ടിയുടെ തീരുമാനമെന്നും അവര്‍ അറിയിച്ചു. ഏറെ വര്‍ഷത്തെ സമരത്തിന്റെ ഫലമായാണ് വനിതാ ബില്‍ രാജ്യസഭ പാസാക്കിയതെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പറഞ്ഞു. പല ഭാഗത്തു നിന്നും എതിര്‍പ്പു നേരിട്ടു. സമവായത്തിന്റെ പേരു പറഞ്ഞ് ബില്‍ ലോക്‌സഭ പാസാക്കുന്നതു നീട്ടിക്കൊണ്ടു പോവരുതെന്നും വൃന്ദ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ദേശീയ മഹിളാ ഫെഡറേഷന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടി ആനി രാജ, ടി.എന്‍.സീമ എം.പി., സി.പി.ഐ. ദേശീയ സെക്രട്ടറി ഡി.രാജ, ശബ്‌നം ആശ്മി തുടങ്ങിയവരും സംസാരിച്ചു. ലേഡി ശ്രീറാം കോളേജിലെ വിദ്യാര്‍ഥിനികള്‍ കലാവിരുന്നുമൊരുക്കി.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/