ഗരീബ് രഥ് വൈകും: കൊങ്കണ്‍ പാത നാളെ തുറക്കും
Posted on: 30 Jul 2010
മുംബൈ: മഴ വീണ്ടും ശക്തിയായില്ലെങ്കില്‍ കൊങ്കണ്‍ പാതയിലൂടെയുള്ള ഗതാഗതം ശനിയാഴ്ച പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞേക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. നിവ്‌സര്‍ സ്റ്റേഷന് ഇരുഭാഗത്തുമായി മണ്ണിടിഞ്ഞുവീണതിനെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയായിരുന്നു. നിവ്‌സറിനും രത്‌നഗിരിക്കുമിടയിലുള്ള പാളം വ്യാഴാഴ്ച ക്ലിയര്‍ ചെയ്തു കഴിഞ്ഞു. ഇതിലൂടെയുള്ള സുരക്ഷാ പരീക്ഷണ ഓട്ടം വ്യാഴാഴ്ച രാത്രിയിലോ വെള്ളിയാഴ്ച രാവിലെയോ നടത്താനാണ് പരിപാടിയിട്ടിരിക്കുന്നത്. മഴ കുറഞ്ഞതിനാല്‍ അഡാവ്‌ലിക്കു സമീപമുള്ള മണ്ണുനീക്കല്‍ ദ്രുതഗതിയില്‍ നടക്കുന്നുണ്ട്. ശനിയാഴ്ച വൈകിട്ടോടെ ഇതിലൂടെ വണ്ടിയോടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികാരികള്‍.
മുംബൈയില്‍ നിന്ന് വെള്ളിയാഴ്ച വൈകിട്ട് പുറപ്പെടേണ്ട ഗരിബ് രഥ് വൈകുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ സൂചിപ്പിച്ചു. വ്യാഴാഴ്ച കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട ഗരീബ് രഥ് (2202) മഡ്ഗാവ്, ലോണ്ട- മീറജ്-പുണെ-കര്‍ജത്-പനവേല്‍ വഴി തിരിച്ചു വിട്ടിരിക്കയാണ്. ഇത് മുംബൈയില്‍ എപ്പോഴെത്തുമെന്ന് പറയാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഏറ്റവും ചുരുങ്ങിയത് അഞ്ചു മണിക്കൂറെങ്കിലും വൈകാനിടയുണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്. വൈകിട്ട് മൂന്നു മണിയോടെ എത്തേണ്ട വണ്ടി രാത്രി എട്ടു മണിക്കുശേഷമേ എത്തുകയുള്ളൂ. അങ്ങനെയാണെങ്കില്‍ കുര്‍ള-കൊച്ചുവേളി ഗരീബ്‌രഥ് (2201) രാത്രി പത്തുമണിക്ക് ശേഷമേ പുറപ്പെടാന്‍ സാധ്യതയുള്ളൂ. കേരളത്തില്‍ നിന്ന് എത്തേണ്ട വണ്ടി കൂടുതല്‍ വൈകിയാല്‍ മുംബൈ വണ്ടി ശനിയാഴ്ചത്തേക്കു മാറ്റാനോ റദ്ദാക്കപ്പെടാനോ സാധ്യതയുണ്ടെന്നും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. കൊങ്കണ്‍ പാതയിലൂടെ ഓടുന്ന വണ്ടികളെ കുറിച്ചുള്ള കൃത്യവിവരങ്ങള്‍ അറിയാന്‍ 022-10722 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
വെള്ളിയാഴ്ച റദ്ദാക്കിയ വണ്ടികള്‍
സി.എസ്.ടി.-മഡ്ഗാവ് മാണ്ടവി (0103), മഡ്ഗാവ്-സി.എസ്.ടി. മാണ്ടവി (0104), മഡ്ഗാവ്-സി.എസ്.ടി. കൊങ്കണ്‍ കന്യ (0112), സി.എസ്.ടി.-മഡ്ഗാവ് കൊങ്കണ്‍ കന്യ (0111), സി.എസ്.ടി.-മഡ്ഗാവ് ജനശതാബ്ദി (2051), മഡ്ഗാവ്-സി.എസ്.ടി. ജനശതാബ്ദി (2052), എല്‍.ടി.ടി.-മംഗലാപുരം മത്സ്യഗന്ധ (2619), മംഗലാപുരം-എല്‍.ടി.ടി. മത്സ്യഗന്ധ (2620), മഡ്ഗാവ്-സാവന്ത്‌വാഡി പാസഞ്ചര്‍ (കെ.ആര്‍.8/കെ.ആര്‍.ടി.).
നേത്രാവതി, മംഗള എക്സ്പ്രസ്സുകളിലെ യാത്രക്കാരെ രത്‌നഗിരിക്കും അഡാവ്‌ലിക്കുമിടയില്‍ ബസ്സുകളില്‍ എത്തിച്ച് പരസ്പരം കൈമാറും.
വ്യാഴാഴ്ച കൊച്ചുവേളിയില്‍നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ഗരീബ്‌രഥ് (2202) തിരുവനന്തപുരം-നിസാമുദ്ദീന്‍, രാജധാനി എക്സ്പ്രസ്സുകള്‍ മഡ്ഗാവ്-ലോണ്ട-മീറജ്-പുണെ-കര്‍ജത്-പനവേല്‍ വഴി തിരിച്ചുവിടും.