കാലിക്കറ്റ് സര്‍വകലാശാലാ യൂണിയന്‍ തിരഞ്ഞെടുപ്പ് എസ്.എഫ്.ഐ.ക്ക് മുന്‍തൂക്കം

Posted on: 30 Jul 2010



കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലുള്ള കോളേജുകളില്‍ നടന്ന യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ. മുന്‍തൂക്കം നേടി. കൂടുതല്‍ കോളേജുകളിലും യൂണിയന്‍ ഭരണം നേടിയ എസ്.എഫ്.ഐ. യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരുടെ എണ്ണത്തിലും മുന്നിലെത്തി. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എം.എസ്.എഫ്. തൊട്ടുപിന്നിലുണ്ട്. കെ.എസ്.യു. ഏറെ പിന്നാക്കം പോയെന്നാണ് തിരഞ്ഞെടുപ്പു ഫലവും കൗണ്‍സിലര്‍മാരുടെ എണ്ണവും സൂചിപ്പിക്കുന്നത്. മിക്ക അണ്‍എയ്ഡഡ് കോളേജുകളിലെയും ഫലം ലഭ്യമായിട്ടില്ല.

രാഷ്ട്രീയ അടിസ്ഥാനത്തില്‍ അല്ലാതെ തിരഞ്ഞെടുപ്പു നടന്ന കോളേജുകളിലെ കൗണ്‍സിലര്‍മാരും അണ്‍ എയ്ഡഡ് കോളേജുകളിലെ കൗണ്‍സിലര്‍മാരുമാവും യൂണിവേഴ്‌സിറ്റി യൂണിയന്‍ ആര് ഭരിക്കണമെന്ന് തീരുമാനിക്കുക. പൊതുവെ അണ്‍ എയ്ഡഡ് കോളേജുകളില്‍ എം.എസ്.എഫിനാണ് മേധാവിത്വം.

കോഴിക്കോട് ജില്ലയില്‍ 28ഓളം കോളേജുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 14 കോളേജുകളില്‍ എസ്.എഫ്.ഐ. വിജയിച്ചതായി സംഘടന അവകാശപ്പെട്ടു. ഒറ്റയ്ക്ക് ആറിടത്തും പത്തിടത്ത് മുന്നണിയായും ഭരണം നേടിയതായി എം.എസ്.എഫും അവകാശപ്പെടുന്നു. അണ്‍ എയ്ഡഡ് കോളേജുകളിലെ കണക്കുകള്‍ ലഭ്യമല്ലാത്തതിനാല്‍ കൗണ്‍സിലര്‍മാരുടെ എണ്ണത്തില്‍ വ്യക്തതയില്ല.

തൃശ്ശൂരില്‍ രാഷ്ട്രീയാടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പു നടന്ന 14 കോളേജുകളില്‍ 11 എണ്ണത്തിലും എസ്.എഫ്.ഐ. ഒറ്റയ്ക്ക് ജയിച്ചു. രണ്ടെണ്ണം കെ.എസ്.യു.വും ഒരെണ്ണം എ.ബി.വി.പി.യും നേടി.

20 യു.യു.സി. സീറ്റ് എസ്.എഫ്.ഐ.ക്ക് ലഭിച്ചപ്പോള്‍ രണ്ടെണ്ണം കെ.എസ്.യു.വിനും ഒരെണ്ണം എ.ബി.വി.പി.ക്കും ലഭിച്ചു.

മലപ്പുറത്ത് ഇത്തവണയും എം.എസ്.എഫ്., കെ.എസ്.യു. സഖ്യം തൂത്തുവാരി. 23 കോളേജുകളില്‍ ഈ സഖ്യം വിജയിച്ചപ്പോള്‍ നാലെണ്ണത്തില്‍ എം.എസ്.എഫ്. ഒറ്റയ്ക്ക് ജയിച്ചു. എസ്.എഫ്.ഐ. അഞ്ചിടത്തും വിജയിച്ച. മൊത്തം 48 യു.യു.സി. അംഗങ്ങളില്‍ 37 എണ്ണം എം.എസ്.എഫിനു ലഭിച്ചെന്നാണ് അവരുടെ അവകാശവാദം. ആറെണ്ണം കെ.എസ്.യു.വിനും.

വയനാട് ജില്ലയിലെ അഞ്ചു കോളേജില്‍ മൂന്നെണ്ണവും എസ്.എഫ്.ഐ.ക്ക് ലഭിച്ചു. ഒരെണ്ണം കെ.എസ്.യു.വിനും മറ്റൊന്ന് എം.എസ്.എഫിനുമാണ്. യു.യു.സി. അംഗങ്ങളില്‍ രണ്ടെണ്ണം വീതം എസ്.എഫ്.ഐ.യ്ക്കും എം.എസ്.എഫിനും ലഭിച്ചപ്പോള്‍ എ.ബി.വി.പി.ക്ക് ഒരെണ്ണം കിട്ടി.

പാലക്കാട് ജില്ലയില്‍ 16 യു.യു.സി. അംഗങ്ങളില്‍ 14 എണ്ണവും എസ്.എഫ്.ഐ.ക്ക് ലഭിച്ചു. ഒരെണ്ണം കെ.എസ്.യു.വിനാണ്. ഒരെണ്ണം യു.ഡി.എസ്.എഫ്. സഖ്യവും നേടി.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/