ന്യൂഡല്‍ഹി: വ്യാപാര-നിക്ഷേപരംഗത്ത് കാര്യമായ വര്‍ധന വരുത്താന്‍ ഇന്ത്യയും ബ്രിട്ടനും തീരുമാനിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണും സംഘവും ഡല്‍ഹിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഉള്‍പ്പടെയുള്ള നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് ഈ തീരുമാനം.
ഇതിനുവേണ്ടി ഇരുരാജ്യങ്ങളുടെയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെ വേദി ഉണ്ടാക്കാനും തീരുമാനാമായി. എന്നാല്‍ ചര്‍ച്ചയില്‍ സാംസ്‌കാരിക വിനിമയം സംബന്ധിച്ചുള്ള ധാരണാപത്രത്തില്‍ ഒപ്പുവെക്കാന്‍ മാത്രമേ ഇരുരാജ്യങ്ങള്‍ക്കും കഴിഞ്ഞുള്ളു.
വരും വര്‍ഷങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളില്‍ കാര്യമായ പുരോഗതി കൈവരിക്കാനാവുമെന്ന് മന്‍മോഹന്‍സിങ്ങും കാമറോണും പ്രത്യാശ പ്രകടിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇരട്ടിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനുവേണ്ടിയുള്ള ഇന്ത്യ-യു.കെ. സി.ഇ.ഒ. ഫോറത്തിന് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് സി.ഇ.ഒ. പീറ്റര്‍ സാന്‍ഡ്‌സും രത്തന്‍ ടാറ്റയും നേതൃത്വം നല്‍കും. നിക്ഷേപവും വ്യാപാരവും വളര്‍ത്തുന്നത് സംബന്ധിച്ച് ഇരു സര്‍ക്കാറുകള്‍ക്കും ശുപാര്‍ശ നല്‍കുന്നത് ഈ വേദിയായിരിക്കും.
അടിസ്ഥാന സൗകര്യരംഗത്ത് നിക്ഷേപം കൈവരിക്കാനുള്ള ഇന്ത്യയുടെ താത്പര്യം കണക്കിലെടുത്ത് ഒരു ഇന്ത്യ-യു.കെ. ഇന്‍ഫ്രാസ്ട്രക്ചര്‍ ഗ്രൂപ്പും രൂപവത്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.