വ്യാജ എസ്.എസ്.എല്‍.സി.ബുക്ക്: ഒരാള്‍ അറസ്റ്റില്‍
Posted on: 30 Jul 2010
വടകര: ഡ്രൈവിങ് ലൈസന്‍സിന് വ്യാജ എസ്.എസ്.എല്‍.സി. ബുക്കിന്റെ പകര്‍പ്പ് സമര്‍പ്പിച്ച യുവാവ് അറസ്റ്റിലായി. സംഭവവുമായി ബന്ധപ്പെട്ട് വില്യാപ്പള്ളി കേന്ദ്രീകരിച്ച് വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചുനല്‍കുന്ന സംഘത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.
വില്യാപ്പള്ളി സ്വദേശി കുയിമ്പില്‍ മുഹമ്മദ്‌ഷെരീഫാണ് അറസ്റ്റിലായത്. സംഭവത്തിനു പിന്നില്‍ വന്‍ സംഘം പ്രവര്‍ത്തിക്കുന്നതായി പോലീസിന് സൂചന ലഭിച്ചു.
കഴിഞ്ഞ 23നാണ് മുഹമ്മദ്‌ഷെരീഫ് ലൈസന്‍സിനായി രേഖകള്‍ സഹിതം ആര്‍.ടി.ഒ.യ്ക്ക് അപേക്ഷ നല്‍കിയത്. എസ്.എസ്.എല്‍.സി.ബുക്കിന്റെ പകര്‍പ്പില്‍ സംശയം തോന്നിയ ആര്‍.ടി.ഒ. വിവരം പോലീസിനെ അറിയിച്ചു. പോലീസ് പരിശോധന നടത്തിയപ്പോള്‍ ബുക്കിലെ എഴുത്തില്‍ വ്യത്യാസമുള്ളതായി കണ്ടെത്തി. പയ്യോളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പേരാണ് ഇതില്‍ ചേര്‍ത്തിരുന്നത്. സ്‌കൂളില്‍ അന്വേഷിച്ചപ്പോള്‍ ഇങ്ങനെയൊരു റജിസ്റ്റര്‍ നമ്പര്‍ ഇല്ലെന്ന് വ്യക്തമായി. തുടര്‍ന്ന് ആര്‍.ടി.ഒ.യുടെ പരാതി പ്രകാരം പോലീസ് കേസെടുക്കുകയും മുഹമ്മദ്‌ഷെറീഫിനെ അറസ്റ്റ് ചെയ്യുകയുമാണുണ്ടായത്.
10,000 രൂപയ്ക്ക് വില്യാപ്പള്ളി സ്വദേശിയില്‍നിന്നാണ് എസ്.എസ്.എല്‍.സി. ബുക്ക് വാങ്ങിയതെന്ന് ഷെറീഫ് മൊഴി നല്‍കി. സര്‍ട്ടിഫിക്കറ്റ് നല്‍കിയ ആളെപ്പറ്റി പോലീസിന് സൂചന ലഭിച്ചിട്ടുണ്ടെങ്കിലും ഒളിവിലാണെന്നാണ് വിവരം.
വിദേശത്തേക്കും മറ്റും പോകാനായി ഒട്ടേറെപ്പേര്‍ ഈ സംഘത്തില്‍നിന്നും എസ്.എസ്.എല്‍.സി. ബുക്ക് വാങ്ങിയതായി പോലീസ് സംശയിക്കുന്നു. അന്യസംസ്ഥാനത്തുനിന്നാണ് ഇവ അച്ചടിച്ച് എത്തിക്കുന്നതെന്ന് സൂചനയുണ്ട്. എഴുത്തിലുള്ള വ്യത്യാസം ഒഴിച്ചാല്‍ മറ്റെല്ലാം യഥാര്‍ഥ എസ്.എസ്.എല്‍.സി. പുസ്‌കകം പോലെയാണ്. ഇതേപോലെ മറ്റു സര്‍ട്ടിഫിക്കറ്റുകളും നിര്‍മിക്കുന്നുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam