ഖുറേഷി- കൃഷ്ണ പത്രസമ്മേളനം ഒഴിവാക്കാമായിരുന്നു -പ്രധാനമന്ത്രി

Posted on: 30 Jul 2010



ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി എസ്.എം.കൃഷ്ണയും പാക് വിദേശമന്ത്രി എസ്. എം. ഖുറേഷിയും സംയുക്തമായി ഇസ്‌ലാമാബാദില്‍ നടത്തിയ പത്രസമ്മേളനം ഒഴിവാക്കാമായിരുന്നുവെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.

എസ്.എം. കൃഷ്ണയുടെ പാക് സന്ദര്‍ശനത്തിനൊടുവില്‍ നടത്തിയ പത്രസമ്മേളനം വന്‍വിവാദം സൃഷ്ടിച്ചകാര്യം പരാമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഈ പത്രസമ്മേളനത്തിലാണ് ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ളയുടെ പരാമര്‍ശത്തെ ഖുറേഷി വിമര്‍ശിച്ചത്. ഇന്ത്യ-പാക് ചര്‍ച്ചയുടെ അന്തരീക്ഷം മോശമാക്കാനേ പിള്ളയുടെ പ്രസ്താവന ഉതകുകയുള്ളൂ എന്ന് ഖുറേഷി പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.

'സാര്‍ക്ക്' സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ തിമ്പുവില്‍ കണ്ടപ്പോള്‍ ഒട്ടേറെ കാര്യങ്ങളില്‍ പൊതുധാരണയുണ്ടായിരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഇതുകഴിഞ്ഞാണ് വിദേശമന്ത്രി കൃഷ്ണ പാകിസ്താന്‍ സന്ദര്‍ശിച്ചത്. ഈ ചര്‍ച്ചകളും പ്രയോജനപ്രദമായിരുന്നു. എന്നാല്‍ അതിനു ശേഷമുള്ള പത്രസമ്മേളനം ഒഴിവാക്കാമായിരുന്നു- പ്രധാനമന്ത്രി പറഞ്ഞു.

കൃഷ്ണയുടെ ക്ഷണം സ്വീകരിച്ച് പാക് വിദേശമന്ത്രി താമസിയാതെ ഇന്ത്യയിലെത്തുമെന്നും ചര്‍ച്ചകള്‍ പുരോഗമിക്കുമെന്നും മന്‍മോഹന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/