പെണ്‍പട്ടണം: സ്വന്തം കഥ കേള്‍ക്കാന്‍ അവര്‍ എത്തി
Posted on: 30 Jul 2010
കോഴിക്കോട്: മാലിന്യങ്ങളുമായി പോരാടുന്നവരുടെ ജീവിതകഥയ്ക്ക് അഭ്രപാളിയില്‍ ജീവന്‍ വെച്ചപ്പോള്‍ കുടുംബശ്രീ വനിതകള്‍ക്ക് ആവേശവും അതോടൊപ്പം ആശ്ചര്യവും.പച്ചയായ ജീവിതയാഥാര്‍ഥ്യങ്ങള്‍ കഥാപാത്രരൂപത്തില്‍ സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ പലരും അന്യോന്യം ഉള്ളില്‍ സംശയം പ്രകടിപ്പിക്കുകയായിരുന്നു.
ഇത് ഞാന്‍ തന്നെയല്ലേ എന്ന്.വി.എം. വിനു സംവിധാനം ചെയ്ത 'പെണ്‍പട്ടണം' രാധാ തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയപ്പോള്‍ ആദ്യദിവസം തന്നെ കുടുംബശ്രീ വനിതകള്‍ എത്തി, കൂട്ടത്തോടെ. മഴയെ വെല്ലുവിളിച്ച് അവര്‍ തിയേറ്ററില്‍ സിനിമ കണ്ട് പുറത്തിറങ്ങിയപ്പോള്‍ പറഞ്ഞു -'നല്ല സിനിമ. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ സമൂഹത്തിനറിയാന്‍ കഴിഞ്ഞല്ലോ.
ചെണ്ടമേളം ഒരുക്കിയാണ് പ്രദര്‍ശനം ആരംഭിച്ചത്. സിനിമ കഴിഞ്ഞ് കുടുംബശ്രീ വനിതകള്‍ അതേ യൂണിഫോമില്‍ തന്നെ തിയേറ്റര്‍ വിട്ടിറങ്ങിയപ്പോള്‍ അടുത്ത ഷോയ്ക്ക് കാത്തുനിന്ന പ്രേക്ഷകര്‍ക്കും നാട്ടുകാര്‍ക്കും പുതുകാഴ്ചയായി മാറി.കോഴിക്കോട്ടുകാരുടെ കൂട്ടായ്മയാണ് 'പെണ്‍പട്ടണം' എന്ന സിനിമ. കഥ രഞ്ജിത്തിന്റെയും തിരക്കഥ ടി.എ. റസാഖിന്റെയും ആണ്.
തികച്ചും സ്ത്രീപക്ഷ സിനിമയാണിതെന്ന് സംവിധായകന്‍ വി.എം. വിനു ആദ്യ ഷോയ്ക്കുശേഷം പത്രലേഖകരോട് പറഞ്ഞു. ''ദിവസവും രാവിലെ കാണുന്നതാണ് നാം ഇവരെ. അവരുടെ പ്രശ്‌നങ്ങള്‍ വിഷയമാക്കാന്‍ തീരുമാനിച്ചതും ആ അര്‍ഥത്തില്‍ തന്നെ. ഒരുപാട് കഥകള്‍ ഒഴിവാക്കി ഈ സബ്ജക്ട് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യഷോയില്‍ തന്നെ സ്ത്രീകളുടെ അനുകൂല അഭിപ്രായം കണ്ടപ്പോള്‍ സന്തോഷമുണ്ട് ''-വി.എം. വിനു പറഞ്ഞു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam