കണ്‍മുന്നില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍

Posted on: 30 Jul 2010





കൊല്‍ക്കത്ത: മോഹന്‍ ബഗാന്‍ ടെന്റിലെത്തുമ്പോള്‍, ഇന്ത്യന്‍ ഫുട്‌ബോളിന്റെ പൂര്‍വകാല ചരിത്രം മുഴുവന്‍ മുന്നില്‍. ശൈലന്‍ മന്ന, ചുനി ഗോസ്വാമി, സുഭാഷ് ഭൗമിക്, നയീമുദ്ദീന്‍, മാനസ് ഭട്ടാചാര്യ, സുര്‍ജിത് സെന്‍ ഗുപ്ത, ക്രോംപ്ടണ്‍ ദത്ത, അരുമനായകം, പ്രസൂണ്‍ ബാനര്‍ജി, ശ്യാം ഥാപ്പ, ഗൗതം സര്‍ക്കാര്‍, ശിശിര്‍ ഘോഷ്, തരുണ്‍ ഡേ, ബെര്‍ണാഡ് ഒപ്പെരാസി, സഞ്ജയ് മാജി, ഐ.എം. വിജയന്‍, ജോ പോള്‍ അഞ്ചേരി...മോഹന്‍ ബഗാന്റെയും ഇന്ത്യയുടെയും ഫുട്‌ബോള്‍ ചരിത്രത്തിലെ സുവര്‍ണ ഏടുകള്‍ മുഴുവന്‍ സ്വന്തമാക്കിയ താരങ്ങളുടെ ഒത്തുചേരല്‍. തിരിച്ചറിയപ്പെടാതെ കണ്‍മുന്നിലൂടെ കടന്നുപോയവര്‍ ഇവരെക്കാളേറെ വരും. ഒളിമ്പിക്‌സിലും ഏഷ്യന്‍ ഗെയിംസിലും മെര്‍ദേക്ക കപ്പിലുമായി മിന്നിത്തിളങ്ങിയ ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണ കാലത്തെ പ്രമുഖരാണ് ബഗാന്‍ ഗ്രൗണ്ടില്‍ ഒത്തുകൂടിയത്. 1911-ലെ ഐ.എഫ്.എ. ഷീല്‍ഡ് സ്വന്തമാക്കിയ ബഗാന്‍ ടീമിന്റെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട മോഹന്‍ ബഗാന്‍ ദിനാഘോഷം, ഇന്ത്യന്‍ ഫുട്‌ബോളിന്റെ ചരിത്രമായി മാറുകയായിരുന്നു.

മോഹന്‍ ബഗാന്‍ ആസ്ഥാനത്ത് ഐ.എം. വിജയനും അഞ്ചേരിക്കുമൊപ്പമെത്തുമ്പോള്‍, നമ്മുടെ ഇപ്പോഴത്തെ ഫുട്‌ബോള്‍ താരങ്ങള്‍ നഷ്ടപ്പെടുത്തുന്ന താരമൂല്യമെന്തെന്ന് ബോധ്യപ്പെട്ടു. തൊട്ടപ്പുറം ഈഡന്‍ ഗാര്‍ഡനാണ്. അവിടെ ക്രിക്കറ്റ് താരങ്ങള്‍ വന്നിറങ്ങുമ്പോള്‍ നിറയാറുള്ളത്രതന്നെ അരാധകര്‍ വിജയനെയും അഞ്ചേരിയെയും കാത്തുനില്‍ക്കുന്നു. മൈക്കില്‍ ഇവരുടെ വരവ് വിളിച്ചറിയിച്ചതോടെ, സ്‌റ്റേഡിയത്തിനു സമീപം കാത്തുനിന്ന നൂറുകണക്കിനാളുകള്‍ ഓടിയെത്തി. പലര്‍ക്കും വിജയനും അഞ്ചേരിക്കും ഒപ്പം നിന്ന് പടമെടുക്കണം. മറ്റുചിലര്‍ക്ക് വേണ്ടത് ഓട്ടോഗ്രാഫ്. കാണാനും ഒന്നുതൊടാനും തിക്കിത്തിരക്കുന്ന ആരാധകര്‍. കൊല്‍ക്കത്തയില്‍ വിജയനും അഞ്ചേരിയും സൃഷ്ടിച്ച വിസ്മയങ്ങള്‍ മറക്കാത്ത ജനക്കൂട്ടം.

ക്ലബ്ബിനകത്തെത്തുമ്പോള്‍, വിജയന്റെയും അഞ്ചേരിയുടെയുമൊക്കെ മുന്‍ഗാമികളുടെ കൂട്ടം. ഗൗരവം വിടാതെ മോഹന്‍ ബഗാന്‍ കോച്ചിന്റെ മുറിയിലേക്ക് നടന്നുപോകുന്ന സുഭാഷ് ഭൗമിക്. എല്ലാവരോടും ചിരിച്ചും കുശലം പറഞ്ഞും ചുനി ഗോസ്വാമി. രാഷ്ട്രീയക്കാരനിലേക്ക് മാറിയതുകൊണ്ടാവണം, പ്രസൂണ്‍ ബാനര്‍ജി തിരക്കിട്ട ചര്‍ച്ചയില്‍. ശിശിര്‍ ഘോഷ് വിജയന്റെയും അഞ്ചേരിയുടെയും തോളില്‍ കൈയിട്ട് കഴിഞ്ഞ കാലത്തിന്റെ ഓര്‍മകളിലൂടെ സഞ്ചരിക്കുന്നു.

കേരളത്തിന്റെയും ഇന്ത്യയുടെയും താരങ്ങളായതിലാണ് ആദ്യം അഭിമാനിക്കുന്നതെന്ന് പറഞ്ഞ വിജയനെ ബഗാന്‍ ആരാധകര്‍ സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കുകയായിരുന്നു. സ്റ്റേഡിയത്തിലേക്ക് കടക്കുമ്പോള്‍, എങ്ങും ബിജുഭായ് വിളി. മുന്‍കാല താരങ്ങളുടെ പ്രദര്‍ശന മത്സരത്തിനായി ബഗാന്‍ ജേഴ്‌സിയണിഞ്ഞെത്തിയ വിജയനും അഞ്ചേരിക്കും ചുറ്റും ക്യാമറകള്‍. കൈയുയര്‍ത്തി ഇരുവരും ഗാലറിയെ അഭിവാദ്യം ചെയ്തപ്പോള്‍ സ്റ്റേഡിയമൊന്നാകെ എഴുന്നേറ്റുനിന്ന് അതിനെ ആദരിച്ചു. വിജയനും അഞ്ചേരിയും ഒരു ടീമില്‍. തരുണ്‍ ഡേയുടെ നേതൃത്വത്തില്‍ എതിര്‍ ടീം. സൗഹൃദ ഫുട്‌ബോളില്‍ പ്രായം മറന്ന് സുര്‍ജിത് സെന്‍ ഗുപ്തയും ശ്യാം ദത്തയുമൊക്കെയിറങ്ങി. വിജയന്റെ കനത്തൊരടി ക്രോസ്ബാറില്‍ തട്ടിത്തെറിച്ചു. അഞ്ചേരിയുടെ ഷോട്ട് എതിര്‍ കളിക്കാരന്റെ കാലില്‍ത്തട്ടി ഗോളാവുകയും ചെയ്തു.

2001-ല്‍ ആരംഭിച്ച മോഹന്‍ ബഗാന്‍ ദിനാചരണത്തിന്, ഇക്കുറി പ്രത്യേകതകളേറെയായിരുന്നു. ആദ്യമായി ഐ.എഫ്.എ. ഷീല്‍ഡ് നേടിയ ശിബ്ദാസ് ഭാദുരിയുടെ നേതൃത്വത്തിലുള്ള ടീം 1911-ല്‍ കിരീടം നേടിയതിന്റെ നൂറ്റാണ്ട് കൊണ്ടാടുകയാണ് ബഗാന്‍. ഈ ടീമിലുണ്ടായിരുന്ന പത്തുപേര്‍ക്ക് ഇതോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ മരണാനന്തര ബഹുമതിയായി മോഹന്‍ ബഗാന്‍ രത്‌ന പുരസ്‌കാരം സമ്മാനിച്ചു. ടീമിലംഗമായിരുന്ന ഹിരാലാല്‍ മുഖര്‍ജി, എ. സുകുല്‍, സുധിര്‍ കുമാര്‍ ചാറ്റര്‍ജി, മന്‍മോഹന്‍ മുഖര്‍ജി, രാജേന്ദ്രനനാഥ് സെന്‍ഗുപ്ത, നില്‍മഥാബ് ഭട്ടാചാര്യ, ജിതേന്ദ്ര നാഥ് റോയ്, ശ്രിഷ് ചന്ദ്ര സര്‍ക്കാര്‍, അഭിലാഷ് ഘോഷ് എന്നിവരാണ് ആദരിക്കപ്പെട്ടത്.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/