ഒ.ബി.സി. ആനുകൂല്യത്തില്‍നിന്ന് 'ഈഴവ' വിദ്യാര്‍ഥികള്‍ പുറത്ത്‌

Posted on: 30 Jul 2010



ചെറുതോണി (ഇടുക്കി): സര്‍ക്കാര്‍ ഒ.ബി.സി. വിഭാഗങ്ങള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസ ആനുകൂല്യത്തില്‍നിന്ന് ഇടുക്കി ജില്ലയിലെ ഈഴവ വിദ്യാര്‍ഥികള്‍ പുറത്ത്. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് വര്‍ഷം 900 രൂപ സഹായമായി ലഭിക്കുന്ന പദ്ധതിയില്‍ ഈഴവ വിദ്യാര്‍ഥികളെ ഒഴിവാക്കിയാണ് അപേക്ഷ സ്വീകരിക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാര്‍ ഒ.ബി.സി. വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ സഹായം പ്രഖ്യാപിച്ചത്. ഈ വര്‍ഷം ജില്ലാ പട്ടികജാതി വികസന ഓഫീസ് മുഖാന്തിരം പദ്ധതി നടപ്പാക്കിത്തുടങ്ങി. സ്‌കൂളുകളില്‍ ക്ലാസുകള്‍ ആംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ അപേക്ഷ സ്വീകരിച്ചിരിക്കണം.
സര്‍ക്കാര്‍ നല്‍കിയ വിദ്യഭ്യാസ ആനുകൂല്യ ലിസ്റ്റില്‍ ഈഴവ വിഭാഗം ഇല്ലാത്തതിനാലാണ് ഇവരെ ഒഴിവാക്കി അപേക്ഷ സ്വീകരിച്ചതെന്ന് ഇടുക്കി ജില്ലാ പട്ടികജാതി ഓഫീസില്‍ നിന്ന് അറിയിച്ചു.

പട്ടികജാതി വികസന ഡയറക്ടര്‍ ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ക്കും അധ്യാപകര്‍ക്കും പറ്റിയ തെറ്റാണിതെന്ന് വ്യക്തമായി.
ഒ.ബി.സി. വിഭാഗത്തില്‍ ഈഴവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പ്രത്യേക ഉത്തരവിന്റെ ആവശ്യമില്ലെന്നും പട്ടികജാതി വികസന ജോയിന്റ് ഡയറക്ടര്‍ 'മാതൃഭൂമി'യോട് പറഞ്ഞു. എങ്കിലും ഈ വിവരം രേഖാമൂലം ജില്ലാ പട്ടികജാതി ഓഫീസറെ അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അപേക്ഷ സ്വീകരിക്കുന്ന സമയപരിധി രണ്ട് ദിവസംകൊണ്ട് അവസാനിക്കും. ഭൂരിപക്ഷം സ്‌കൂളില്‍നിന്ന് അപേക്ഷ സ്വീകരിച്ച് ജില്ലാ ഓഫീസിലേക്ക് അയച്ചുകഴിഞ്ഞു.


Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/