ആചാരസ്ഥാനികര്‍ക്കും കോലധാരികള്‍ക്കും സഹായധനം: അപേക്ഷ ക്ഷണിച്ചു

Posted on: 30 Jul 2010



കോഴിക്കോട്: മലബാര്‍ പ്രദേശത്തെ ക്ഷേത്രങ്ങളിലെയും കാവുകളിലെയും ആചാരസ്ഥാനികര്‍ക്കും കോലധാരികള്‍ക്കും സഹായധനം നല്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.

ആചാരസ്ഥാനികര്‍, അന്തിത്തിരിയന്‍, അച്ഛന്‍, കോമരം, വെളിച്ചപ്പാട്, കര്‍മി, തെയ്യം കെട്ടിയാടുന്ന കോലധാരികള്‍ എന്നിവര്‍ക്ക് പ്രതിമാസ സഹായധനം നല്‍കുന്നതാണ് പദ്ധതി. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമ്മീഷണറാണ് സഹായധനത്തിന് അപേക്ഷ ക്ഷണിച്ചത്.

ആചാരസ്ഥാനികര്‍ക്ക് പ്രതിമാസം 800 രൂപയും കോലധാരികള്‍ക്ക് 700 രൂപയുമാണ് സഹായധനം. ഒരു വര്‍ഷം കുറഞ്ഞത് 50 ദിവസമെങ്കിലും ബന്ധപ്പെട്ട പ്രവൃത്തി ചെയ്യുന്നവര്‍ സഹായധനത്തിന് അര്‍ഹരായിരിക്കും. കോലധാരികളില്‍ 50 വയസ്സ് പൂര്‍ത്തിയായവരെമാത്രമേ ആനുകൂല്യത്തിനായി പരിഗണിക്കുകയുള്ളൂ. മറ്റ് തൊഴിലുകളിലൊന്നും ഏര്‍പ്പെടാതെ വ്രതാനുഷ്ഠാനത്തോടെ മുഴുവന്‍ സമയ ആചാരസ്ഥാനം വഹിക്കുന്ന സ്ഥാനികര്‍ക്ക് പ്രായപരിധി ബാധകമായിരിക്കില്ല. സ്ഥിര വരുമാന ജോലിയുള്ളവര്‍, സര്‍വീസ് പെന്‍ഷണര്‍, മറ്റ് ക്ഷേമപെന്‍ഷനുകള്‍ കൈപ്പറ്റുന്നവര്‍, വാര്‍ഷിക വരുമാനം നിശ്ചിത പരിധിയില്‍ കൂടിയവര്‍, കുടുംബ/തറവാട് ക്ഷേത്രങ്ങളിലെ ആചാരസ്ഥാനികര്‍, കളിയാട്ടം, തെയ്യം, തിറ എന്നിവ നടക്കാത്തതും നിത്യവും വിളക്കുവെപ്പ് ഇല്ലാത്തതുമായ ക്ഷേത്രങ്ങളിലെ സ്ഥാനികര്‍ എന്നിവരെ സഹായധനത്തിനായി പരിഗണിക്കുന്നതല്ല.

നിശ്ചിത മാതൃകയിലുള്ള അപേക്ഷ ആഗസ്ത് 30-നകം ബന്ധപ്പെട്ട ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷയുടെ മാതൃകയ്ക്കും നിബന്ധനകള്‍ക്കും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കാസര്‍കോട്, തലശ്ശേരി, കോഴിക്കോട് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/