മലയാളികളില്‍നിന്ന് ഇരുതലയന്‍പാമ്പിനെ ഉപയോഗിച്ച് അഞ്ചുലക്ഷം തട്ടാന്‍ ശ്രമിച്ച നാലുപേര്‍ പിടിയില്‍

Posted on: 30 Jul 2010



പൊള്ളാച്ചി: മലയാളികളായ റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരെ ഇരുതലയന്‍പാമ്പിന്റെ പേരില്‍ അഞ്ചുലക്ഷം രൂപചോദിച്ച് ഭീഷണിപ്പെടുത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥനടക്കം നാലുപേര്‍ അറസ്റ്റില്‍. തട്ടിപ്പുസംഘത്തിലെ ഒരാള്‍ ഒളിവിലാണ്.

തേനിയിലുള്ള വനംവകുപ്പിന്റെ പരിശീലനകോളേജ് അധ്യാപകനായ ശിവകുമാര്‍, ബോഡിനായ്കനൂര്‍ സ്വദേശി യോഗരാജ് (32), ഗോപാലപുരം സ്വദേശി ശ്രീരാം (24), മേട്ടുപ്പാളയം ശിറുമുഖം സ്വദേശി ജോസ് (44) എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം പരപ്പനങ്ങാടിക്കാരായ അബൂബക്കര്‍ (36). സുന്ദരന്‍ (34), മോഹന്‍ദാസ് (45) എന്നിവരെയാണ് കബളിപ്പിക്കാന്‍ ശ്രമിച്ചത്.

സംഭവത്തെപ്പറ്റി പോലീസ് പറയുന്നത്: പല്ലടംറോഡില്‍ സ്ഥലംനോക്കാന്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ ജോസ് മൂവരെയും കൊണ്ടുപോയി. വില്‍ക്കാനുള്ള സ്ഥലം എന്നുപറഞ്ഞ് ഒരു ഒഴിഞ്ഞ പറമ്പ് കാണിച്ചു. അപ്പോള്‍ ഒരാള്‍വന്ന് ഒരുചാക്ക് കാറിന്റെ ഡിക്കിയില്‍ വെക്കാന്‍ ആവശ്യപ്പെട്ടു. വന്നയാള്‍ സ്ഥലമുടമയാണെന്നും ചാക്ക് ഡിക്കിയില്‍ ഇരുന്നോട്ടെ എന്നും ബ്രോക്കര്‍ ജോസ് പറഞ്ഞു.

അല്പംകഴിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥനടക്കമുള്ള തട്ടിപ്പുകാര്‍വന്ന് ചാക്ക് അഴിക്കാന്‍ ആവശ്യപ്പെട്ടു. ചാക്കില്‍ ഇരുതലയന്‍ പാമ്പിനെക്കണ്ടു. പാമ്പിനെ കടത്തിയതിന് കേസെടുക്കേണ്ടെങ്കില്‍ 5 ലക്ഷം രൂപ തരണമെന്ന് തട്ടിപ്പുസംഘം ആവശ്യപ്പെട്ടു. അവസാനം മൂന്നുലക്ഷത്തിന് ഉറപ്പിച്ച് ലോഡ്ജില്‍ എത്തി. ഈ സമയം അബൂബക്കര്‍ ഒളിപ്പിച്ചുവെച്ചിരുന്ന മൊബൈല്‍ഫോണില്‍ ചെന്നൈയിലുള്ള ബന്ധുവായ പോലീസ് സബ് ഇന്‍സ്‌പെക്ടറെ വിവരം അറിയിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ കോയമ്പത്തൂര്‍ പോലീസ് സൂപ്രണ്ടിന് വിവരം കൈമാറി. തുടര്‍ന്ന് പൊള്ളാച്ചി ഡി.എസ്.പി.യും സംഘവും ലോഡ്ജിലെത്തി തട്ടിപ്പുസംഘത്തെ അറസ്റ്റുചെയ്തു. ഇരുതലയന്‍പാമ്പിനെ കാറില്‍വെച്ചത് നീലഗിരിയിലെ ഡെപ്യൂട്ടി ഫോറസ്റ്റര്‍ നെടുഞ്ചെഴിയന്‍ ആണെന്നും സംഭവത്തെത്തുടര്‍ന്ന് ഇയാള്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.

വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ശിവകുമാര്‍ ഉദുമല്‍പേട്ടയില്‍ റേഞ്ചറായി ജോലിചെയ്യവെ ചന്ദനമരങ്ങള്‍ വെട്ടിക്കടത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇയാളെ തേനിയിലെ പരിശീലന കോളേജിലേക്ക് മാറ്റിയത്.

നെടുഞ്ചെഴിയനും ശിവകുമാറും ഉള്‍പ്പെട്ടസംഘം 5 പ്രാവശ്യം ഇതുപോലെ പലരെയും ഭീഷണിപ്പെടുത്തി പണംതട്ടിയെടുത്തതായി ചോദ്യംചെയ്യലില്‍ പറഞ്ഞതായി ഡി.എസ്.പി. മുത്തഴക് പറഞ്ഞു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/