തൃശ്ശൂര്‍: കെ.എസ്.എഫ്.ഇ. യില്‍ വ്യാജസ്വര്‍ണം പണയംവെച്ച് പതിനാലുലക്ഷത്തോളം രൂപ തട്ടിയ അഞ്ചംഗസംഘം പിടിയിലായി.
കെ.എസ്.എഫ്.ഇ.യുടെ ചെമ്പൂക്കാവിലെ ഹെഡ് ഓഫീസില്‍നിന്ന് രണ്ടുവര്‍ഷത്തിനുള്ളില്‍ പലതവണയായാണ് ഇത്രയും തുക കവര്‍ന്നത്.
അറസ്റ്റിലായ ഒരാള്‍ ഹെഡ് ഓഫീസില്‍ അപ്രൈസറായി കമ്മീഷന്‍ വ്യവസ്ഥയില്‍ ജോലിചെയ്യുന്ന ആളാണ്. ഇയാളുടെ ഒത്താശയോടെയായിരുന്നു തട്ടിപ്പ്.
അളഗപ്പനഗര്‍ വെണ്ണൂര്‍ ചാത്തപ്പായ് വീട്ടില്‍ സി.എസ്. ജയന്‍ (34), തൃശ്ശൂര്‍ പൂത്തോള്‍ എടതിരിഞ്ഞി സുഗതന്‍ (50), കെ.എസ്.എഫ്.ഇ.യില്‍ അപ്രൈസറായി ജോലിചെയ്യുന്ന പെരിഞ്ചേരി കടാമ്പുഴവീട്ടില്‍ പ്രതാപന്‍ (46), പടിഞ്ഞാറെകോട്ട പറമ്പക്കാട്ടില്‍ മച്ചാന്‍ എന്ന ജിജു, കോടന്നൂര്‍ ശാസ്താംകടവ് എലുവത്തിങ്കല്‍ സണ്ണി എന്ന താറാവു സണ്ണി (40) എന്നിവരാണ് അറസ്റ്റിലായത്.
പണയംവെയ്ക്കാനായി ഇവര്‍ പ്രത്യേകം സ്വര്‍ണാഭരണങ്ങള്‍ നിര്‍മ്മിക്കുകയായിരുന്നു.
ഉള്ളില്‍ ചെമ്പ് നിറച്ച ഒരുഗ്രാം സ്വര്‍ണാഭരണങ്ങളാണ് ഇത്തരത്തില്‍ നിര്‍മ്മിച്ചത്. ഇത് നിര്‍മ്മിച്ചു നല്‍കിയ തട്ടാന്‍ ഒളിവിലാണ്. കയ്യില്‍ എടുത്താല്‍ പോലും തട്ടിപ്പു മനസ്സിലാക്കാന്‍ സാധിക്കാത്ത രീതിയിലാണ് ആഭരണങ്ങളെന്ന് പോലീസ് പറഞ്ഞു.
പണയത്തിന് ആഭരണങ്ങളെടുക്കുമ്പോള്‍ കെ.എസ്.എഫ്.ഇ. അധികൃതര്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചില്ലെന്ന് ആരോപണമുണ്ട്.
ഒന്നോ രണ്ടോപേരാണ് വ്യാജസ്വര്‍ണാഭരണങ്ങളുമായി പണയം വെയ്ക്കാന്‍ എത്താറ്. തട്ടിപ്പില്‍ പങ്കാളിയായ അപ്രൈസറെ സ്വര്‍ണം കാണിക്കുന്നു. അയാള്‍ സാക്ഷ്യപ്പെടുത്തുന്നമുറയ്ക്ക് ഇവര്‍ക്ക് പണം നല്കുകയും ചെയ്യുന്നു. ഓഫീസില്‍ അധികമാരും ഇല്ലാത്ത സമയം നോക്കിയാണിവര്‍ തട്ടിപ്പിനെത്തുന്നത്.
ഓരോ തവണയും അറുപതിനായിരം മുതല്‍ ഒന്നേകാല്‍ ലക്ഷം രൂപവരെയാണ് തട്ടിയത്. ഇതില്‍ നല്ലൊരു ശതമാനം അപ്രൈസര്‍ക്കുള്ളതായിരുന്നു. ഈ ഓഫീസില്‍ മറ്റാരെങ്കിലും ഇത്തരത്തില്‍ കമ്മീഷന്‍ പറ്റിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇത്രയും വ്യാജ സ്വര്‍ണം പണയത്തിനെടുത്തിട്ടും കെ.എസ്.എഫ്.ഇ. അധികൃതര്‍ തട്ടിപ്പ് മനസ്സിലാക്കിയിരുന്നില്ല. പോലീസിനുകിട്ടിയ ഒരു അജ്ഞാത സന്ദേശമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.
ടെമ്പിള്‍ തെഫ്റ്റ് ഇന്‍വെസ്റ്റിഗേഷന്‍ സ്‌പെഷ്യല്‍ ടീം ആണ് കേസ് അന്വേഷിച്ചത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.
ഡിവൈഎസ്പി സി.എസ്. ഷാഹുല്‍ഹമീദ്, എസ്‌ഐ ടി.കെ. ഷൈജു, എ.എസ്.ഐ. മാരായ ഫിലിപ്പ് വര്‍ഗീസ്, മോഹനന്‍, അബ്ദുള്‍റഹീം, ഹെഡ്‌കോണ്‍സ്റ്റബിള്‍മാരായ എം.പി. മുഹമ്മദ്‌റാഫി, എം.പി. ഡേവിസ്, പോലീസുകാരായ സുനില്‍, ഉല്ലാസ് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.
തട്ടാനു പുറമെ സംഘത്തിലുള്ള മറ്റൊരാളെയും കൂടി പിടികൂടാനുണ്ട്. അയാള്‍ മറ്റു പല കേസുകളിലും പ്രതിയുമാണ്.