കാസര്‍കോട്ട് മോഷ്ടാക്കളുടെ താണ്ഡവം : വീട്ടില്‍നിന്ന് 20 പവന്‍ കവര്‍ച്ച

Posted on: 30 Jul 2010



കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ നാലിടത്ത് വ്യാഴാഴ്ച പുലര്‍ച്ചെ മോഷ്ടാക്കളുടെ താണ്ഡവം. പെരുമ്പള വേണൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാരംതകര്‍ത്ത് 4,000 രൂപ കവര്‍ന്നു. ശ്രീകൃഷ്ണവിഗ്രഹത്തിലുണ്ടായിരുന്ന വെള്ളി ഓടക്കുഴല്‍ പിന്നീട് സമീപത്തുനിന്ന് കണ്ടെടുത്തു. പള്ളിക്കര പള്ളിപ്പുഴ മിസ്‌രിയയുടെ വീട്ടില്‍നിന്ന് 20 പവന്‍ സ്വര്‍ണം കവര്‍ന്നു. കാസര്‍കോട് അണങ്കൂരിലെ സ്‌നേഹ ജ്വല്ലറിയിലും നഗരത്തിലെ ഒരു സൊസൈറ്റിയിലും ഷട്ടര്‍തകര്‍ത്ത് മോഷണശ്രമവും ഉണ്ടായി.

വേണൂര്‍ ഗോപാലകൃഷ്ണക്ഷേത്രത്തിന്റെ മുന്‍വശത്തെ പൂട്ട്തകര്‍ത്ത് അകത്തുകടന്ന് ഭണ്ഡാരം പൊളിക്കുകയായിരുന്നു. ഭണ്ഡാരം സമീപത്തെ കിണറ്റിന്‍കരയില്‍ പൂട്ടുപൊളിച്ചനിലയില്‍ കണ്ടെത്തി. വിഗ്രഹത്തിന്റെ പ്രഭാവലി നഷ്ടപ്പെട്ടില്ല. രാവിലെ പൂജാരി ഗോപാലകൃഷ്ണഭട്ട് നടതുറക്കാനെത്തിയപ്പോഴാണ് മുന്‍വശത്തെ പൂട്ട് നിലത്തുകിടക്കുന്നത് കണ്ടത്. ഉടന്‍ പോലീസും വിരലടയാളവിദഗ്ദ്ധരും സ്ഥലത്തെത്തി. രണ്ടുവര്‍ഷം മുമ്പാണ് ക്ഷേത്രപുനരുദ്ധാരണം നടത്തിയത്. ക്ഷേത്രമുറ്റത്തെ മതിലില്‍ വെച്ചിരുന്ന തുളസിച്ചട്ടി വലിച്ചെറിഞ്ഞ നിലയിലാണ്. ക്ഷേത്രഭണ്ഡാരം മോഷ്ടിക്കുന്ന സംഘമാണ് ഇതിനുപിന്നിലെന്ന് പോലീസ് സംശയിക്കുന്നു.

കാസര്‍കോട് അണങ്കൂരിലെ സ്‌നേഹ ജ്വല്ലറിയുടെ ഷട്ടര്‍ തകര്‍ത്ത് അകത്തുകടന്ന സംഘം ലോക്കര്‍ പൊളിക്കാനുള്ള ശ്രമംനടത്തിയെങ്കിലും വിജയിച്ചില്ല. പരിസരത്തുള്ളവരാണ് രാവിലെ ഷട്ടറിന്റെ പൂട്ട് തകര്‍ത്തനിലയില്‍ കണ്ടത്. പൊളിക്കാനുപയോഗിച്ച സ്​പാനര്‍ തൊട്ടടുത്ത് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ജ്വല്ലറിയുടമ വിദ്യാനഗറിലെ കെ.ശരവണ ഇതു സംബന്ധിച്ച് പോലീസില്‍ പരാതിനല്‍കി. അണങ്കൂരിലെ കെ.എസ്.മുഹമ്മദ് ഹാജിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ താഴത്തെനിലയിലാണ് ജ്വല്ലറി പ്രവര്‍ത്തിക്കുന്നത്.

പാദൂര്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട് താലൂക്ക് എംപ്ലോയീസ് കൊ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഷട്ടര്‍ തകര്‍ത്ത് അകത്തുകടന്നാണ് കവര്‍ച്ചശ്രമം നടത്തിയത്.

പള്ളിപ്പുഴ സ്‌കൂളിനടുത്തുള്ള മിസ്‌രിയയുടെ വീട്ടില്‍ പിന്‍വശത്തെ ഗ്രില്ലും കതകിന്റെപൂട്ടും തകര്‍ത്താണ് മോഷ്ടാവ് കടന്നത്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണവും പണവും കവര്‍ന്നു. അലമാരയുടെ താക്കോലെടുത്ത് തുറന്നാണ് പണവും മോഷ്ടിച്ചത്. മിസ്‌രിയയുടെ ഭര്‍ത്താവ് ഷംസുദ്ദീന്‍ ഗള്‍ഫിലാണ്. ഗൃഹനാഥയുടെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്തു. പോലീസ് നായയും വിരലടയാളവിദഗ്ദ്ധരും സ്ഥലത്തെത്തി അന്വേഷണം നടത്തി. ഹൊസ്ദുര്‍ഗ് സി.ഐ. ആണ് കേസ് അന്വേഷിക്കുന്നത്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/