164 ഏക്കര്‍ 14 കോടിക്ക് പാട്ടത്തിന്; 'കിന്‍ഫ്ര' നടപടി വിവാദത്തിലേക്ക്
Posted on: 30 Jul 2010
പി.പി.ശശീന്ദ്രന്‍
കണ്ണൂര്‍: താപനിലയത്തിനായി കണ്ണൂരിലെ ഇരിണാവില്‍ ഏറ്റെടുത്ത സ്ഥലം ഡല്‍ഹിയിലെ വ്യവസായ ഗ്രൂപ്പിന് ദീര്‍ഘകാലത്തേക്ക് 'കിന്‍ഫ്ര' (വ്യവസായത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്ന സര്‍ക്കാര്‍ സംവിധാനം) പാട്ടത്തിന് നല്‍കിയതില്‍ സാമ്പത്തിക ക്രമക്കേടുകളുണ്ടെന്ന ആക്ഷേപം ശക്തമാകുന്നു. വ്യവസായ വകുപ്പിന് നേരെയാണ് ആരോപണങ്ങള്‍ എല്ലാം.
13 വര്‍ഷം മുമ്പ് കെ.പി.പി. നമ്പ്യാരുടെ നേതൃത്വത്തിലുള്ള താപനിലയത്തിനായാണ് സ്ഥലം ഏറ്റെടുത്തത്. അതില്‍ 164.22 ഏക്കര്‍ സ്ഥലം 13.8 കോടി രൂപയ്ക്കാണിപ്പോള്‍ നോയിഡ ആസ്ഥാനമായുള്ള ജയപ്രകാശ് പവര്‍ വെന്‍ച്വര്‍ ലിമിറ്റഡ് എന്ന കമ്പനിക്ക് പാട്ടത്തിന് നല്‍കിയിരിക്കുന്നത്. 90 വര്‍ഷമാണ് പാട്ടക്കാലാവധി. കോടികള്‍ വിലമതിക്കുന്ന ഭൂമി ചെറിയ തുകയ്ക്ക് പാട്ടത്തിനാണെങ്കിലും കൈമാറിയതിന് പിന്നില്‍ ക്രമവിരുദ്ധ നടപടികള്‍ ഉണ്ടായി എന്നതാണ് പ്രധാന ആരോപണം.
കൈപ്പാട്, ചതുപ്പ് തീരം, ഉയര്‍ന്ന പ്രദേശം എന്നിങ്ങനെ സ്ഥല മേഖലയില്‍ വൈവിധ്യമുണ്ട്. ഇതുകാരണം 1997ല്‍ താപനിലയത്തിനായി സ്ഥലമേറ്റെടുത്തപ്പോള്‍ ഉടമകള്‍ക്ക് സെന്റ് ഒന്നിന് 706 രൂപ, 1974 രൂപ, 4974 രൂപ എന്നിങ്ങളെ കണക്കാക്കിയാണ് പ്രതിഫലം നല്‍കിയത്. 13 വര്‍ഷത്തിന് ശേഷം ഇതേ ഭൂമി പാട്ടത്തിനായി മറിച്ചുനല്‍കുമ്പോള്‍ ഇപ്പോഴത്തെ ഭൂമിയുടെ വിപണിവില 15 ഇരട്ടിവരെ വര്‍ധിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇവിടെ കൈപ്പാടിന് സെന്റിന് 10,000 രൂപയാണ് നടപ്പുവില. ചതുപ്പിന് ഒരു ലക്ഷവും ഉയര്‍ന്ന പ്രദേശത്തിന് ഒന്നര ലക്ഷം വരെയുമായാണ് വില്പന നടക്കുന്നത്. ഭൂമിവല ഇത്രയേറെ വര്‍ധിച്ചപ്പോഴും പാട്ടക്കരാറില്‍ 90 വര്‍ഷത്തേക്ക് കാണിച്ചിരിക്കുന്ന തുക 164 ഏക്കറിന് 13,84,94,298 രൂപ മാത്രമാണ്.
കല്‍ക്കരി ഉപയോഗിച്ചുള്ള താപ വൈദ്യുതി നിലയവും സിമന്റ് നിര്‍മാണ ഫാക്ടറിയും സ്ഥാപിക്കാനാണ് ജെ.പി. ഗ്രൂപ്പ് ഇവിടെ ലക്ഷ്യമിടുന്നത്. ഭൂമി കൈമാറ്റത്തെക്കുറിച്ച് വ്യാപകമായ ആരോപണങ്ങള്‍ നിലനില്‍ക്കെത്തന്നെ പ്രഖ്യാപിത പദ്ധതികള്‍ക്കെതിരെയും ജനരോഷം ഉയര്‍ന്നുകഴിഞ്ഞു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് കല്‍ക്കരി ഉപയോഗിച്ചുള്ള താപനിലയവും സിമന്റ് ഫാക്ടറിയും അനുവദിക്കില്ല എന്ന് പ്രതിഷേധക്കാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തും ഇവര്‍ക്കൊപ്പം പരസ്യമായി രംഗത്തിറങ്ങിയിട്ടുണ്ട്. പരിസര മലിനീകരണംതന്നെയാണ് പ്രധാനമായും ഉന്നയിക്കുന്ന കാരണം. 1500 കോടി രൂപയുടെ നിക്ഷേപമാണ് ജെ.പി. ഗ്രൂപ്പ് ഇവിടെ ലക്ഷ്യമിടുന്നത്.
ജനങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് കെ.പി.പി. നമ്പ്യാരുടെ താപനിലയം പദ്ധതി ആദ്യ ഘട്ടത്തില്‍ അനിശ്ചിതത്വത്തിലായത്. കെ.പി.പി. നമ്പ്യാര്‍ ചെയര്‍മാനായുള്ള കണ്ണൂര്‍ പവര്‍ പ്രോജക്ട് ലിമിറ്റഡിനുവേണ്ടി കല്ല്യാശ്ശേരി, പാപ്പിനിശ്ശേരി പഞ്ചായത്തുകളിലായി 176 ഏക്കര്‍ ഭൂമിയാണ് 'കിന്‍ഫ്ര' ഏറ്റെടുത്തത്. നിശ്ചിത സമയത്തിനകം പദ്ധതി പ്രാവര്‍ത്തികമാക്കാത്തതിനാല്‍ കെ.പി.പി.എല്ലുമായുള്ള കരാര്‍ കഴിഞ്ഞവര്‍ഷം റദ്ദാക്കി. എന്റോണ്‍, എല്‍പാസോ തുടങ്ങിയ കമ്പനികളുമായുള്ള പങ്കാളിത്തവും സി.പി.എമ്മിനകത്തെ ആഭ്യന്തര പ്രശ്‌നങ്ങളും പദ്ധതിയെ പിറകോട്ട് വലിക്കാന്‍ കാരണങ്ങളായി.
കെ.പി.പി.എല്ലുമായുള്ള കരാര്‍ റദ്ദാക്കിയശേഷം 'കിന്‍ഫ്ര' നടത്തിയ പുതിയ നീക്കങ്ങളാണിപ്പോള്‍ സംശയത്തിന്റെ നിഴലിലായിരിക്കുന്നത്. കരാറിന്റെ വിശദാംശങ്ങള്‍ വിവരാവകാശ നിയമമനുസരിച്ച് കിട്ടിയ മറുപടിയിലൂടെയാണ് പുറത്തറിയുന്നത്. ജെ.പി. ഗ്രൂപ്പിന് സ്ഥലം കൈമാറിയ കാര്യം മാത്രമാണ് കിന്‍ഫ്രയും വ്യവസായ വകുപ്പും പരസ്യമാക്കിയത്. എന്നാല്‍, ഇടപാടിലെ മറ്റു കാര്യങ്ങള്‍ അവര്‍ മറച്ചുവെച്ചു. ഭൂവുടമകളില്‍നിന്ന് ചെറിയ വിലയ്ക്ക് ഏറ്റെടുത്ത ഭൂമി വിപണിവിലയുമായി ഒരു താരതമ്യവുമില്ലാത്തവിധം മറിച്ചുകൊടുത്തതില്‍ വന്‍ അഴിമതി നടന്നതായാണ് പ്രധാന ആക്ഷേപം. സി.പി.എമ്മിനകത്തും ഇത് പുതിയ വിവാദത്തിന് വഴിതുറക്കുകയാണ്. ധാരണാപത്രത്തില്‍ പറഞ്ഞതിന്റെ ഇരട്ടിയോളം തുകയ്ക്കാണ് ഇടത്തട്ടുകാര്‍ ചേര്‍ന്ന് ഇടപാട് തരപ്പെടുത്തിയത് എന്നാണ് ആരോപണം.
അതിനിടെ ഭൂമിയുടെ യഥാര്‍ഥ വില കിട്ടണമെന്ന് ആവശ്യപ്പെട്ട് സ്ഥലമുടമകളും 'കിന്‍ഫ്ര'യ്ക്ക് എതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ്.
1997ല്‍ താപനിലയത്തിനുവേണ്ടി സ്ഥലം ഏറ്റെടുക്കുന്ന വേളയില്‍ സെന്റിന് 16,000 മുതല്‍ 65,000 വരെ രൂപയ്ക്കാണ് സമീപ പ്രദേശങ്ങളില്‍ ഭൂമി രജിസ്റ്റര്‍ചെയ്തത്. കളിസ്ഥലം ഉണ്ടാക്കാന്‍ പാപ്പിനിശ്ശേരി ഗ്രാമപ്പഞ്ചായത്ത് കൈപ്പാട് സ്ഥലം ഏറ്റെടുക്കാന്‍ നല്‍കിയത് സെന്റിന് 5000 രൂപയോളമാണ്. രേഖകളിലും ഇത്രയും പണം കാണിച്ചിട്ടുണ്ട്. അതേസമയം, ഒട്ടേറെ കര്‍ഷകരുടെ ചെമ്മീന്‍പാടങ്ങള്‍ക്ക് തുച്ഛ വിലയാണ് നല്‍കിയത്. പിന്നീട് കോടതി ഇടപെട്ടാണ് തുക അല്പം വര്‍ധിപ്പിച്ചത്.