പഞ്ചായത്ത് ഭൂമിയില്‍ ഭരണസമിതി അറിയാതെ സി.പി.എമ്മിന്റെ ടൂറിസം പദ്ധതി
Posted on: 30 Jul 2010
ബിജു പരവത്ത്
കണ്ണൂര്‍: വളപട്ടണം പുഴയുടെ തീരത്ത് സി.പി.എം. നിയന്ത്രണത്തിലുള്ള പാപ്പിനിശേരി ഇക്കോ ടൂറിസം സൊസൈറ്റി ലക്ഷ്യമിട്ടത് കോടികളുടെ ടൂറിസം പദ്ധതികള്‍. പഞ്ചായത്ത് ഭരണസമിതി അറിയാതെയാണ് പാപ്പിനിശ്ശേരി ഗ്രാമ പ്പഞ്ചായത്തിന്റെ ഭൂമിയില്‍ ഇത് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. കണ്ടല്‍ തീം പാര്‍ക്ക് ഇതിന്റെ സാമ്പിള്‍ മാത്രമായിരുന്നു.
പാര്‍ക്ക് നിര്‍മാണം വിവാദമായപ്പോള്‍ എല്ലാവരുടെയുംശ്രദ്ധ ഇവിടെമാത്രം ഒതുങ്ങി. സൊസൈറ്റി ലക്ഷ്യമിട്ട വന്‍പദ്ധതിക്ക് അടിസ്ഥാനസൗകര്യമൊരുക്കുന്നതിന് ഇതിനുചുറ്റും വ്യാപകമായി കണ്ടല്‍ നശിപ്പിച്ചിരുന്നു. ഇതില്‍ പ്രധാനമാണ് തുരുത്തിയിലേക്ക് നിര്‍മിച്ച റോഡ്. പക്ഷെ, കേന്ദ്രവും സംസ്ഥാനവും നിയോഗിച്ച ഒരു സമിതിയും ഇക്കാര്യം കണ്ടെത്തിയില്ല.
2009 മാര്‍ച്ച് 11നാണ് ഇക്കോ ടൂറിസം സൊസൈറ്റി റജിസ്റ്റര്‍ചെയ്തത്. ഇതിനായി സമര്‍പ്പിച്ച മെമ്മോറാണ്ടം ഓഫ് അസോസിയേഷനില്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനലക്ഷ്യവും എവിടെയൊക്കെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും വിശദമാക്കുന്നുണ്ട്. വളപട്ടണം പാലത്തിന് വടക്കേ കരയിലെ കണ്ടല്‍വനം, വാച്ചാല്‍തോട്, ഭഗത്‌സിങ് ഐലന്‍ഡ് എന്നിവയാണ് ടൂറിസം പദ്ധതിക്കായി സൊസൈറ്റി പ്രഖ്യാപിച്ചത്. എന്നാല്‍, ഇവയെല്ലാം പാപ്പിനിശ്ശേരി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. കണ്ടല്‍പാര്‍ക്ക് തുടങ്ങിയത് അനുമതിയില്ലാതെയാണെന്ന് വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടു പോലും പദ്ധതിക്ക് അനുമതിനല്‍കണമെന്നാവശ്യപ്പെട്ട് ഒരപേക്ഷപോലും സൊസൈറ്റി ഇതുവരെ പഞ്ചായത്തിന് നല്‍കിയിട്ടില്ല. ഒരുവര്‍ഷം മുമ്പ് റജിസ്റ്റര്‍ചെയ്യുകയും പ്രവര്‍ത്തനലക്ഷ്യം പ്രഖ്യാപിക്കുകയും ചെയ്തിട്ടും അനുമതിക്കായി ശ്രമിക്കാത്തതിന്റെ കാരണം ദുരൂഹമാണ്. ഒന്നിലേറെ ദ്വീപുകളുടെ കൂട്ടമാണ് നിറയെ തെങ്ങുകളുള്ള ഭഗതസിങ് ഐലന്‍ഡ്. ഓരോവര്‍ഷവും പഞ്ചായത്ത് ടെന്‍ഡര്‍ വിളിച്ച് ഇവിടെയുള്ള തേങ്ങയെടുക്കാനും കള്ള്‌ചെത്താനും അനുമതിനല്‍കാറുണ്ട്. എന്നാല്‍ ഈ ഭൂമി ഇതുവരെ ആര്‍ക്കും കൈമാറിയിട്ടില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി സി. രാജലക്ഷ്മി പറഞ്ഞു.
കണ്ടല്‍ പാര്‍ക്കിന്റെ പണിതുടങ്ങിയതിനുശേഷം വളപട്ടണം ചുങ്കത്തുനിന്ന് തുരുത്തിയിലേക്ക് ഏഴ് മീറ്റര്‍വീതിയില്‍ റോഡ് നിര്‍മിച്ചിട്ടുണ്ട്. റോഡ് കണ്ടല്‍ വനത്തിനുള്ളിലൂടെ പാര്‍ക്കിന്റെ പിന്‍ഭാഗത്ത് എത്തിച്ചേരും. ഏക്കര്‍ കണക്കിന് കണ്ടല്‍ച്ചെടികള്‍ നശിപ്പിച്ചാണ് ഇത്പണിതത്. സ്ഥലമുടമകള്‍ നിര്‍മിച്ച ശേഷം രണ്ടുമാസംമുമ്പ് മാത്രമാണ് ഈ റോഡ് പഞ്ചായത്തിനെ ഏല്പിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.നാരായണന്‍ പറഞ്ഞു. സൊസൈറ്റിയുടെ ഡയറക്ടര്‍ കൂടിയായ സമീപത്തെ ഒരു പ്രമുഖ വ്യവസായിയാണ് ഇത് നിര്‍മിച്ചെതെന്ന് നാട്ടുകാര്‍ പറയുന്നു. കോടികള്‍ ചെലവഴിച്ചുള്ള ഈ പദ്ധതികളൊക്കെയും സി.പി.എമ്മിന്റെ തണലില്‍ അനുമതിയില്ലാതെയാണ് നടന്നത്.