പത്ത് കോടി ഒപ്പുകളുമായി ബി.ജെ.പി. രാഷ്ട്രപതിക്ക് നിവേദനം നല്‍കി

ന്യൂഡല്‍ഹി: വിലക്കയറ്റം നിയന്ത്രിക്കാന്‍ സത്വര നടപടി ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുടെ പത്തുകോടി കൈയൊപ്പുകളുമായി ബി.ജെ.പി. നേതൃത്വം രാഷ്ട്രപതി പ്രതിഭാപാട്ടീലിനെ സന്ദര്‍ശിച്ച് നിവേദനം നല്‍കി.
എല്‍.കെ. അദ്വാനി, നിതിന്‍ ഗഡ്കരി, സുഷമാസ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി എന്നിവരുടെ നേതൃത്വത്തില്‍ പ്രകടനമായെത്തിയാണ് എം.പി.മാരും സംസ്ഥാന അധ്യക്ഷന്മാരും അടക്കമുള്ള ബി.ജെ.പി. നേതാക്കള്‍ രാഷ്ട്രപതിക്ക് നിവേദനം നല്‍കിയത്. പത്തുകോടി കൈയൊപ്പുകള്‍ ഒരു ലോറിയിലാണ് രാഷ്ട്രപതിഭവനില്‍ എത്തിച്ചത്. ഗോതമ്പ്, അരി, പഞ്ചസാര, പരിപ്പ്, പച്ചക്കറി എന്നിവയുടെ വിലകുറയ്ക്കാനുള്ള നടപടികൈക്കൊള്ളുക, പൂഴ്ത്തിവെപ്പുകാര്‍, കരിഞ്ചന്തക്കാര്‍, ബഹുരാഷ്ട്രകുത്തകകള്‍ എന്നിവരുടെ പ്രവര്‍ത്തനം നിരീക്ഷിച്ച് നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.