പ്രതിഷേധം പുറത്തേക്കും

Posted on: 30 Jul 2010


ഡി. ശ്രീജിത്ത്‌



ന്യൂഡല്‍ഹി:വിലക്കയറ്റ പ്രശ്‌നത്തില്‍ ഭരണകക്ഷിയും പ്രതിപക്ഷവും സ്വന്തംനിലപാടുകളില്‍ ഉറച്ചു നിന്നതോടെ തുടര്‍ച്ചയായ മൂന്നാം ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചു. വര്‍ഷകാലസമ്മേളനം നടത്തി നാലു ദിവസമായിട്ടും നടപടികളൊന്നും ഇതുവരെ നടന്നിട്ടില്ല. അതിനിടെ വിലക്കയറ്റത്തിനെതിരെയുള്ള പ്രതിഷേധം ഇടതു കക്ഷികളും ബി.ജെ.പി.യും സഭയ്ക്ക് പുറത്തേക്ക് വ്യാപിപ്പിച്ചു.

ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിനുള്ള അവതരണാനുമതിയും ചര്‍ച്ചയും സ്​പീക്കര്‍ മീരാകുമാര്‍ ബുധനാഴ്ച നിഷേധിച്ചു. ഇതേത്തുടര്‍ന്ന് ബി.ജെ.പി.യും ജെ.ഡി.യു.വും എസ്.പി.യും ആര്‍.ജെ.ഡി.യും അടക്കമുള്ള പ്രതിപക്ഷകക്ഷികള്‍ ചട്ടം 184 അനുസരിച്ച് വിലക്കയറ്റത്തെക്കുറിച്ച് ചര്‍ച്ച നടത്താന്‍ വ്യാഴാഴ്ച നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അത് ഉടനെ പരിഗണിക്കാനാവില്ലെന്ന് സ്​പീക്കര്‍ അറിയിച്ചതോടെയാണ് ബഹളം തുടങ്ങിയത്. രാജ്യസഭയില്‍ ചട്ടം 168 അനുസരിച്ചുള്ള ചര്‍ച്ച വേണമെന്ന ആവശ്യം വീണ്ടും പ്രതിപക്ഷം ഉന്നയിച്ചു. ഇരുസഭകളും ആദ്യം പന്ത്രണ്ടു മണിവരെയും പിന്നീട് ദിവസത്തേക്കും പിരിഞ്ഞു. അതേസമയം ഭരണപക്ഷവും പ്രതിപക്ഷവും ഉറച്ച നിലപാടുകളില്‍ തുടരുന്ന സ്ഥിതിക്ക് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള സാധ്യതകള്‍ അന്വേഷിക്കാന്‍ സ്​പീക്കര്‍ മീരാകുമാറിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കുക പോയിട്ട് കേള്‍ക്കാന്‍ പോലും കേന്ദ്രം മനസ്സുകാണിക്കുന്നില്ലെന്ന് സമാജ്‌വാദിപാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്കുറ്റപ്പെടുത്തി. സഭ തുടര്‍ച്ചയായി സ്തംഭിക്കുന്നതിന്റെ ഉത്തരവാദിത്വം സര്‍ക്കാറിനാണെന്നും അദ്ദേഹം ആരോപിച്ചു.

ലോക്‌സഭയില്‍ വ്യാഴാഴ്ച സഭ സമ്മേളിച്ച ഉടനെ ചട്ടം 184 പ്രകാരം ചര്‍ച്ച അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ എഴുന്നേറ്റു. ഇതേ വിഷയത്തില്‍ 193-ാം ചട്ടപ്രകാരം വോട്ടെടുപ്പില്ലാത്ത ചര്‍ച്ച നടത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുദീപ് ബന്ദോപാധ്യായ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ ആദ്യം അത്

പരിഗണിക്കണമെന്നും സ്​പീക്കര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് അനീതിയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. അടിയന്തരപ്രമേയമൊഴികെയുള്ള ഏതു ചര്‍ച്ചയും അനുവദിക്കാമെന്നാണ് കഴിഞ്ഞ ദിവസം സ്​പീക്കര്‍ വാഗ്ദാനം ചെയ്തിരുന്നതെന്ന് ബി.ജെ.പി. നേതാവ് സുഷമസ്വരാജ് പറഞ്ഞു. ബഹളത്തെത്തുടര്‍ന്ന് രാജ്യസഭ ആദ്യം ഉച്ചയ്ക്ക് 12 വരെ നിര്‍ത്തിവെച്ചു. പിന്നീട് സഭ സമ്മേളിച്ചെങ്കിലും തുടരാനായില്ല.

അതിനിടെ സഭ സമ്മേളിക്കുന്നതിന് മുമ്പ് വിലക്കയറ്റപ്രശ്‌നത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് ഇടതുപക്ഷവും സമാജ്‌വാദി പാര്‍ട്ടിയും പാര്‍ലമെന്റിന് മുന്നില്‍ ധര്‍ണനടത്തി. പാര്‍ലമെന്റിന്റെ മുഖ്യകവാടത്തിന് മുന്നിലാണ് ഇടതു എം.പി.മാര്‍ പ്രതിഷേധിച്ചത്. സീതാറാം യെച്ചൂരി, വൃന്ദാകാരാട്ട്, ബസുദേവ് ആചാര്യ, ഗുരുദാസ് ദാസ്ഗുപ്ത എന്നിവര്‍ ധര്‍ണയ്ക്ക് നേതൃത്വം നല്‍കി. ഇടതുപാര്‍ട്ടികളെ കൂടാതെ എ.ഐ.എ.ഡി.എം.കെ., ബി.ജെ.ഡി., ടി.ഡി.പി. തുടങ്ങിയ പാര്‍ട്ടികളും ധര്‍ണയില്‍ പങ്കെടുത്തു.ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പിന്നീട് സമാജ്‌വാദി അംഗങ്ങള്‍ അധ്യക്ഷന്‍ മുലായംസിങ്ങിന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റിന് മുന്നില്‍ ധര്‍ണനടത്തിയത്.

അതിനിടെ, സഭാ സ്തംഭനം ഒഴിവാക്കുന്നതിനുള്ള ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായി ഇടതുപക്ഷം മുന്നോട്ടുവന്നിട്ടുണ്ട്. വിലക്കയറ്റത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സര്‍ക്കാര്‍ തന്നെ സഭയില്‍ പ്രമേയം കൊണ്ടുവരിക എന്നതാണിത്. എന്നാല്‍ സര്‍ക്കാറും മുഖ്യ പ്രതിപക്ഷ കക്ഷിയായ ബി.ജെ.പി.യും ഈ നിര്‍ദേശത്തോട് യോജിക്കുമോയെന്ന് വ്യക്തമായിട്ടില്ല.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/