ശാന്തിഗിരിയില്‍ ആത്മീയ സമ്മേളനം: ദേശീയ പ്രചാരണങ്ങള്‍ക്ക് തുടക്കമായി
Posted on: 30 Jul 2010
തിരുവനന്തപുരം: ശാന്തിഗിരി ആശ്രമത്തില്‍ ആഗസ്ത് മുതല്‍ സപ്തംബര്‍ വരെ നടക്കുന്ന പര്‍ണശാല ആഘോഷങ്ങളുടെ ഭാഗമായി ശാന്തിഗിരിയില്‍ സംഘടിപ്പിക്കുന്ന ആത്മീയ സമ്മേളനത്തിന്റെ ദേശീയതല പ്രചാരണങ്ങള്‍ക്ക് ഡല്‍ഹിയില്‍ തുടക്കമായി. ഡല്‍ഹി ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് മൗലാന വാഹിദ് ഉദീന്‍ഖാന്റെ വസതി ശാന്തിഗിരിയിലെ സന്ന്യാസി സംഘം സന്ദര്‍ശിച്ചുകൊണ്ടാണ് പ്രചാരണ പ്രവര്‍ത്തനം ആരംഭിച്ചത്.
ദേശീയ പ്രചാരണത്തിന്റെ ഭാഗമായി അമൃതസര്‍, ഋഷികേശ്, ബദരിനാഥ്, പത്തേഫൂര്‍സിക്രി, ജയ്പുര്‍, ഗ്വോളിയോര്‍, ഖ്വജോറി, അജ്മീര്‍, ജയ് സല്‍മര്‍, ജോധ്പുര്‍, മൗണ്ട്അബു, ദ്വാരക, പോര്‍ബന്തര്‍, സോമനാഥ്, ഉജ്ജയ്ന്‍, സാഞ്ചി, ഖജുരാഹോ, വാരണസി, അയോധ്യ, രാജ്ഗിര്‍, ഗയ, കൊല്‍ക്കത്ത, പുരി, കൊണാര്‍ക്ക്, വിശാഖപട്ടണം, നാഗാര്‍ജ്ജുനസാഗര്‍, തിരുപ്പതി പ്രശാന്തിനിലയം, മധുരൈ, തഞ്ചാവൂര്‍, പോണ്ടിച്ചേരി, തിരിച്ചിറപ്പള്ളി, ചെന്നൈ, കന്യാകുമാരി എന്നിവയുള്‍പ്പെടെ ഭാരതത്തിലെ പ്രമുഖ ആത്മീയ, സാംസ്‌കാരിക പൈതൃക കേന്ദ്രങ്ങള്‍ പ്രചാരണ സംഘം സന്ദര്‍ശിക്കും. ഉത്തരഭാരതത്തിലെ പ്രചാരണ സംഘത്തിന് സ്വാമി ഗുരുചന്ദ് ജ്ഞാനതപസ്വിയും ദക്ഷിണ ഭാരതത്തില്‍ നടക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വാമി വന്ദനരൂപന്‍ ജ്ഞാനതപസ്വിയും നേതൃത്വം നല്‍കും.
കാലാവസ്ഥ വ്യതിയാനം, ആഗോളതാപനം, സുസ്ഥിര വികസനം, മതാതീത ആത്മീയത എന്നീ വിഷയങ്ങളെ അധികരിച്ച് യുനസ്‌കോ, ടെറി, ശാന്തിഗിരി റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സപ്തംബര്‍ ആദ്യവാരം ശാന്തിഗിരിയില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായാണ് ആത്മീയ സമ്മേളനം നടക്കുന്നത്. ഇന്ത്യയിലെ പ്രമുഖ നോണ്‍ഗവണ്‍മെന്റ് ഓര്‍ഗനൈസേഷനുകള്‍ സംബന്ധിക്കുന്ന എന്‍.ജി.ഒ. മീറ്റും ഇതോടനുബന്ധിച്ച് നടക്കും.