എട്ട് ജില്ലാപഞ്ചായത്തുകളില്‍ വാര്‍ഡ് വിഭജനത്തിന്റെ കരട് റിപ്പോര്‍ട്ടായി

Posted on: 30 Jul 2010



തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി എട്ട് ജില്ലാ പഞ്ചായത്തുകളുടെ വാര്‍ഡ് പുനര്‍വിഭജന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കാസര്‍കോട് ജില്ലാ പഞ്ചായത്തുകളുടെ റിപ്പോര്‍ട്ടാണ് പ്രസിദ്ധീകരിച്ചത്. ജില്ലാ കളക്ടറേറ്റിലും ജില്ലാ പഞ്ചായത്തോഫീസിലും ബന്ധപ്പെട്ട ബ്ലോക്ക്- ഗ്രാമപ്പഞ്ചായത്തോഫീസുകളിലും റിപ്പോര്‍ട്ട് പരിശോധനയ്ക്ക് ലഭിക്കും. കരട് നിര്‍ദ്ദേശം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും ആഗസ്ത് അഞ്ചിനകം ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കണം. പരാതികള്‍ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ നേരിട്ട് സ്വീകരിക്കില്ല.

ബ്ലോക്ക് പഞ്ചായത്ത് പുനഃസംഘടന, വാര്‍ഡ് പുനര്‍വിഭജനം എന്നിവ സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസുകള്‍ നിലവിലുള്ളതുകാരണമാണ് മറ്റ് ജില്ലാ പഞ്ചായത്തുകളുടെ കരട് റിപ്പോര്‍ട്ട് ഇപ്പോള്‍ പ്രസിദ്ധീകരിക്കാത്തത്.

ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് പുനര്‍വിഭജനം സംബന്ധിച്ച് ആക്ഷേപം സമര്‍പ്പിച്ചവരുടെ പരാതികള്‍ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ജൂലായ് 30, 31 തീയതികളില്‍ നേരിട്ട് കേള്‍ക്കും.

കരട്പട്ടിക പ്രസിദ്ധീകരിച്ച 136 ബ്ലോക്ക് പഞ്ചായത്തുകളിലെ ആക്ഷേപങ്ങളുടെ ഹിയറിങ് തിരുവനന്തപുരം, വെള്ളയമ്പലത്തുള്ള ഗ്രാമപ്പഞ്ചായത്ത് അസോസിയേഷന്‍ ഹാളിലാണ് നടക്കുക. ജൂലായ് 30ന് കാസര്‍കോട് മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളിലെയും 31-ന് എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെയും പരാതികള്‍ കേള്‍ക്കും. പുതിയ പരാതികള്‍ സ്വീകരിക്കില്ലെന്ന് ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/