അട്ടപ്പാടി: അന്വേഷണം നീട്ടുന്നത് കുറ്റക്കാരെ സഹായിക്കാന്‍ -പ്രതിപക്ഷം
Posted on: 30 Jul 2010
തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസികളുടെ ഭൂമിതട്ടിയെടുത്ത സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പലകാരണങ്ങള്‍ പറഞ്ഞ് നീട്ടിവെയ്ക്കുന്നത് കുറ്റക്കാരെ സംരക്ഷിക്കാനാണെന്നും ചില ഉന്നതര്‍ക്ക് ഈ ഇടപാടില്‍ പങ്കുണ്ടെന്നും പ്രതിപക്ഷ നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ആറുമുതല്‍ ഏട്ടിരട്ടിവരെ അധികവിലയ്ക്കാണ് ഭൂമി മറിച്ചുവിറ്റതെന്ന് ഇതേക്കുറിച്ച് അന്വേഷണം നടത്തിയ ഐ.റ്റി.ഡി പ്രോജക്ട് ഡയറക്ടറും ജില്ലാ കളക്ടറും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടിന്‍മേല്‍ നടപടിയെടുത്തില്ല. നടപടിയെടുത്താല്‍ സര്‍ക്കാരിന്റെ മുഖം നഷ്ടപ്പെടും. അത് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പ്രശ്‌നമാകും. ചീഫ്‌സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഒരുമാസത്തെ കാലാവധി കൊടുത്തിട്ടുണ്ട്. തട്ടിപ്പു നടത്തിയവരെ സംരക്ഷിക്കാനുള്ള ശ്രമമാണിത് -പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു.
നാല്‍പ്പതുവര്‍ഷമായി ആദിവാസികള്‍ അനുഭവിക്കുന്ന ഭൂമി, കള്ളപ്രമാണമുണ്ടാക്കി 'സാര്‍ജന്റ് റിയാലിറ്റി ' എന്ന കമ്പനിയ്ക്ക് പതിച്ചുനല്‍കിയ ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പ്രമാണങ്ങള്‍ റദ്ദാക്കണമെന്നും കെ.എം.മാണി ആവശ്യപ്പെട്ടു. ഈ കമ്പനിയ്ക്ക് കോടതിയില്‍പ്പോയി സ്റ്റേ വാങ്ങാനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളതെന്ന് സി.ടി.അഹമ്മദാലി ആരോപിച്ചു. സ്വന്തം ജില്ലാ കളക്ടറെപ്പോലും വിശ്വസിക്കാത്ത ഗവണ്‍മെന്റ് കള്ളപ്രമാണങ്ങളെ സാധൂകരിക്കുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.