അട്ടപ്പാടി: സമഗ്രാന്വേഷണത്തെ പ്രതിപക്ഷം ഭയപ്പെടുന്നു -മന്ത്രിമാര്‍
Posted on: 30 Jul 2010
തിരുവനന്തപുരം: അട്ടപ്പാടി സംഭവത്തില്‍ സമഗ്രാന്വേഷണം നടക്കുന്നത് പ്രതിപക്ഷത്തെ ഭയപ്പെടുത്തുകയാണെന്ന് മന്ത്രിമാരായ എ.കെ.ബാലനും കെ.പി.രാജേന്ദ്രനും പത്രസമ്മേളനത്തില്‍ പറഞ്ഞു. ആദിവാസികള്‍ക്ക് ഭൂമി നല്‍കാനുള്ള സര്‍ക്കാര്‍ പദ്ധതികളെ തുരങ്കം വെയ്ക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ ശ്രമിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അട്ടപ്പാടി സംഭവത്തില്‍ പ്രാഥമികാന്വേഷണം നടത്തിയ ജില്ലാ കളക്ടര്‍ സമഗ്രാന്വേഷണത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. അതനുസരിച്ചാണ് അന്വേഷണം നടത്താന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയ്ക്ക് സര്‍ക്കാര്‍ രൂപം കൊടുത്തത്. ഈ അന്വേഷണത്തിലൂടെ പല കാര്യങ്ങളും വെളിച്ചത്തുവരുമെന്ന് പ്രതിപക്ഷം ഭയപ്പെടുന്നു. അതുകൊണ്ടാണ് കളക്ടറുടെ റിപ്പോര്‍ട്ടിന്‍മേല്‍ നടപടിയെടുക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം നടപടിയെടുത്താല്‍ കോടതിയില്‍ നിലനില്‍ക്കില്ല. അതുകൊണ്ടാണ് സര്‍ക്കാര്‍ സമഗ്രഅന്വേഷണം പ്രഖ്യാപിച്ചത്.
മറ്റേത് സര്‍ക്കാരിനെക്കാളും ആദിവാസികള്‍ക്ക് ക്ഷേമപദ്ധതികള്‍ നടപ്പിലാക്കിയ സര്‍ക്കാരാണിത്. പട്ടികജാതി-പട്ടിക വര്‍ഗവിഭാഗക്കാര്‍ക്കിടയില്‍ എല്‍.ഡി.എഫ് അനുകൂല തരംഗമാണുള്ളത്. ആദിവാസി ഭൂമിയില്‍ അഞ്ചേക്കറിലധികം കൈവശം വയ്ക്കുന്നവരില്‍ നിന്ന് ഭൂമി പിടിച്ചെടുത്ത് വിതരണം ചെയ്യാനുള്ള 1999-ലെ നിയമത്തിന് സുപ്രീംകോടതിയുടെ സാധൂകരണം വന്നത് ഇപ്പോഴാണ്. അതനുസരിച്ച് ഭൂമി പിടിച്ചെടുത്ത് വിതരണം ചെയ്യാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. അട്ടപ്പാടിയില്‍ രണ്ട്‌പ്ലോട്ടുകള്‍ വിതരണം ചെയ്തുകഴിഞ്ഞു. അത് തുടരും. എന്നാല്‍ ഇത്തരം പദ്ധതികളെ തുരങ്കംവെയ്ക്കാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണ്. കേന്ദ്ര വനാവകാശ നിയമപ്രകാരം ആദിവാസികള്‍ക്ക് ഭൂമി നല്‍കിയ പരിപാടിപോലും സംഘടിതമായി എതിര്‍ക്കാനും അതിനെതിരെ വ്യാജപ്രചാരണങ്ങള്‍ നടത്താനും ചില പാര്‍ട്ടികള്‍ ശ്രമം നടത്തുന്നു. കഴിഞ്ഞദിവസം തിരുവനന്തപുരത്തെ വിതുരയില്‍ കോണ്‍ഗ്രസ് നേതാവിന്റെ ആഹ്വാനപ്രകാരം, ഭൂമിവിതരണ പരിപാടി തടസ്സപ്പെടുത്താന്‍ ശ്രമമുണ്ടായി -മന്ത്രിമാര്‍ പറഞ്ഞു.