മോഡിയെ സി.ബി.ഐ. ചോദ്യം ചെയേ്തക്കും

Posted on: 30 Jul 2010



ജോഹ്‌രിക്കും പാണ്ഡെയ്ക്കും സമന്‍സ്


അഹമ്മദാബാദ്: സൊറാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ വധക്കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ ചോദ്യം ചെയ്യുമെന്ന് സൂചന. അന്വേഷണസംഘം ഇതിനായി സി.ബി.ഐ. ആസ്ഥാനത്തു നിന്ന് അനുമതി തേടുമെന്നാണറിയുന്നത്. അതേസമയം ഗുജറാത്തിലെ മുന്‍പോലീസ് മേധാവി പി.സി. പാണ്ഡെയെയും സൊറാബുദ്ദീന്‍ കേസ് നേരത്തേ അന്വേഷിച്ച സംസ്ഥാന പോലീസ് സംഘത്തിന് നേതൃത്വം നല്‍കിയ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഗീതാ ജോഹ്‌രിയെയും സി.ബി.ഐ. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. സംസ്ഥാന പോലീസ് അന്വേഷണം നടത്തിയ കാലത്ത് ഡി.ജി.പി. ആയിരുന്നു പാണ്ഡെ.

കേസില്‍ അറസ്റ്റിലായി സബര്‍മതി ജയിലില്‍ കഴിയുന്ന മുന്‍ ആഭ്യന്തര സഹമന്ത്രി അമിത് ഷായെ സി.ബി.ഐ. സംഘം ബുധനാഴ്ചയും വ്യാഴാഴ്ചയും ചോദ്യം ചെയ്തു. കോടതിയുടെ അനുമതിയോടെ ജയിലില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ഷാ സഹകരിച്ചില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും 'അറിയില്ല', 'ഓര്‍മയില്ല' തുടങ്ങിയ മറുപടികള്‍ മാത്രമാണ് ഷാ നല്‍കിയതെന്നാണ് സൂചന. കോടതിനിര്‍ദേശമനുസരിച്ച് ചോദ്യം ചെയ്യല്‍ നടപടികള്‍ വീഡിയോയില്‍ പകര്‍ത്തുന്നുണ്ട്. ഇയാളെ മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനാണ് കോടതി അനുമതി.

സൊറാബുദ്ദീന്‍ കേസില്‍ സംസ്ഥാന പോലീസ് നടത്തിയ അന്വേഷണം അട്ടിമറിക്കാന്‍ നടന്ന ശ്രമങ്ങളെപ്പറ്റി അറിയാനാണ് നരേന്ദ്രമോഡിയെ ചോദ്യം ചെയ്യാന്‍ സി.ബി.ഐ. ഉദ്ദേശിക്കുന്നത്. അങ്ങനെയെങ്കില്‍ ഇക്കൊല്ലം മോഡി നേരിടുന്ന രണ്ടാമത്തെ ചോദ്യം ചെയ്യലാകുമത്. നേരത്തേ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി നിയോഗിച്ച പ്രത്യേകാന്വേഷണ സംഘം അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.

ഗീതാ ജോഹ്‌രിയോട് ആഗസ്ത് പത്തിനും പി.സി. പാണ്ഡെയോട് 11നും ഹാജരാവാനാണ് സി.ബി.ഐ. ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ രാജ്‌കോട്ടില്‍ പോലീസ് കമ്മീഷണറായി പ്രവര്‍ത്തിക്കുന്ന ജോഹ്‌രിയെ സൊറാബുദ്ദീന്‍ കേസില്‍ മുമ്പ് രണ്ട് തവണ സി.ബി.ഐ. ചോദ്യം ചെയ്തിട്ടുണ്ട്. പാണ്ഡെയെ ചോദ്യം ചെയ്യാന്‍ വിളിക്കുന്നത് ആദ്യമായാണ്.

ഗീതാ ജോഹ്‌രിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ ജനവരിയില്‍ കേസ് സി.ബി.ഐ.യെ ഏല്പിച്ചുകൊണ്ട് ഉത്തരവിട്ടപ്പോഴായിരുന്നു അത്. സംസ്ഥാന സംഘത്തിന്റെ അന്വേഷണം നിഷ്പക്ഷമല്ലെന്നും പരസ്​പരവിരുദ്ധമായ നടപടി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നും സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. എന്നാല്‍, ഡി.ഐ.ജി. ഡി.ജി. വന്‍സാരയടക്കം മൂന്ന് ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവുകള്‍ ശേഖരിച്ചത് ജോഹ്‌രിയുടെ സംഘമാണ്. മൂവരുമിപ്പോള്‍ വിചാരണത്തടവിലാണ്.

അതിനിടെ, സൊറാബുദ്ദീന്‍ കേസില്‍ സി.ബി.ഐ.ക്ക് വേണ്ടി ഹാജരാവാന്‍ പ്രഗല്ഭ അഭിഭാഷകന്‍ കെ.ടി.എസ്. തുളസിയെ ചുമതലപ്പെടുത്തി. കേസില്‍ മുന്‍മന്ത്രി അമിത് ഷായ്ക്ക് വേണ്ടി രാംജേഠ്മലാനി ഹാജരാവുന്നത് കണക്കിലെടുത്താണിത്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/