പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേരളം ആവശ്യപ്പെട്ടിട്ടില്ല -മന്ത്രി ചിദംബരം

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരളസര്‍ക്കാറിന്റെ അപേക്ഷ കേന്ദ്രത്തിന് ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി പി. ചിദംബരം പറഞ്ഞു. പാര്‍ലമെന്റിനു പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ ടി.ജെ. ജോസഫിന്റെ കൈവെട്ടിയ സംഭവത്തിനു പിറകില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന പോലീസിന്റെ കണ്ടെത്തലിനെത്തുടര്‍ന്ന് ഈ സംഘടനയെ നിരോധിക്കണമോ എന്ന കാര്യത്തില്‍ സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും നിലപാടെന്താണെന്ന് ജൂലായ് പതിമ്മൂന്നിന് കേരള ഹൈക്കോടതി അന്വേഷിച്ചിരുന്നു. ഈ വിഷയത്തില്‍ കോണ്‍ഗ്രസും കേന്ദ്രവും നിലപാട് വ്യക്തമാക്കണമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടിരുന്നു.
ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.)യുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്ന കാര്യം തീരുമാനിക്കാനാകൂ എന്നാണ് കോടിയേരി അറിയിച്ചത്. കേരളത്തിലെ തീവ്രവാദസംഭവങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നത് എന്‍.ഐ.എ. ആയതുകൊണ്ട് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ അവരുടെ കൈവശമാവും ഉള്ളത്. ഏതെല്ലാം അന്തരാഷ്ട്ര ഭീകരസംഘടകളുമായി അവര്‍ക്ക് ബന്ധമുണ്ട് എന്ന കാര്യവും അവര്‍ വെളിപ്പെടുത്തണം-അദ്ദേഹം പറഞ്ഞു. പോപ്പുലര്‍ ഫണ്ടിന്റെ വിദേശ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും അന്വേഷിക്കാന്‍ കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കോടിയേരി പറഞ്ഞു.
എന്നാല്‍ സംസ്ഥാനസര്‍ക്കാര്‍ ഇതുസംബന്ധിച്ച ഒരാവശ്യവും കേന്ദ്രസര്‍ക്കാറിനുമുന്നില്‍ വെച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ചില പ്രസ്താവനകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഔപചാരികമായി അപേക്ഷ ലഭിക്കാതെ കേന്ദ്രത്തിന് അന്വേഷണത്തിനോ നടപടിക്കോ ഉത്തരവിടാനാവില്ല- സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു.