ആരോഗ്യരംഗത്ത് കേരളം ഏറ്റവും പിന്നില്‍

Posted on: 30 Jul 2010



ദക്ഷിണേന്ത്യയില്‍ കേരളം ഏറ്റവും പിന്നില്‍
94 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ കുറവ്


ന്യൂഡല്‍ഹി: ആരോഗ്യരംഗത്ത് വികസിത രാജ്യങ്ങളുടെ നിലവാരംകൈവരിച്ചിരുന്ന കേരളം ഇക്കാര്യത്തില്‍ പിറകോട്ടുപോകുന്നതായി റിപ്പോര്‍ട്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളമാണ് ഏറ്റവും പിന്നില്‍. സംസ്ഥാനത്ത് 186 പ്രാഥമിക ആരോഗ്യ ഉപകേന്ദ്രങ്ങളുടെയും 94 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെയും കുറവുണ്ടെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അധികൃതര്‍ വെളിപ്പെടുത്തിയത്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ കേരളത്തില്‍ മാത്രമാണ് ആവശ്യത്തിന് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ ഇല്ലാത്തത്. കര്‍ണാടകം, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ ആരോഗ്യ സ്ഥാപനങ്ങളുടെ എണ്ണം ആവശ്യത്തിലും കൂടുതലാണ്.

ഛത്തിസ്ഗഢ്, ഗുജറാത്ത്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, സിക്കിം, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും ഗ്രാമീണമേഖലകളില്‍ മികച്ച ചികിത്സാ സൗകര്യം ലഭ്യമാണ്. ബിഹാര്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ നില ഏറെ പരിതാപകരമാണ്. ബിഹാറില്‍ 6,101 ഉപകേന്ദ്രങ്ങളുടെയും 713 ആരോഗ്യകേന്ദ്രങ്ങളുടെയും കുറവാണുള്ളത്. സംസ്ഥാന സര്‍ക്കാറിനാണ് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ ചുമതല.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/