ഇടമലയാര്‍ കേസ്: അന്തിമവാദം സപ്തംബര്‍ 14 മുതല്‍

Posted on: 30 Jul 2010



ന്യൂഡല്‍ഹി: ഇടമലയാര്‍ കേസില്‍ മുന്‍ വൈദ്യുതി മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയെ വിട്ടയച്ച ഹൈക്കോടതി നടപടിക്കെതിരെ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ സപ്തംബര്‍ 14-ന് അന്തിമവാദം തുടങ്ങും. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്ത് ഹാജരാക്കുന്നതിന് കൂടുതല്‍ സമയം ചോദിക്കരുതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ പി. സദാശിവം, ബി. എസ്. ചൗഹാന്‍ എന്നിവരടങ്ങിയ ബെഞ്ച് കേസ് നീട്ടിയത്.

നേരത്തേ കേസെടുത്തപ്പോള്‍ത്തന്നെ രേഖകള്‍ കോടതിയില്‍ നിന്നു പൂര്‍ണമായും ലഭിച്ചിട്ടില്ലെന്ന് കക്ഷികള്‍ കോടതിയെ അറിയിച്ചു. 50000-ലധികം വരുന്ന രേഖകളില്‍ 4000-ഓളം പേജുകള്‍ മാത്രമാണ് ലഭിച്ചതെന്ന് സ്റ്റാന്‍ഡിങ് കോണ്‍സല്‍ അഡ്വ. പി. വി. ദിനേശ് വ്യക്തമാക്കി. തുടര്‍ന്നാണ്, കേസ് നീട്ടിയത്.

രേഖകള്‍ തര്‍ജമ ചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്നും അന്തിമ വാദം അഞ്ചു മാസത്തേക്ക് നീട്ടണമെന്നും ആവശ്യപ്പെട്ട് ഈ മാസം എട്ടിനു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതു വിവാദമായതിനെത്തുടര്‍ന്ന് അപേക്ഷ പിറ്റേന്നുതന്നെ പിന്‍വലിച്ചു. ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ തന്നെ കേസിന്റെ അന്തിമവാദം തുടങ്ങാന്‍ നിര്‍ദേശം ലഭിച്ചതായി സുപ്രീംകോടതി രജിസ്ട്രാര്‍ സ്റ്റാന്‍ഡിങ് കോണ്‍സലിനെ അറിയിച്ചു.

മുമ്പ് കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാകാതിരുന്നത് വിവാദമായിരുന്നു. ഹാജരാകാന്‍ ആദ്യം നിയോഗിക്കപ്പെട്ട സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി. പ്രകാശായിരുന്നു. വിവാദമുണ്ടായപ്പോള്‍ അദ്ദേഹത്തിന് പകരം പി.വി. ദിനേശിന് ചുമതല നല്‍കി. രേഖകള്‍ ഹാജരാക്കാത്തതിന്റെ പേരില്‍ മുമ്പും കേസ് മാറ്റിവെച്ചിരുന്നു.

ഇടമലയാര്‍ കേസില്‍ മുന്‍ വൈദ്യുതി മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള, കെ.എസ്.ഇ.ബി. ചെയര്‍മാന്‍ ആര്‍. രാമഭദ്രന്‍ നായര്‍, മുഖ്യ കരാറുകാരന്‍ പി. കെ. സജീവന്‍ എന്നിവരെ വിട്ടയച്ച ഹൈക്കോടതി വിധിക്കെതിരെയാണ് മുഖ്യമന്ത്രി വി. എസ്. അച്ച്യുതാനന്ദന്‍ സുപ്രീംകോടതിയെ സമീപിച്ചത്. വി. എസ്സിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ശാന്തിഭൂഷനാണ് സുപ്രീംകോടതിയില്‍ ഹാജരാകുന്നത്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/